കുവൈത്ത് സിറ്റി: ഇന്ത്യയില്‍ നിന്ന് ഗള്‍ഫ് രാജ്യങ്ങളിലേക്ക് പുതിയ വിമാന സര്‍വീസ് വരുന്നു. മഹാരാഷ്ട്രയിലെ മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ബജറ്റ് എയര്‍ലൈന്‍സ് ആകാശ എയറിനാണ് മൂന്ന് ജിസിസി രാജ്യങ്ങളിലേക്ക് സര്‍വീസുകള്‍ ആരംഭിക്കാന്‍ അനുമതി ലഭിച്ചത്.
കുവൈത്ത്, സൗദി അറേബ്യ, ഖത്തര്‍ എന്നിവിടങ്ങളിലേക്കാണ് ആകാശ എയര്‍ സര്‍വീസ് നടത്തുക. ഇതിന് കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്റെ അനുമതി ലഭിച്ചുകഴിഞ്ഞു. ലോ കോസ്റ്റ് എയര്‍ലൈന്‍സ് ആയതിനാല്‍ കുറഞ്ഞ ചെലവില്‍ യാത്ര ചെയ്യാൻ പ്രവാസികള്‍ക്ക് അവസരം ലഭിച്ചേക്കും.
ഇന്ത്യയിലെ ഏതൊക്കെ നഗരങ്ങളില്‍ നിന്നാണ് സര്‍വീസ് ആരംഭിക്കുകയെന്ന് വ്യക്തമായിട്ടില്ല. ദുബായിലേക്ക് സര്‍വീസ് നടത്താന്‍ ധാരണയുണ്ടെങ്കിലും ഇക്കാര്യത്തില്‍ അന്തിമ തീരുമാനമായിട്ടില്ല. ആകാശ എയറിന്് മൂന്ന് ജിസിസി രാജ്യങ്ങളിലേക്ക് സര്‍വീസ് നടത്താന്‍ സിവില്‍ ഏവിയേഷന്‍ അധികൃതര്‍ അനുമതി നല്‍കിയതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഔദ്യോഗിക നിയുക്ത വിമാന കമ്പനിയായി മാറിയാല്‍ മാത്രമേ ആകാശ എയറിന് അന്താരാഷ്ട്ര സര്‍വീസുകള്‍ തുടങ്ങാനാവൂ. ഇതിന് എയര്‍ലൈന്‍സ് അധികൃതര്‍ കേന്ദ്ര സര്‍ക്കാരിന് അപേക്ഷ നല്‍കണം. ഔദ്യോഗിക നിയുക്ത വിമാന കമ്പനിയെന്ന പദവി ലഭിച്ചാല്‍ ഇക്കാര്യം മറ്റ് രാജ്യങ്ങളെ അറിയിക്കുകയും ഈ രാജ്യങ്ങള്‍ അവരുടെ നിയമങ്ങള്‍ക്ക് അനുസൃതമായി അനുമതി നല്‍കുകയും ചെയ്യേണ്ടതുണ്ട്.
ഔദ്യോഗിക നിയുക്ത വിമാന കമ്പനിയെന്ന പദവി ലഭിക്കുമ്പോഴാണ് വിദേശ രാജ്യങ്ങളിലെ വിമാനത്താവളങ്ങളില്‍ ഇറങ്ങാന്‍ അനുമതി ലഭിക്കുക. ഈ രീതിയില്‍ ജിസിസി രാജ്യങ്ങളിലെ വിമാനത്താവളങ്ങളില്‍ ആകാശ എയറിന് സ്ലോട്ടുകള്‍ ലഭിക്കേണ്ടതുണ്ട്.
നിലവിലെ ഉഭയകക്ഷി കരാര്‍ അടിസ്ഥാനമാക്കി ഈ ശൈത്യകാലത്ത് അന്താരാഷ്ട്ര സര്‍വീസുകള്‍ തുടങ്ങാനാണ് ആകാശ എയര്‍ ഉദ്ദേശിക്കുന്നത്. രാകേഷ് ജുന്‍ജുന്‍വാല, വിനയ് ദുബെ, ആദിത്യ ഘോഷ് എന്നിവര്‍ ചേര്‍ന്ന് 2021ലാണ് എസ്എന്‍വി ഏവിയേഷന്‍ എന്ന സ്വകാര്യ കമ്പനിക്ക് കീഴില്‍ ആകാശ എയര്‍ സ്ഥാപിക്കുന്നത്. പ്രമുഖ ഓഹരി വിപണി നിക്ഷേപകനായിരുന്ന ശതകോടീശ്വരന്‍ ജുന്‍ജുന്‍വാല അടുത്തിടെയാണ് മരിച്ചത്. രാകേഷ് ജുന്‍ജുന്‍വാലയുടെ കുടുംബത്തിന് എയര്‍ലൈനില്‍ 46% ഓഹരിയുണ്ട്.
നിലവില്‍ ആകാശ എയര്‍ കൊച്ചി വിമാനത്താവളത്തില്‍ നിന്ന് ആഭ്യന്തര സര്‍വീസ് നടത്തുന്നുണ്ട്. അടുത്തകാലത്തായി ആഭ്യന്തര സര്‍വീസുകളില്‍ സജീവമാണ് ആകാശ എയര്‍. കുവൈറ്റ്, സൗദി, ഖത്തര്‍ എന്നിവയ്ക്ക് പുറമേ കൂടുതല്‍ രാജ്യങ്ങളിലേക്ക് സര്‍വീസ് നടത്താന്‍ കമ്പനി ശ്രമം നടത്തിവരുന്നുണ്ട്. അടുത്ത കാലത്ത് കമ്പനി ചില നിയമക്കുരുക്കളില്‍ പെടുകയും പൈലറ്റുമാര്‍ കൂട്ടത്തോടെ രാജിവയ്ക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ ഓഗസ്റ്റ് മുതലാണ് കമ്പനി ആഭ്യന്തര സര്‍വീസ് രംഗത്ത് സജീവമായത്. അന്താരാഷ്ട്ര രംഗത്ത് കൂടി സാന്നിധ്യം അറിയിക്കാനാണ് ആകാശ എയറിന്റെ പുതിയ നീക്കം.