Gulf

സ്വദേശിവത്കരണ ശ്രമങ്ങള്‍ക്കിടയിലും പ്രവാസികളുടെ എണ്ണത്തില്‍ വന്‍ വര്‍ധന; കുവൈറ്റില്‍ 68.3% വിദേശികള്‍

Published

on

കുവൈറ്റ് സിറ്റി: ഗള്‍ഫ് രാജ്യങ്ങള്‍ സ്വദേശിവത്കരണം ശക്തമായി തുടരുമ്പോഴും പ്രവാസികളുടെ എണ്ണം വര്‍ധിച്ചതായി കണക്കുകള്‍. കുവൈറ്റ് അധികൃതര്‍ പുറത്തുവിട്ട ഏറ്റവും പുതിയ കണക്ക് പ്രകാരം വിദേശ തൊഴിലാളികളുടെ എണ്ണത്തില്‍ വന്‍ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്.

രാജ്യത്തെ ആകെ ജനസംഖ്യയുടെ 68.3 ശതമാനം വിദേശികളാണെന്ന് കുവൈറ്റ് പബ്ലിക് അതോറിറ്റി ഫോര്‍ സിവില്‍ ഇന്‍ഫര്‍മേഷന്‍ പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു. 2023ലെ ജനസംഖ്യാ വളര്‍ച്ചാ നിരക്ക് 2005ന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിലയിലെത്തി. 2022ല്‍ രേഖപ്പെടുത്തിയ നിരക്കിനെ മറികടന്നു

കുവൈറ്റ് പൗരന്‍മാരുട എണ്ണവും നേരിയ തോതില്‍ വര്‍ധിച്ചു. സ്വദേശികളുടെ എണ്ണം 1.9 ശതമാനം വര്‍ധിച്ച് 15.3 ലക്ഷമായി. പ്രവാസി ജനസംഖ്യ 11 ശതമാനം എന്ന നിലയില്‍ കുത്തനെ വര്‍ധിച്ചു. 32.9 ലക്ഷമാണ് പ്രവാസികളുടെ ജനസംഖ്യ.

2021 അവസാനത്തോടെ കുവൈറ്റിലെ ആകെ ജനസംഖ്യയുടെ 66.1 ശതമാനം ആയിരുന്നു വിദേശികള്‍. 2023 അവസാനിച്ചപ്പോള്‍ 68.3 ശതമാനമായി ഉയര്‍ന്നു. പ്രവാസികളുടെ എണ്ണത്തില്‍ വര്‍ധനവുണ്ടായെങ്കിലും കൊവിഡ് മഹാമാരിക്ക് മുമ്പുള്ള നിലയേക്കാള്‍ അല്‍പം കുറവാണ്. അക്കാലത്ത് പ്രവാസികളുടെ എണ്ണം 70 ശതമാനം ആയിരുന്നു.

അതേസമയം, രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചയില്‍ കാര്യമായ പുരോഗതിയില്ല. 2010 മുതല്‍ 2019 വരെയുള്ള ശരാശരി വാര്‍ഷിക വളര്‍ച്ചയായ 2.5 ശതമാനവുമായി താരതമ്യപ്പെടുത്തുമ്പോള്‍ സ്ഥിരവും എന്നാല്‍ താരതമ്യേന മന്ദഗതിയിലുള്ള വളര്‍ച്ചയുമാണ് കാണിക്കുന്നത്.

സ്വദേശിവത്കരണം ഏറ്റവും ശക്തമായി നടപ്പാക്കിയ സൗദി അറേബ്യയില്‍ സ്വദേശികളുടെയും വിദേശികളുടെയും ശമ്പളം വര്‍ധിക്കുകയും ഇന്ത്യക്കാര്‍ ഉള്‍പ്പെടെയുള്ള പ്രവാസികളുടെ റിക്രൂട്ട്‌മെന്റ് ശക്തമാവുകയും ചെയ്തുവെന്ന റിപോര്‍ട്ടുകള്‍ നേരത്തേ പുറത്തുവന്നിരുന്നു. സൗദിയേക്കാള്‍ അല്‍പം വൈകിയാണെങ്കിലും സ്വദേശിവത്കരണ നിയമങ്ങള്‍ കൊണ്ടുവന്ന യുഎഇയിലും വിദേശ തൊഴിലാളികളുടെ എണ്ണത്തില്‍ കുറവുണ്ടായിട്ടില്ല. മാത്രമല്ല, ഈ രാജ്യങ്ങളിലെല്ലാം ഇന്ത്യയില്‍ നിന്ന് വലിയ തോതില്‍ തൊഴിലാളികള്‍ എത്തുകയും ചെയ്തു.

കൊവിഡ് മഹാമാരി കാലത്ത് വന്‍തോതില്‍ പ്രവാസികള്‍ ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് മടങ്ങിയിരുന്നു. എന്നാല്‍, കാര്യങ്ങള്‍ പഴയനിലയിലേക്ക് വന്നതോടെ ഇന്ത്യയില്‍ നിന്നുള്ള റിക്രൂട്ട്‌മെന്റുകള്‍ വര്‍ധിക്കുകയാണ് ചെയ്തതെന്ന് സൗദിയിലെ ഇന്ത്യന്‍ നയതന്ത്ര കാര്യാലയ ഉദ്യോഗസ്ഥര്‍ നേരത്തെ ചൂണ്ടിക്കാട്ടിയിരുന്നു. സൗദിയില്‍ വലിയ വികസന പദ്ധതികളും ടൂറിസം പ്രൊജക്റ്റുകളും വരുന്നതിനാലും രാജ്യം സാമ്പത്തിക മുന്നേറ്റത്തിന്റെ ശക്തമായ പാതയിലാണ് എന്നതിനാലും വരും വര്‍ഷങ്ങളിലും പ്രവാസികളുടെ എണ്ണം വര്‍ധിച്ചേക്കും.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version