Gulf

ഇന്ത്യ സന്ദര്‍ശനം പൂര്‍ത്തിയാക്കി എംബിഎസ് ഒമാനിലെത്തി; സുല്‍ത്താന്‍ ഹൈതവുമായി ഇന്ന് കൂടിക്കാഴ്ച

Published

on

മസ്‌കറ്റ്: ഇന്ത്യന്‍ സന്ദര്‍ശനത്തിന് ശേഷം സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ സ്വകാര്യ സന്ദര്‍ശനത്തിനായി ഒമാനിലെത്തി. ഒമാന്‍ സുല്‍ത്താന്‍ ഹൈതം ബിന്‍ ത്വാരിഖുമായി ഇന്ന് കൂടിക്കാഴ്ച നിശ്ചയിച്ചിട്ടുണ്ടെന്ന് സൗദി പ്രസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

തിങ്കളാഴ്ച രാത്രിയോടെയാണ് മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ മസ്‌കറ്റിലെത്തിയത്. കിരീടാവകാശി മുഹമ്മദ് രാജകുമാരന്‍ സുല്‍ത്താന്‍ ഹൈതമുമായി അന്തര്‍ദേശീയ സംഭവവികാസങ്ങളും ഉഭയകക്ഷി ബന്ധങ്ങളും ഇരുരാജ്യങ്ങള്‍ തമ്മിലുള്ള സാമ്പത്തിക സഹകരണം വര്‍ധിപ്പിക്കുന്നതിനുള്ള മാര്‍ഗങ്ങളും ചര്‍ച്ചചെയ്യുമെന്ന് ഒമാനി വിദേശകാര്യ മന്ത്രി സയ്യിദ് ബദര്‍ അല്‍ബുസൈദി അറിയിച്ചു. ഇരുരാജ്യങ്ങളും മാതൃകാപരമായ സാഹോദര്യ ബന്ധങ്ങള്‍ തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു.

ഒമാനി-സൗദി കോ ഓര്‍ഡിനേഷന്‍ കൗണ്‍സില്‍ രൂപീകരിക്കുകയും സ്ഥാപക മെമ്മോറാണ്ടത്തില്‍ ഒപ്പുവെക്കുകയും ചെയ്ത ശേഷം ഒമാനും സൗദി അറേബ്യയും തമ്മിലുള്ള ബന്ധത്തില്‍ ഗണ്യമായ പുരോഗതി കൈവരിച്ചിട്ടുണ്ടെന്നും ഒമാനി വിദേശകാര്യ മന്ത്രി കൂട്ടിച്ചേര്‍ത്തു. രാഷ്ട്രീയം, സാമ്പത്തികം, സുരക്ഷ ഉള്‍പ്പെടെ വിവിധ തലങ്ങളില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം രൂപപ്പെടുത്തുന്നതിലും ആഴത്തിലാക്കുന്നതിലും ഈ കൗണ്‍സില്‍ നിര്‍ണായക പങ്കുവഹിച്ചിട്ടുണ്ട്.

2021ല്‍ സുല്‍ത്താന്‍ ഹൈതം ഔദ്യോഗിക ചുമതലയേറ്റ ശേഷം ആദ്യമായി സന്ദര്‍ശിച്ച രാജ്യം സൗദി അറേബ്യയാണെന്നും വിദേശകാര്യ മന്ത്രി ചൂണ്ടിക്കാട്ടി. സൗദി വിഷന്‍ 2030ന് അനുസൃതമായി ഒമാന്‍ വിഷന്‍-2040 ഉള്ളതിനാല്‍ ഇരുരാജ്യങ്ങളുടെയും ഭാവിദര്‍ശനങ്ങളില്‍ പല സമാനതകളും താല്‍പര്യങ്ങളുമുണ്ട്. ലക്ഷ്യസാക്ഷാത്കാരത്തിനായി സംയോജന പദ്ധതികള്‍ ത്വരിതപ്പെടുത്തുകയും ലോജിസ്റ്റിക്‌സ്, പുനരുപയോഗ ഊര്‍ജം, ഭക്ഷ്യസുരക്ഷ, ജലവിഭവങ്ങള്‍ തുടങ്ങിയ സുപ്രധാന മേഖലകളില്‍ പുതിയ പദ്ധതികള്‍ ആവിഷ്‌കരിക്കേണ്ടതുണ്ടെന്നും അല്‍ബുസൈദി അഭിപ്രായപ്പെട്ടു.

ജി 20 ഉച്ചകോടിയില്‍ പങ്കെടുത്ത ശേഷം ഇന്ത്യയില്‍ ഔദ്യോഗിക സന്ദര്‍ശനവും പൂര്‍ത്തിയാക്കിയാണ് കിരീടാവകാശി മുഹമ്മദ് രാജകുമാരന്‍ ഇന്ത്യയില്‍ നിന്ന് പറന്നുയര്‍ന്നത്. ഇന്ത്യ നല്‍കിയ ഉജ്വല സ്വീകരണത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും രാഷ്ട്രപതി ദ്രൗപതി മുര്‍മുവിനും കിരീടാവകാശി നന്ദി അറിയിച്ചു.

ഇരു രാജ്യങ്ങളുടെയും ജനതയുടെയും താല്‍പര്യങ്ങള്‍ സംരക്ഷിക്കാന്‍ എല്ലാ മേഖലകളിലും തന്ത്രപരമായ പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിന് ശക്തമായി പ്രവര്‍ത്തിക്കാന്‍ പ്രതിജ്ഞാബന്ധമാണെന്നും മുഹമ്മദ് രാജകുമാരന്‍ രാഷ്ട്രനേതാക്കള്‍ക്ക് അയച്ച കൃതജ്ഞതാ സന്ദേശത്തില്‍ പറഞ്ഞു. തനിക്കും ഒപ്പമുള്ള പ്രതിനിധി സംഘത്തിനും ലഭിച്ച ഊഷ്മളമായ സ്വീകരണത്തിനും ആതിഥ്യമര്യാദയ്ക്കും നിങ്ങളുടെ രാജ്യത്തോടുള്ള എന്റെ വലിയ നന്ദിയും അഭിനന്ദനവും അറിയിക്കുന്നതില്‍ ഏറെ സന്തോഷമുണ്ടെന്നായിരുന്നു എംബിഎസിന്റെ കുറിപ്പ്. സൗദി ഇന്ത്യന്‍ സ്ട്രാറ്റജിക് പാര്‍ട്ണര്‍ഷിപ്പ് കൗണ്‍സില്‍ യോഗതീരുമാനങ്ങളെയും ഇന്ത്യയുടെ അധ്യക്ഷതയില്‍ നടന്ന ജി20 ഉച്ചകോടിയിലെ തീരുമാനങ്ങളെയും കിരീടാവകാശി അഭിനന്ദിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version