ജിദ്ദ: ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ജിദ്ദ ടവറിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ജിദ്ദ ഇക്കണോമിക് കമ്പനി (ജെഇസി) പുനരാരംഭിച്ചു. ഒരു കിലോ മീറ്ററിലധികം ഉയരമുള്ള ടവര്‍ നിലവിലെ ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബുര്‍ജ് ഖലീഫയെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളും.
1,000 മീറ്ററിലധികം ഉയരമുള്ള ടവര്‍ നിര്‍മിക്കുന്നതിന് കണ്‍സ്ട്രക്ഷന്‍ കമ്പനികളില്‍ നിന്ന് ജെഇസി ഈ വര്‍ഷാവസാനത്തോടെ ക്വട്ടേഷനുകള്‍ ക്ഷണിച്ചിട്ടുണ്ട്. ടെന്‍ഡറുകള്‍ ക്ഷണിച്ച കാര്യം കിങ്ഡം ഹോള്‍ഡിങ് കമ്പനി സിഇഒ തലാല്‍ ഇബ്രാഹിം അല്‍മൈമന്‍ സ്ഥിരീകരിച്ചു.
ക്വട്ടേഷനുകള്‍ ക്ഷണിക്കപ്പെട്ട കമ്പനികളില്‍ സൗദിയിലെയും വിദേശത്തെയും കമ്പനികള്‍ ഉള്‍പ്പെടുന്നു. അല്‍മബാനി (സൗദി), ബവാനി (സൗദി), ചൈന ഹാര്‍ബര്‍ (ചൈന), ചൈന സ്റ്റേറ്റ് കണ്‍സ്ട്രക്ഷന്‍ എഞ്ചിനീയറിങ് കോര്‍പറേഷന്‍ (ചൈന), കണ്‍സോളിഡേറ്റഡ് കോണ്‍ട്രാക്ടേഴ്‌സ് കമ്പനി (ലെബനാന്‍), അല്‍സെയ്ഫ് എഞ്ചിനീയറിങ് ആന്റ് കോണ്‍ട്രാക്റ്റിങ് (സൗദി), ഹ്യുണ്ടായ് എഞ്ചിനീയറിങ് കണ്‍സ്ട്രക്ഷന്‍ (ദക്ഷിണ കൊറിയ), മുഹമ്മദ് അബ്ദുല്‍ മുഹ്‌സിന്‍ അല്‍ ഖറാഫി ആന്‍ഡ് സണ്‍സ് (കുവൈത്ത്), നെസ്മ ആന്റ് പാര്‍ട്‌ണേഴ്‌സ് (സൗദി), പവര്‍ ചൈന (ചൈന), സാംസങ് സി+ടി (ദക്ഷിണ കൊറിയ), സൗദി ഫ്രെയ്‌സിനെറ്റ് (സൗദി), സ്‌കാന്‍സ്‌ക (സ്വീഡന്‍), സ്ട്രാബാഗ് (യൂറോപ്പ്) എന്നിവരില്‍ നിന്നാണ് ക്വട്ടേഷനുകള്‍ തേടിയത്.
ക്വട്ടേഷന്‍ തയ്യാറാക്കാന്‍ മൂന്ന് മാസത്തെ സമയം നല്‍കിയിട്ടുണ്ട്. പ്രാദേശികവും അന്തര്‍ദ്ദേശീയവുമായ കമ്പനികള്‍ ചേര്‍ന്ന് സംയുക്ത നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. 2013ലാണ് നിര്‍മാണം തുടങ്ങിയത്. ടവറിന്റെ അടിത്തറയും പൈലിങ് ജോലികളും വിജയകരമായി പൂര്‍ത്തിയാക്കുകയും 2017ല്‍ 50 നിലകളുടെ സ്ട്രക്ചര്‍ നിര്‍മിക്കുകയും ചെയ്തിരുന്നു. 2018ലാണ് ആദ്യമായി നിര്‍മാണജോലികള്‍ നിര്‍ത്തിവച്ചത്. പിന്നീട് നിരവധി തവണ തടസ്സപ്പെട്ടു.
ദുബായിലെ ബുര്‍ജ് ഖലീഫയേക്കാള്‍ 172 മീറ്ററിലധികം ഉയരത്തിലാണ് ജിദ്ദ ടവര്‍ പണിയുന്നത്. ഇത് ജിദ്ദ ഇക്കണോമിക് സിറ്റി വികസനത്തിന്റെ കേന്ദ്രബിന്ദുവായി മാറും. ഷോപ്പിങ് മാളുകള്‍, ആഡംബര വസ്ത്രശാലകള്‍, റെസ്റ്റോറന്റുകള്‍, ടെന്നീസ് കോര്‍ട്ടുകള്‍ തുടങ്ങി നിരവധി സൗകര്യങ്ങള്‍ ടവറില്‍ ഉണ്ടാകും.
ബുര്‍ജ് ഖലീഫയ്ക്ക് ശേഷം ലോകത്തിലെ ഉയരം കൂടിയ രണ്ടാമത്തെ കെട്ടിടം നിര്‍മിക്കുമെന്ന് ദുബായ് ആസ്ഥാനമായുള്ള അസീസി ഡെവലപ്‌മെന്റ്‌സ് ഏതാനും മാസങ്ങള്‍ക്ക് പ്രഖ്യാപിച്ചിരുന്നു. പുതിയ ടവറിന്റെ പേര്, ഉയരം തുടങ്ങിയ കാര്യങ്ങള്‍ പുറത്തുവിട്ടിരുന്നില്ല. ഷെയ്ഖ് സായിദ് റോഡിലെ പ്രധാന സ്ഥലത്താണ് നിര്‍മിക്കാനുദ്ദേശിക്കുന്നത്.
ലോകത്തിലെ ഏറ്റവും ഉയരം കൂടിയ 10 ടവറുകള്‍
1. ബുര്‍ജ് ഖലീഫ, യുഎഇ- 828 മീറ്റര്‍
2. മെര്‍ദേക്ക 118, മലേഷ്യ- 679 മീറ്റര്‍
3. ഷാങ്ഹായ് ടവര്‍, ചൈന- 632 മീറ്റര്‍
4. അബ്‌റാജ് അല്‍ബൈത്ത് ക്ലോക്ക് ടവര്‍, സൗദി- 601 മീറ്റര്‍
5. പിംഗ് ആന്‍ ഇന്റര്‍നാഷണല്‍ ഫിനാന്‍സ് സെന്റര്‍, ചൈന- 599 മീറ്റര്‍
6. ലോട്ടെ വേള്‍ഡ് ടവര്‍, ദക്ഷിണ കൊറിയ- 555 മീറ്റര്‍
7. വേള്‍ഡ് ട്രേഡ് സെന്റര്‍, യുഎസ്എ- 541 മീറ്റര്‍
8. ഗ്വാങ്ഷു സിടിഎഫ് ഫിനാന്‍സ് സെന്റര്‍, ചൈന- 530 മീറ്റര്‍
9. ടിയാന്‍ജിന്‍ സിടിഎഫ് ഫിനാന്‍സ് സെന്റര്‍, ചൈന- 530 മീറ്റര്‍
10. ചൈന സുന്‍, ചൈന- 528 മീറ്റര്‍.