Gulf

അഞ്ചക്ക ശമ്പളമുണ്ടോ? 5 ബന്ധുക്കളെ സ്പോൺസർ ചെയ്യാം

Published

on

അബുദാബി: പ്രതിമാസം 10,000 ദിർഹം ശമ്പളം ഉള്ളവർക്ക് പരമാവധി 5 ബന്ധുക്കളെ സ്പോൺസർ ചെയ്ത് യുഎഇയിലേക്കു കൊണ്ടുവരാം. 15,000 ദിർഹം ശമ്പളം ഉള്ളവർക്ക് 6 പേരെയും സ്പോൺസർ ചെയ്യാനാകും. ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൻഷിപ്, കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റി (ഐസിപി)യാണ് പുതിയ വീസ ചട്ടങ്ങൾ വിശദീകരിച്ചത്.

ബന്ധുക്കളുടെ പട്ടികയിൽ മാതാപിതാക്കൾ, സഹോദരങ്ങൾ, ഭാര്യയുടെ മാതാപിതാക്കൾ എന്നിവരാണ് ഉൾപ്പെടുക ഇതുൾപ്പെടെ വീസ നിയമത്തിൽ പുതിയ മാനദണ്ഡങ്ങൾ പ്രഖ്യാപിച്ചു. സാലറി സർട്ടിഫിക്കറ്റ്, 2 കിടപ്പുമുറി താമസ സൗകര്യമുള്ള വാടക കരാർ, 6 മാസത്തെ ബാങ്ക് സ്റ്റേറ്റ്മെന്റ് എന്നിവ അപേക്ഷയോടൊപ്പം കാണിച്ചിരിക്കണം. ബന്ധുക്കൾക്ക് ഒരു വർഷ കാലാവധിയുള്ള വീസയാണ് ലഭിക്കുക. തുല്യ കാലയളവിലേക്കു പുതുക്കാം.

നേരത്തെ ബന്ധുക്കളെ കൊണ്ടുവരുന്നതിനുള്ള ശമ്പള പരിധി 20,000 ദി‍ർഹമായിരുന്നത് വീസ നിയമ പരിഷ്കാരത്തിൽ 10,000 ആക്കി കുറച്ചിരുന്നു. ഇതിനു പുറമേയാണ് കൂടുതൽ പേരെ കൊണ്ടുവരാനുള്ള ഇളവ് ഇപ്പോൾ നൽകിയത്. എന്നാൽ, ഭാര്യയെയും മക്കളെയും സ്പോൺസർ ചെയ്യുന്നതിന് നിലവിലെ നിയമത്തിൽ മാറ്റം വരുത്തിയിട്ടില്ല. 3,000 ദിർഹം ശമ്പളവും താമസ സൗകര്യവും അല്ലെങ്കിൽ 4000 ദിർഹം ശമ്പളം എന്നതാണ് കുടുംബത്തെ കൊണ്ടുവരാനുള്ള ശമ്പള പരിധി.

ഗോൾഡൻ വീസ, ഗ്രീൻ വീസ, അവരുടെ കുടുംബാംഗങ്ങൾ എന്നിവർക്ക് നിയമാനുസൃത കാരണങ്ങളാൽ 6 മാസത്തിൽ കൂടുതൽ വിദേശത്തു തങ്ങാം. വീസ കാലാവധി തീരുന്നതിന് മുൻപ് നിശ്ചിത ഫീസ് അടച്ച് യുഎഇയിലേക്കു തിരിച്ചുവരാം. സാധുതയുള്ള പാസ്പോർട്ട് ഉണ്ടായിരിക്കണം. വിമാന ജീവനക്കാർ, നാവികർ, കപ്പൽ തൊഴിലാളികൾ എന്നിവർക്കും ഇളവ് ലഭിക്കും. യുദ്ധം, പ്രകൃതിക്ഷോഭം എന്നീ സന്ദർഭങ്ങളിലും ഇളവുണ്ട്.

രാജ്യത്തിനകത്തും പുറത്തുമുള്ള യുഎഇ വീസക്കാരുടെ പാസ്‌പോർട്ട്, തിരിച്ചറിയൽ കാർഡ് എന്നിവ നഷ്ടപ്പെട്ടാൽ അക്കാര്യം 3 പ്രവൃത്തി ദിവസത്തിനകം ഐസിപിയിൽ റിപ്പോർട്ട് ചെയ്യണം. വിദേശത്തുവച്ചാണ് നഷ്ടപ്പെട്ടതെങ്കിൽ സ്മാർട് സർവീസ് മുഖേന പ്രവേശനത്തിന് അപേക്ഷിക്കണം. വിദേശികളായ വിധവകൾ, വിവാഹമോചിതർ, ബിരുദാനന്തര പഠനം തുടരുന്ന വിദ്യാർഥികൾ, സ്വദേശികളുടെയോ വിദേശ പാസ്‌പോർട്ട് ഉടമകളുടെയോ ജീവിതപങ്കാളികൾ, മാതാപിതാക്കൾ, കുട്ടികൾ എന്നിവർക്കും ഈ ഇളവ് ലഭിക്കും.

 

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version