Gulf

ഒമാനിയുടെ വീട്ടില്‍ അദ്ഭുതപ്രതിഭാസം; പ്രളയത്തെ തുടര്‍ന്ന് വീടിനടിയില്‍ നിന്ന് ചൂട് വെള്ള പ്രവാഹം

Published

on

മസ്‌ക്കറ്റ്: രണ്ടാഴ്ച മുമ്പ് ഒമാനിലുണ്ടായ ശക്തമായ മഴയെത്തുടര്‍ന്നുണ്ടായ പ്രളയത്തെ തുടര്‍ന്ന് ഒമാനിയുടെ വീട്ടില്‍ അദ്ഭുത പ്രതിഭാസം. പ്രളയ വേളയില്‍ വീടിനകത്തു നിന്ന് ചുടുവെള്ളം ഉറവയായി ഒഴുകിവരുന്നതിനെ തുടര്‍ന്ന് എന്തു ചെയ്യണമെന്നറിയാതെ കുഴങ്ങിയിരിക്കുകയാണ് ഇബ്‌റ വിലായത്തിലെ സ്വദേശി വീട്ടുടമ. സംഭവമുണ്ടായ വീടാവട്ടെ, അത്യാവശ്യം ഉയര്‍ന്ന സ്ഥലത്താണ് സ്ഥിതി ചെയ്യുന്നത്. എന്നു മാത്രമല്ല, ഏതെങ്കിലും മലഞ്ചെരിവിലോ ജലാശയത്തിന് സമീപമോ അല്ല തന്റെ വീടെന്നും വീട്ടുടമ പറയുന്നു.

ശക്തമായ മഴയെതുടര്‍ന്ന് വീടിന് താഴെയുള്ള പ്രദേശങ്ങളില്‍ വലിയ തോതില്‍ വെള്ളം കയറിയുന്നു. അതേസമയത്താണ് തന്റെ വീടിന്റെ ബേസ്‌മെന്റിന് അടിയില്‍ നിന്ന് വലിയ തോതില്‍ ചുടുവെള്ളം ഉയര്‍ന്നുവന്നത്. മഴ നിലച്ചതിനെ തുടര്‍ന്ന് താഴ്ന്ന പ്രദേശങ്ങളിലെ വെള്ളം വലിയുന്നതിനനുസരിച്ച് ഈ ഉറവ നിലയ്ക്കുമെന്നാണ് കരുതിയതെങ്കിലും അതുണ്ടായില്ല. തുടക്കത്തില്‍ ചെറിയ അളവിലാണെങ്കില്‍ പിന്നീട് അതിന്റെ അളവ് കൂടിക്കൂടി വന്നു. വീടിന്റെ പ്രധാന ഹാള്‍ നിറഞ്ഞ വെള്ളം മറ്റു ഭാഗങ്ങളിലേക്ക് ഒഴുകാന്‍ തുടങ്ങി. തുടക്കത്തില്‍ പമ്പ് സെറ്റ് ഉപയോഗിച്ച് വെള്ളം വറ്റിച്ചെങ്കിലും അതിന്റെ വെള്ളത്തിന്റെ ശക്തിയും അളവും വര്‍ധിച്ചതോടെ ഇതു കൊണ്ട് കാര്യമില്ലെന്ന സ്ഥിതിയാണ്.

ഇതിനു മുമ്പും പ്രദേശത്ത് ദിവസങ്ങളോളം നീണ്ട ശക്തമായ മഴയും വെള്ളപ്പൊക്കവുമൊക്കെ ഉണ്ടായിട്ടുണ്ടെങ്കിലും വീടിനടിയില്‍ നിന്ന് വെള്ളം ഉയരുന്ന സംഭവം ഇതാദ്യമായാണ്. പ്രദേശത്തെ വാദികളില്‍ ഇത്തവണത്തേക്കാള്‍ വെള്ളം ഉയര്‍ന്ന സന്ദര്‍ഭങ്ങളും മുമ്പുണ്ടായിട്ടുണ്ടെന്നും അദ്ദേഹം പറയുന്നു. മുനിസിപ്പാലിറ്റി അംഗീകരിച്ച മാപ്പുകളും മാനദണ്ഡങ്ങളും അനുസരിച്ചാണ് താന്‍ വീട് നിര്‍മ്മിച്ചത്. വീടിന്റെ തറയ്ക്കായി കുഴിയെടുക്കുമ്പോള്‍ വെള്ളത്തിന്റെ അടയാളങ്ങളൊന്നും കണ്ടിരുന്നില്ല. പ്രദേശത്ത് പഴയ കിണറോ അരുവിയോ മറ്റോ ഉണ്ടായിരുന്നതിന്റെ ലക്ഷണങ്ങളും ഉണ്ടായിരുന്നില്ല. നിര്‍മ്മാണം ആരംഭിക്കുന്നതിന് മുമ്പ് മുനിസിപ്പാലിറ്റിയില്‍ നിന്നുള്ള സ്‌പെഷ്യലിസ്റ്റുകള്‍ സ്ഥലം പരിശോധിച്ചിരുന്നുവെന്നും എന്തെങ്കിലും അസ്വാഭാവികത ഉള്ളതായി കണ്ടിട്ടില്ലെന്നും അദ്ദേഹം അറിയിച്ചു.

1.5 മീറ്റര്‍ ആഴത്തിലാണ് വീടിന്റെ തറയ്ക്കായി കുഴിയെടുത്ത്. അപ്പോഴും ഭൂമിയില്‍ നീരുറവ ഉള്ളതിന്റെ സൂചനയൊന്നും ലഭിച്ചിട്ടില്ല. അതിശയകരമെന്നു പറയട്ടെ, സമീപത്തെ മറ്റൊരു വീട്ടിലും ഇതുപോലെ അകത്തു നിന്ന് ചൂടുവെള്ളം ഉറവു വരുന്ന സമാന സംഭവം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലെന്നും പ്രാദേശിക മാധ്യമങ്ങള്‍ അറിയിച്ചു. രണ്ടാഴ്ച മുമ്പ് ഒമാനിലുണ്ടായ ശക്തമായ മഴയിലും പ്രളയത്തിലും പെട്ട് ഇരുപതോളം പേര്‍ മരിക്കുകയും നിരവധി വീടുകളും കെട്ടിടങ്ങളും നശിക്കുകയും വാഹനങ്ങള്‍ ഒഴുകിപ്പോവുകയും ചെയ്തിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version