Kerala

കളിക്കാന്‍ ഗ്രൗണ്ടില്ല; 50 സെൻ്റ് സ്ഥലം വാങ്ങാനൊരുങ്ങി നാട്ടിലെ ചെറുപ്പക്കാര്‍

Published

on

കാസര്‍കോട്: കളിക്കാന്‍ ഗ്രൗണ്ടില്ലെന്ന പരിഭവത്തിന് പരിഹാരമൊരുക്കാന്‍ ഒടുവില്‍ നാട്ടിലെ ചെറുപ്പക്കാര്‍ മുന്നിട്ടിറങ്ങുന്നു. മടിക്കൈ പൂത്തക്കാലിലാണ് ജനകീയ പങ്കാളിത്തത്തോടെ റെഡ് സ്റ്റാര്‍ ക്ലബ്ബിൻ്റെ നേതൃത്വത്തില്‍ സ്ഥലം വാങ്ങുന്നത്. സംഭാവനയായി പണം കിട്ടാനുള്ള പ്രയാസം തിരിച്ചറിഞ്ഞ് സമ്മാന പദ്ധതി ആവിഷ്‌കരിച്ചതോടെ നൂറുകണക്കിന് ആളുകള്‍ പിന്തുണയുമായി എത്തുകയും ചെയ്തു.

65 മെമ്പര്‍മാരുള്ള ക്ലബ്ബിലെ അംഗങ്ങള്‍ വിദൂര ജില്ലകളിലുള്ളവരെ പോലും ചേര്‍ത്തിട്ടുണ്ട്. കബഡിയിലും കായിക വിനോദങ്ങളിലും ശ്രദ്ധേയമായ നാട്ടില്‍ നിലവില്‍ സ്വകാര്യ വ്യക്തിയുടെ സ്ഥലത്താണ് ഇവർ പരിശീലിക്കുന്നത്. സമീപത്തെ മൈലാട്ടിപ്പാറയില്‍ സര്‍ക്കാര്‍ ഭൂമി അനുവദിക്കണമെന്ന ആവശ്യവുമായി ജനപ്രതിനിധികളെ സമീപിച്ചെങ്കിലും, ഭൂമി പതിച്ച് കൊടുത്തതായി വ്യക്തമായതോടെയാണ് വില കൊടുത്ത് ഭൂമി വാങ്ങാന്‍ തീരുമാനിച്ചത്.

മടിക്കൈ പഞ്ചായത്തിലെ പൂത്തകാലില്‍ കളിസ്ഥലം വേണമെന്ന് ആവശ്യം ശക്തമായതോടെയാണ് ഒരു വര്‍ഷം മുമ്പ് മയിലാട്ടിപ്പാറയിലെ റവന്യൂ ഭൂമി പ്രയോജനപ്പെടുത്തി തരണമെന്ന് ചെറുപ്പക്കാര്‍ ആവശ്യപ്പെട്ട് രംഗത്തെത്തിയത്. മടിക്കൈ ഗവ.ഹയര്‍ സെക്കൻ‍ഡറി സ്‌കൂളിന്റെ ഗ്രൗണ്ട് ടിഎസ് തിരുമുമ്പ് സ്മാരക സാംസ്‌കാരിക സമുച്ചയത്തിനായി ഉപയോഗിച്ചതോടെയാണ് മടിക്കൈ വില്ലേജിലെ പ്രധാന കളിസ്ഥലം നഷ്ടമായത്.

പൂത്തകാലില്‍ കുന്നിലെ ഏക്കര്‍ കണക്കിന് സ്ഥലം കളിസ്ഥലത്തിനായി ഉപയോഗിച്ചാല്‍ ആലംപാടി, മുണ്ടോട്ട്, തലക്കാനം, വെള്ളച്ചേരി, തീയര്‍ പാലം, കോട്ടക്കുന്ന് എന്നീ പ്രദേശങ്ങളിലെ യുവാക്കള്‍ക്കും കുട്ടികള്‍ക്കും പ്രയോജനപ്പെടുമായിരുന്നു. എന്നാല്‍ ഈ ഭൂമി കഴിഞ്ഞ വര്‍ഷങ്ങളില്‍ ഭൂരഹിതരായവര്‍ക്ക് പതിച്ചു നല്‍കാന്‍ തീരുമാനിച്ചു. പൂത്തകാലിലെ യുപി സ്‌കൂളില്‍ ഇടുങ്ങിയ കളിസ്ഥലം മാത്രമാണുള്ളത്. മറ്റു പ്രദേശങ്ങളിലുള്ളവര്‍ ഫുട്‌ബോളും ക്രിക്കറ്റും കളിക്കുമ്പോള്‍ ഇവിടെയുള്ള കുട്ടികള്‍ നിരാശയിലായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version