ഖത്തർ: കൂടുതൽ സന്ദർശകരെ രാജ്യത്തേക്ക് ആകർശിക്കുന്നതിന്റെ ഭാഗമായി പുതിയ പദ്ധതികളാണ് ഖത്തർ പ്രഖ്യാപിച്ചിരിക്കുന്നത്. ഈ വർഷം അവസത്തോടെ 3,000 ഹോട്ടൽ മുറികൾ രാജ്യത്ത് സജ്ജമാക്കുമെന്നാണ് റിപ്പോർട്ട്. 28,819 ഹോട്ടൽ മുറികൾ, 10,003 ഹോട്ടൽ അപ്പാർട്മെന്റുകൾ ഉൾപ്പെടെ 38,822 യൂണിറ്റുകളാണ് ഇപ്പോൾ രാജ്യത്തുള്ളത്. 7 ഹോസ്പിറ്റാലിറ്റി പദ്ധതികൾ 760 ഹോട്ടൽ മുറികളും 400 ഹോട്ടൽ അപ്പാർട്മെന്റുകൾ എന്നിവ ഈ വർഷം അവസാനത്തിൽ പണി കഴിയും. ഖത്തർ പണി കഴിപ്പിക്കുന്ന മിക്ക ഹോട്ടലുകളും പഞ്ചനക്ഷത്ര റേറ്റിങ്ങ് ഉള്ളവയാണെന്നാണ് റിപ്പോർട്ട്.
ഈ വർഷം ആദ്യ പകുതിയിൽ വെസ്റ്റ് ബേയിൽ 2 പ്രധാന ഹോട്ടലുകളാണ് തുറക്കുന്നത്. 180 ഹോട്ടൽ അപ്പാർട്മെന്റുകളുള്ള ഇലമന്റ് വെസ്റ്റ്ബേ, 311 മുറികളും 25 ഹോട്ടൽ അപ്പാർട്മെന്റുകളുമായി വാൽഡോർഫ് അസ്റ്റോറിയ എന്നിവയാണ് ദോഹയിൽ വരുന്നത്. പേൾ ഖത്തറിൽ 161 ഹോട്ടൽ ഫ്ലാറ്റുകളുമായി ഫോർ സീസൺ റിസോർട്ട് തുറന്നിട്ടുണ്ട്. ഖത്തറിലേക്ക് എത്തുന്ന സന്ദർശകരുടെ എണ്ണത്തിൽ വലിയ വർധനവാണ് ഉണ്ടായിരിക്കുന്നത്. കണക്കുകൾ പരിശോധിക്കുമ്പോൾ 20 ലക്ഷത്തിലധികം പേരാണ് കഴിഞ്ഞ വർഷം രാജ്യത്തെത്തിയത്.
ഖത്തറിലേക്കുള്ള ടൂറിസ്റ്റ് വിസയുടെ നടപടികൾ ലഘൂകരിച്ചിരുന്നു. ഈദ് ആഘോഷം, ടൂറിസം ക്യാംപെയ്നുകൾ എന്നിവയെല്ലാം ഖത്തർ സംഘടിപ്പിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് രാജ്യത്തേക്ക് കൂടുതൽ ആളുകൾ എത്തിയത് എന്നാണ് വിലയിരുത്തപ്പെടുന്നത്. ഇനിയുള്ള ആറ് മാസവും സന്ദർശകരുടെ എണ്ണം കൂടും. ഒക്ടോബറിൽ ദോഹ എക്സ്പോ, ഫോർമുല വൺ, ജനീവ ഇന്റർനാഷനൽ മോട്ടർ ഷോ എന്നിവയാണ് നടക്കുന്നത്. നവംബറിൽ മോട്ടോ ജിപി, അജ്യാൽ ചലച്ചിത്രമേള, എന്നിവ ഉണ്ടായിരിക്കും. ഡിസംബറിൽ ദോഹ ഫോറം ഉണ്ടായിരികും. പല തരത്തുള്ള കാഴ്ചകളും, വിനോദപരിപാടികളും ഇനിയുള്ള മാസങ്ങളിൽ നടക്കും. 2030നകം രാജ്യത്തേക്ക് പ്രതിവർഷം 60 ലക്ഷം സന്ദർശകരെയാണ് ഖത്തർ ടൂറിസം ലക്ഷ്യമിടുന്നത്. അതിനിടെ, ഖത്തറിലെ ആരോഗ്യ പരിരക്ഷാ വിപണിയിൽ ആകൃഷ്ടരായി വിദേശ നിക്ഷേപ മേഖല. ആഗോളാടിസ്ഥാനത്തിൽ ആകർഷകമായ നിക്ഷേപകേന്ദ്രമാക്കി ഖത്തറിനെ മാറ്റിയതിന് പിന്നാലെയാണ് ആരോഗ്യ മേഖലയിലെ വിദേശ നിക്ഷേപത്തെ സ്വാഗതം ചെയ്യുന്നത്.