മിന: അടുത്ത വര്‍ഷത്തെ ഹജ്ജ് സീസണ്‍ കൂടി കടുത്ത വേനല്‍ക്കാലത്തായിരിക്കുമെന്നും എന്നാല്‍ അതിനു ശേഷം സ്ഥിതി മാറുമെന്നും സൗദി നാഷണല്‍ മെറ്റീരിയോളജിക്കല്‍ സെന്റര്‍ (എന്‍എംസി) വക്താവ് ഹുസൈന്‍ അല്‍ ഖഹ്താനി. 2026ലെ ഹജ്ജ് സീസണ്‍ കാലാവസ്ഥാ വ്യതിയാനത്തിന്റെ ഒരു പുതിയ ഘട്ടത്തിലേക്ക് പ്രവേശിക്കും. പിന്നീട് 17 വര്‍ഷത്തിന് ശേഷം മാത്രമേ ഹജ്ജ് സീസണില്‍ വേനല്‍ക്കാലം തിരിച്ചെത്തൂ എന്നും അദ്ദേഹം പറഞ്ഞു.
2026 വര്‍ഷം ഹജ്ജ് സീസണില്‍ വസന്തകാലത്തിന്റെ തുടക്കത്തെ അടയാളപ്പെടുത്തുമെന്ന് അല്‍ ഖഹ്താനി പറഞ്ഞു. അടുത്ത എട്ടു വര്‍ഷത്തേക്ക് ഇതേനില തുടരും. തുടര്‍ന്നുള്ള എട്ടു വര്‍ഷം കൂടി ഹജ്ജ് തീര്‍ത്ഥാടനം ശൈത്യകാലത്ത് നടക്കും. 16 വര്‍ഷത്തിനു ശേഷമായിരിക്കും വീണ്ടും ഹജ്ജ് സീസണില്‍ വേനല്‍ക്കാലം തിരിച്ചെത്തുക.
കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ച് ഗവേഷണം നടത്തുന്ന സൗദി ഷൂറ കൗണ്‍സില്‍ അംഗം ഡോ. മന്‍സൂര്‍ അല്‍ മസ്റൂയിയും ഇക്കാര്യം ശരിവച്ചു. അടുത്ത വര്‍ഷത്തെ ഹജ്ജിനൊപ്പം വേനല്‍ക്കാല തീര്‍ഥാടത്തില്‍ നിന്ന് ശനമാവുമെന്നും തുടര്‍ന്ന് തീര്‍ഥാടകരെ സംബന്ധിച്ചിടത്തോളം ആശ്വാസകരമായ കാലാവസ്ഥയിലായിരിക്കും ഹജ്ജ് നടക്കുകയെന്നും അദ്ദേഹം അറിയിച്ചു.