Gulf

മെസിയും സംഘവും ദോഹയിൽ

Published

on

ദോഹ: ഫുട്‌ബോള്‍ ആരാധകര്‍ക്ക് ആവേശമായി ഇതിഹാസതാരം ലയണല്‍ മെസിയും സംഘവും ദോഹയില്‍ എത്തി. ഖത്തറിന്റെ ഉടമസ്ഥതയിലുള്ള പാരീസ് സെയ്ന്റ് ജര്‍മന്‍ (പിഎസ്ജി) ക്ലബ്ബിന്റെ ശൈത്യകാല ടൂറിന്റെ ഭാഗമായാണ് ദോഹ സന്ദര്‍ശനം. ഫിഫ ലോകകപ്പിന് ശേഷം ലയണല്‍ മെസിയും കിലിയന്‍ എംബാപ്പെയും നെയ്മറും അടങ്ങുന്ന താര സംഘത്തിന് ദോഹയിലേയ്ക്കുള്ള വരവ് ആവേശപൂര്‍വമാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്.

അതേസമയം, പരുക്കിനെ തുടര്‍ന്ന് നോര്‍ഡി മുകിയെല, മാര്‍കോ വെറാട്ടി, ലുക്കാസ് ലാവല്ലെ എന്നീ താരങ്ങള്‍ ഇത്തവണ ഖത്തര്‍ സന്ദര്‍ശനത്തിന് ഇല്ല. ഇന്നു വൈകിട്ട് 6.30 മുതല്‍ 7.30 വരെ ഖലീഫ രാജ്യാന്തര സ്റ്റേഡിയത്തില്‍ നടക്കുന്ന പിഎസ്ജിയുടെ പരിശീലന സെഷനില്‍ പൊതുജനങ്ങള്‍ക്ക് ടിക്കറ്റ് മുഖേന പ്രവേശനം അനുവദിച്ചിട്ടുണ്ട്.

വൈകിട്ട് നാലു മുതല്‍ പ്രവേശനം അനുവദിക്കും. പൊതുജനങ്ങളില്‍ 15,000 പേര്‍ക്കാണ് പ്രവേശനം നല്‍കുന്നത്. ഇതിനു പുറമെ ക്ഷണിക്കപ്പെട്ട അയ്യായിരത്തിലധികം പേരും പരിശീലനം കാണാന്‍ എത്തും. ഒരു മാസത്തിന്റെ ഇടവേളയില്‍ ഇഷ്ടതാരങ്ങളെ വീണ്ടും നേരില്‍കാണാന്‍ കഴിയുന്നതിന്റെ സന്തോഷത്തിലാണ് ആരാധകരും.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version