ദുബൈ: യു.എ.ഇ അടുത്തിടെ പ്രഖ്യാപിച്ച നിക്ഷേപ വകുപ്പിന്റെ മന്ത്രിയായി മുഹമ്മദ് ഹസൻ അൽ സുവൈദി ചുമതലയേറ്റു. പ്രസിഡന്റിനും പ്രധാനമന്ത്രിക്കും മുന്നിൽ സത്യപ്രതിജ്ഞ ചൊല്ലിയാണ് പുതിയ മന്ത്രി ചുമതലയേറ്റത്. അബൂദബി ഖസർ അൽ ശാത്തി കൊട്ടാരത്തിൽ നടന്ന ചടങ്ങിൽ യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ, വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു സത്യപ്രതിജ്ഞാ ചടങ്ങ്. വൈസ് പ്രസിഡന്റും ഉപപ്രധാനമന്ത്രിയുമായ മൻസൂർ ബിൻ സായിദ് അൽ നഹ്യാനും സന്നിഹിതനായിരുന്നു.
യു എ ഇയുടെ നിക്ഷേപ കാഴ്ചപ്പാട് വികസിപ്പിക്കുക, നിക്ഷേപ അന്തരീക്ഷം ഉത്തേജിപ്പിക്കുക, ആഗോള നിക്ഷേപ കേന്ദ്രമായും അന്താരാഷ്ട്ര നിക്ഷേപത്തിൽ സജീവ പങ്കാളിയായും യു.എ.ഇ നിലനിർത്താൻ നിയമനിർമ്മാണം നടത്തുക എന്നീ ലക്ഷ്യങ്ങളോടെയാണ് നിക്ഷേപ മന്ത്രാലയം പ്രഖ്യാപിച്ചത്. സത്യപ്രതിജ്ഞ ചടങ്ങിൽ ധനമന്ത്രി ശൈഖ് മക്തൂം ബിൻ മുഹമ്മദ്, ആഭ്യന്തര മന്ത്രി ശൈഖ് സെയ്ഫ് ബിൻ സായിദ് തുടങ്ങിയവർ പങ്കെടുത്തു.