റിയാദ്: മലയാളി യുവാവ് സൗദി കിഴക്കൻ പ്രവിശ്യയിലെ ജുബൈലിൽ മരിച്ചു. മലപ്പുറം പട്ടിക്കാട് സ്വദേശി സുരേഷ്ബാബു വെണ്ണേക്കോട്ട് (45) ഹൃദയഘാതത്തെ തുടർന്ന് മരിച്ചത്. ജുബൈലിലെ താമസസ്ഥലത്ത് ബോധരഹിതനായതിനെ തുടർന്ന് സമീപത്തുള്ള ആശുപത്രിയിൽ ആണ് ആദ്യം എത്തിച്ചത്.
തുടർ ചികിത്സക്കായി ജുബൈൽ അൽമാനാ ഹോസ്പിറ്റലിലേക്ക് എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കുറച്ചു ദിവസങ്ങളായി ഗ്യാസ്ട്രിക് സംബന്ധമായ പ്രശ്നങ്ങളിൽ സുരേഷ് ചികിത്സ തേടിയിരുന്നു. ജുബൈലിലെ ഷട്ഡൗൺ പ്രൊജെക്ടുകളിൽ ടെക്‌നിഷ്യൻ ആയി ജോലി ചെയ്തു വരികയായിരുന്നു സുരേഷ്. മൃതദേഹം അൽമാനാ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണെന്ന് നടപടികൾക്ക് നേതൃത്വം നൽകുന്ന പ്രവാസി വെൽഫെയർ ജനസേവന വിഭാഗം കൺവീനർ സലിം ആലപ്പുഴ അറിയിച്ചു. ഔദ്യോഗിക നടപടികൾക്ക് ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും. പിതാവ്: കൃഷ്ണൻ വെണ്ണേക്കോട്ട്, മാതാവ്: ലക്ഷ്മി, ഭാര്യ: കെ.എം. രമ്യ. മക്കൾ: തനൂജ്, തീർത്ഥ. സഹോദരൻ: ഹരിദാസ്.