Bahrain

പ്രവാസികൾ കൂടുതലായി നാട്ടിലേക്ക്; ബഹ്‌റൈനില്‍ ഫ്ലാറ്റുകള്‍ക്കും അപ്പാര്‍ട്ട്‌മെന്റുകള്‍ക്കും വാടക നിരക്ക് കുറഞ്ഞു

Published

on

ബഹ്റെെൻ: ബഹ്റെെനിൽ ഫ്ലാറ്റുകൾക്ക് ആവശ്യക്കാര്‍ കുറഞ്ഞതോടെ വാടക നിരക്കുകൾ കുറഞ്ഞു. കുടുംബസമേതം താമസിക്കുന്ന പ്രവാസികളുടെ എണ്ണം രാജ്യത്ത് കുറഞ്ഞതോടെയാണ് ഫ്ലാറ്റുകളുടേയും അപ്പാര്‍ട്ട്‌മെന്റുകളുടെയും വാടക നിരക്ക് കുറഞ്ഞിരിക്കുന്നത്. റിയല്‍ എസ്റ്റേറ്റ് കമ്പനി പ്രതിനിധികളും ഏജന്റുമാരും ആണ് ഇക്കാര്യം അറിയിച്ചത്.

ടൗണ്‍ ഏരിയകളില്‍ മുമ്പ് 500 ദിനാര്‍ മുതല്‍ 1000 ദിനാര്‍ വരെയാണ് പല ഫ്ലാറ്റുകൾക്ക് വാടക ഈടാക്കിയിരുന്നത്. എന്നാൽ അപ്പാര്‍ട്ട്‌മെന്റുകളും വില്ലകളും ഇപ്പോള്‍ 350 ദിനാര്‍ മുതല്‍ 700 ദിനാര്‍ വരെ വാടകയ്ക്ക് ലഭിക്കും. 400 ദിനാര്‍ മുതല്‍ 600 ദിനാര്‍ വരെ ഈടാക്കിയിരുന്ന ഫുള്‍ ഫര്‍ണിഷ്ഡ് ഡബിള്‍ റൂം ഫ്‌ലാറ്റുകള്‍ ഇപ്പോള്‍ 250 ദിനാര്‍ മുതല്‍ 400 ദിനാര്‍ വരെ നിരക്കിൽ ലഭിക്കുന്നുണ്ട്. ബുദയ്യ, ഗലാലി, തഷന്‍ എന്നിങ്ങനെ ഉള്‍പ്രദേശങ്ങളില്‍ ഇപ്പോൾ ഇതിലും കുറവ് നിരക്കിലും ലഭിക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്. ജീവിത ചെലവ് കൂടിയത് കാരണം പല പ്രവാസികളും കുടുംബത്തെ നാട്ടിലേക്ക് കയറ്റിവിട്ടു. പലരും ബാച്ചിലര്‍ റൂമിലേക്ക് മാറി . ഇതെല്ലാം വാടക കുത്തനെ കുറയാൻ കാരണമായി.

വൈദ്യുതി, ജല ഉപയോഗത്തിന് സര്‍ക്കാര്‍ സബ്‌സിഡി നിര്‍ത്തലാക്കിയതോടെയാണ് കുടുംബമായി താമസിക്കുന്ന പ്രവാസികൾക്ക് ഇത് വലിയ തിരിച്ചടിയായത്. ജല, വൈദ്യുതി ബില്ല് കുത്തനെ ഉയര്‍ന്നു. ഇതേടെ ചെലവുമായി വരവ് ഒത്തുപോകുന്നില്ല. ഇതോടെ പ്രവാസികൾ നാട്ടിലേക്ക് പോയി തുടങ്ങി. പ്രവാസികള്‍ കൂടുതലായും എടുക്കുന്നത് ഫുള്‍ ഫര്‍ണിഷ്ഡ് അണ്‍ലിമിറ്റഡ് വിത്ത് ഇലക്ട്രിസിറ്റി വാടക ഉള്ള കെട്ടിടങ്ങളാണ്. അത്തരം കെട്ടിടങ്ങൾക്കാണ് മുൻഗണന നൽകുന്നത്. കുറഞ്ഞ നിരക്കില്‍ ഫ്‌ലാറ്റുകള്‍ ലഭിക്കുമെങ്കിലും വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാനുള്ള സൗകര്യങ്ങള്‍ ഇല്ലാത്തത് മറ്റൊരു വലിയ പ്രശ്നമാണ്. അതിനാൽ പലരും ടൗണിൽ നിന്നും മാറി മറ്റു സ്ഥലത്തേക്ക് പോകുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version