Gulf

ഒമാനേയും യുഎഇയേയും ബന്ധിപ്പിച്ച് പുതിയ ബസ് സര്‍വീസ്; ഷാര്‍ജ-മസ്‌കറ്റ് യാത്ര 27 മുതല്‍

Published

on

മസ്‌കറ്റ്: ഒമാനേയും യുഎഇയേയും ബന്ധിപ്പിച്ച് പുതിയ അന്താരാഷ്ട്ര ബസ് സര്‍വീസ് വരുന്നു. ഒമാനിലെ തലസ്ഥാന നഗരിയായ മസ്‌കറ്റില്‍ നിന്ന് യുഎഇയുടെ സാംസ്‌കാരിക തലസ്ഥാനം എന്നറിയപ്പെടുന്ന ഷാര്‍ജയിലേക്കാണ് പ്രതിദിന സര്‍വീസുകള്‍ ആരംഭിക്കുന്നത്.

മസ്‌കറ്റ്-ഷാര്‍ജ പ്രതിദിന ബസ് സര്‍വീസുകള്‍ നടത്തുന്നതിന് ഷാര്‍ജ റോഡ്സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റിയുമായി കരാര്‍ ഒപ്പുവച്ചതായി ഒമാന്‍ നാഷണല്‍ ട്രാന്‍സ്പോര്‍ട്ട് കമ്പനി മുവാസലാത്ത് അറിയിച്ചു. വിനോദസഞ്ചാരികള്‍ക്കും ജോലി ആവശ്യത്തിനായി യാത്ര ചെയ്യേണ്ടിവരുന്നവര്‍ക്കും കുറഞ്ഞ നിരക്കില്‍ പൊതുയാത്രാ ബസ് സര്‍വീസ് ഉപയോഗപ്പെടുത്താമെന്നതാണ് ഇതിന്റെ പ്രത്യേകത.

ഫെബ്രുവരി 27 മുതല്‍ പ്രതിദിന സര്‍വീസുകള്‍ ആരംഭിക്കും. മസ്‌കറ്റില്‍ നിന്ന് ദിവസവും ഷാര്‍ജയിലേക്ക് രണ്ട് ബസ്സുകള്‍ പുറപ്പെടും. അതുപോലെ നിത്യവും രണ്ട് ബസ്സുകള്‍ ഷാര്‍ജയില്‍ നിന്ന് മസ്‌കറ്റിലേക്കും സര്‍വീസ് നടത്തും. ദിവസവും നാല് സര്‍വീസുകള്‍ വീതം നടത്താനാണ് ധാരണയെന്നും ഷിനാസ് വഴിയാകും ബസ്സുകള്‍ കടന്നുപോവുകയെന്നും മുവാസലാത്ത് വ്യക്തമാക്കി.

യാത്രക്കാര്‍ക്ക് 30 കിലോ വരെ ലഗേജ് (ചെക്ക്ഇന്‍ ബാഗേജായി 23 കിലോയും ഹാന്‍ഡ് ബാഗേജായി 7 കിലോയും) ബസ്സില്‍ കൊണ്ടുപോകാന്‍ അനുവാദമുണ്ട്. 10 ഒമാന്‍ റിയാല്‍ (95.40 ദിര്‍ഹം), 29 ഒമാന്‍ റിയാല്‍ (276.66 ദിര്‍ഹം) മുതലാണ് നിരക്ക്.

മസ്‌കറ്റിലെ അസൈബ ബസ് സ്റ്റേഷനില്‍ നിന്നാണ് ഷാര്‍ജ സര്‍വീസ് ആരംഭിക്കുന്നത്. ആദ്യ ബസ് രാവിലെ 6.30ന് പുറപ്പെട്ട് ഉച്ചകഴിഞ്ഞ് 3.40ന് ഷാര്‍ജയിലെത്തും. രണ്ടാമത്തേത് വൈകിട്ട് നാലിന് പുറപ്പെട്ട് പുലര്‍ച്ചെ 1.10ന് ഷാര്‍ജയിലെത്തും.

മസ്‌കറ്റിലെ ബസ്സുകള്‍ ഷാര്‍ജയിലെ അല്‍ജുബൈല്‍ ബസ് സ്റ്റേഷനിലാണ് എത്തിച്ചേരുക. ഇവിടെ നിന്ന് തന്നെയാണ് മസ്‌കറ്റിലേക്കുള്ള ബസ്സുകളും പുറപ്പെടുന്നത്. ഷാര്‍ജയില്‍ നിന്നുള്ള ആദ്യ ബസ് രാവിലെ 6.30ന് പുറപ്പെട്ട് ഉച്ചക്ക് 2.30ന് മസ്‌കറ്റിലെത്തും. രണ്ടാമത്തെ ബസ് ഷാര്‍ജയില്‍ നിന്ന് വൈകീട്ട് നാലിന് പുറപ്പെട്ട് രാത്രി 11.50ന് മസ്‌കറ്റിലെത്തുന്ന വിധത്തിലാണ് ക്രമീകരിച്ചിരിക്കുന്നത്.

മസ്‌കറ്റിനെ അബുദാബിയുമായി ബന്ധിപ്പിക്കുന്ന അന്താരാഷ്ട്ര ബസ് സര്‍വീസ് കഴിഞ്ഞ ഒക്ടോബറില്‍ പുനരാരംഭിച്ചിരുന്നു. മുമ്പ് കൊവിഡ് കാരണം നിര്‍ത്തിവച്ചതായിരുന്നു. മസ്‌കറ്റ്-അബുദാബി ബസ് ബുക്കിങിന് വന്‍ തിരക്കാണ് അനുഭവപ്പെടുന്നത്. മുവാസലാത്തിന്റേതാണ് സര്‍വീസ്. 11.5 ഒമാനി റിയാല്‍ നല്‍കിയാല്‍ അബുദാബിയിലെത്താം എന്നതാണ് ഈ സര്‍വീസിന്റെ പ്രത്യേകത. 23 കിലോഗ്രാം ലഗേജും ഏഴ് കിലോ ഹാന്‍ഡ് ബാഗേജും അനുവദിക്കുന്നു. ബുറൈമി, അല്‍ഐന്‍ വഴിയാണ് അബുദാബി സര്‍വീസ്.

യുഎഇയിലെ റാസല്‍ഖൈമയില്‍ നിന്ന് ഒമാനിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായ മുസന്‍ദത്തിലേക്ക് നിലവില്‍ ബസ് സര്‍വീസുണ്ട്. റാസല്‍ഖൈമ ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റിയാണ് സര്‍വീസ് നടത്തുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version