ഇസ്തംബൂൾ: യുവേഫ ചാമ്പ്യൻസ് ലീഗ് ഫുട്ബോൾ കിരീടം മാഞ്ചസ്റ്റർ സിറ്റിക്ക്. ഫൈനലിൽ ഇന്റർ മിലാനെ എതിരില്ലാത്ത ഒരു ഗോളിനാണ് സിറ്റി പരാജയപ്പെടുത്തിയത്. ആദ്യമായാണ് മാഞ്ചസ്റ്റർ സിറ്റി ചാമ്പ്യൻസ് ലീഗ് കിരീടത്തിൽ മുത്തമിടുന്നത്. വിജയത്തോടെ മാഞ്ചസ്റ്റർ യുണൈറ്റഡിന് ശേഷം ട്രിപിൾ കിരീടം നേടുന്ന ആദ്യ പ്രീമിയർ ലീഗ് ടീമാകാനും മാഞ്ചസ്റ്റർ സിറ്റിക്കായി. നേരത്തെ പ്രീമിയർ ലീഗ് കിരീടവും എഫ്.എ കപ്പും സിറ്റി സ്വന്തമാക്കിയിരുന്നു.
ആദ്യ പകുതിയിൽ മികച്ച തുടക്കമായിരുന്നില്ല സിറ്റിക്ക് ലഭിച്ചത്. ഇന്റർ മിലാൻ കൃത്യമായി സിറ്റിയുടെ ഓരോ ആക്രമണങ്ങളുടെയും മുനയൊടിച്ചു.26-ാം മിനുറ്റിൽ ഏർലിങ് ഹാളണ്ടിന് മികച്ച അവസരം ലഭിച്ചെങ്കിലും ഇന്റർ ഗോൾ കീപ്പർ ഒനാന തട്ടിയകറ്റി. സൂപ്പർ താരം ഡിബ്രൂയിൻ പരിക്ക് പറ്റി 35-ാം മിനുറ്റിൽ കളംവിട്ടതും ആദ്യ പകുതിയിൽ ടീമിന് തിരിച്ചടിയായി.
രണ്ടാം പകുതിയിൽ ഇന്ററിനെ മുന്നിലെത്തിക്കാനുള്ള സുവർണാവസരം ലഭിച്ചെങ്കിലും ലൗട്ടാരോ മാർട്ടിനെസിനു പിഴച്ചു. ഇതിന്റെ വില ഇന്റർ മിലാൻ അറിഞ്ഞത് കളിയുടെ 68-ാം മിനിറ്റിലാണ്. സ്പാനിഷ് താരം റോഡ്രിയാണ് ഇന്റർ വല കുലുക്കിയത്. പിന്നീട് ഒപ്പമെത്താൻ അവർ കിണഞ്ഞു ശ്രമിച്ചെങ്കിലും സിറ്റിയുടെ പ്രതിരോധ വലയം ഭേദിക്കാനായില്ല.
പ്രീമിയർ ലീഗ്, എ.ഫ്.എ കപ്പ് കിരീടങ്ങൾ നേരത്തെ നേടിയ സിറ്റിക്ക് ചാമ്പ്യൻസ് ലീഗ്
വിജയത്തോടെ സീസണിൽ ട്രെബിൾ തികയ്ക്കാനായി.