പ്രേക്ഷകര്‍ ഏറെ ആകാംഷയോടെ കാത്തിരുന്ന മോഹന്‍ലാല്‍-ലിജോ ജോസ് ചിത്രം മലൈക്കോട്ടൈ വാലിബന്റെ ചിത്രീകരണം രാജാക്കന്മാരുടെ നാടായ രാജസ്ഥാനിലെ ജയ്സാല്‍മീറില്‍ ആരംഭിച്ചു. ബിഗ് ബഡ്ജറ്റ് ചിത്രത്തിന്റെ പൂജയും സ്വിച്ച് ഓണ്‍ കര്‍മവും ഇന്ന് രാവിലെ ലൊക്കേഷനില്‍ നടന്നു. ചടങ്ങില്‍ മോഹന്‍ലാല്‍, ലിജോ ജോസ് പെല്ലിശ്ശേരി, ചിത്രത്തിന്റെ നിര്‍മ്മാതാക്കളായ ജോണ്‍ ആന്‍ഡ് മേരി ക്രിയേറ്റിവിന്റെ ഷിബു ബേബി ജോണ്‍, സെഞ്ച്വറി ഫിലിംസിന്റെ കൊച്ചുമോന്, മാക്സ് ലാബിന്റെ അനൂപ് എന്നിവരും ഒപ്പം മറ്റു താരങ്ങളും എത്തി.
മലയാളത്തിന്റെ നടനവൈഭവം മോഹന്‍ലാലും പ്രഗത്ഭനായ സംവിധായകന് ലിജോ ജോസ് പെല്ലിശ്ശേരിയും ഒരുമിക്കുമ്പോള്‍ തിയേറ്ററില്‍ ദൃശ്യ വിസ്മയം സൃഷ്ടിക്കുമെന്നുറപ്പാണ്. നന്‍പകല്‍ നേരത്ത് മയക്കം എന്ന മമ്മൂട്ടി ചിത്രത്തിന് പിന്നാലെയാണ് ലിജോ മലൈകോട്ടൈ വാലിബന് അനൗണ്‍സ് ചെയ്തത്. ഇതോടെ വലയ ആകാംക്ഷയിലാണ് പ്രേക്ഷകരും.
പെല്ലിശ്ശേരിയുടെ ആമേന്‍ എന്ന ചിത്രത്തിന് ശേഷം പി എസ്സ് റഫീക്കാണ് മലൈക്കോട്ടൈ വാലിബന് തിരക്കഥ ഒരുക്കുന്നത്. ചുരുളിക്ക് ശേഷം മധു നീലകണ്ഠന് ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. പ്രശാന്ത് പിള്ള സംഗീത സംവിധാനം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റിങ് ദീപു ജോസഫ് ആണ്. രാജസ്ഥാനില്‍ പൂര്‍ണമായും ചിത്രീകരിക്കുന്ന ബിഗ് ബഡ്ജറ്റ് മോഹന്‍ലാല്‍ ചിത്രത്തില്‍ ഇന്ത്യന്‍ സിനിമയിലെ പല പ്രഗത്ഭതാരങ്ങളും അഭിനയിക്കുന്നുണ്ട്. കാത്തിരിപ്പിന് വിരാമമിട്ട് പ്രതിഭയും പ്രതിഭാസവും മലൈക്കോട്ടൈ വാലിബനില്‍ ഒന്ന് ചേരുമ്പോള്‍ അണിയറയില്‍ ഒരുങ്ങുന്നത് മറ്റൊരു ലിജോ ജോസ് മാജിക് ആയിരിക്കുമെന്നുറപ്പാണ്.