മുംബൈ: മലയാളി യുവതാരം നൗഫൽ പിഎൻ ഇനി നിലവിലെ ഐഎസ്എൽ ജേതാക്കളായ മുംബൈ സിറ്റിക്ക് വേണ്ടി കളിക്കും. അടുത്ത മൂന്ന് സീസണിലേക്കുള്ള കരാറിലാണ് ധാരണയുണ്ടായത് എന്നാണ് റിപ്പോർട്ടുകൾ. വർഷങ്ങളായി ഐ ലീഗിൽ ഗോകുലം കേരളയുടെ മികച്ച അറ്റാക്കിങ് താരമായ നൗഫൽ കഴിഞ്ഞ സീസണുകളിലൊക്കെയും മികച്ച പ്രകടനമാണ് കാഴ്ച്ച വെച്ചിരുന്നത്. അവസാനമായി കേരളം സന്തോഷ് ട്രോഫി കിരീടം നേടിയപ്പോൾ നിർണ്ണായക പങ്ക് വഹിച്ച താരം കൂടിയായിരുന്നു നൗഫൽ. ഗോകുലം കേരളയ്ക്ക് മുമ്പ് എ ഡിവിഷൻ ടീമായ ബാസ്കോ ഒതുക്കുങ്ങൽ താരമായിരുന്നു ഈ 23 വയസ്സുകാരൻ. കോസ്മോസ് ക്ലബിലൂടെയാണ് കോഴിക്കോട് തിരുവമ്പാടി സ്വദേശിയായ താരം പന്ത് തട്ടി തുടങ്ങുന്നത്.
അടുത്ത സീസൺ മുതൽ നിലവിലെ ചാമ്പ്യന്മാരുടെ സ്‌ക്വാഡിൽ പന്ത് തട്ടുമ്പോൾ ടീമിലെ ഏക മലയാളി സാന്നിധ്യം കൂടിയാവും നൗഫൽ. ബോക്സിലേക്ക് പന്ത് എത്തിക്കുന്നതിലും പ്രതിരോധ നിരയെ മറികടന്ന് വേഗത്തിൽ ഉള്ളിലേക്ക് കയറുന്നതിനും പ്രത്യേക കഴിവുള്ള താരമാണ്. ‘ഐഎസ്എൽ കളിക്കുക വലിയ സ്വപ്നമായിരുന്നു. അത് നിലവിലെ ചാമ്പ്യന്മാർക്കൊപ്പമാവുക വലിയ സന്തോഷം നൽകുന്നു. മികച്ച പ്രകടനം കാഴ്ച്ച വെച്ച് ഇന്ത്യൻ ടീമിലെത്തുകയാണ് ലക്ഷ്യം.’ നൗഫൽ പിഎൻ റിപ്പോർട്ടറിനോട് പറഞ്ഞു.