ന്യൂഡല്‍ഹി: മതപരിവര്‍ത്തനം ആരോപിച്ച് മലയാളി ദമ്പതികളെ യുപി പോലീസ് അറസ്റ്റ് ചെയ്തു. ബജ്രംഗ്ദള്‍ പ്രവര്‍ത്തകന്റെ പരാതിയെ തുടര്‍ന്നാണ് പാസ്റ്റര്‍ സന്തോഷ് ജോണിനെയും (55) ഭാര്യ ജിജിയെയും(50) അറസ്റ്റ് ചെയ്തത്. ഉത്തര്‍ പ്രദേശിലെ ഗാസിയാബാദ് ഇന്ദിരാ പുരത്താണ് സംഭവം.
ദമ്പതികള്‍ ആളുകളെ ക്രിസ്തുമതത്തിലേക്ക് പരിവര്‍ത്തനം ചെയ്യുന്നുവെന്ന് ആരോപിച്ച് ബജ്രംഗ്ദള്‍ പ്രവര്‍ത്തകന്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. ഇരുവരും ക്രിസ്തുമതം സ്വീകരിക്കാന്‍ ആളുകളെ പ്രേരിപ്പിക്കുന്നതായും പരാതിയില്‍ പറയുന്നു. എന്നാല്‍, സന്തോഷും ഭാര്യയും പ്രസംഗങ്ങള്‍ നടത്തുമെങ്കിലും ആരെയും മതപരിവര്‍ത്തനത്തനത്തിന് നിര്‍ബന്ധിക്കാറില്ലെന്ന് അയല്‍വാസികള്‍ പറഞ്ഞതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു.
2021ലെ ഉത്തര്‍പ്രദേശ് നിയമവിരുദ്ധ മതപരിവര്‍ത്തന നിരോധന നിയമം പ്രകാരമാണ് ദമ്പതികള്‍ക്കെതിരെ പൊലീസ് കേസെടുത്തിരിക്കുന്നത്. കുറ്റം തെളിഞ്ഞാല്‍ ഒരു വര്‍ഷം മുതല്‍ അഞ്ച് വര്‍ഷം വരെ ഇവര്‍ ജയിലില്‍ കഴിയേണ്ടി വരും.
അതേസമയം, അറസ്റ്റിനെതിരെ കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ എംപി രംഗത്തുവന്നു. ഇത്തരം കാര്യങ്ങള്‍ തുടര്‍ച്ചയായി സംഭവിക്കുന്നത് രാജ്യത്തിന് നാണക്കേടുണ്ടാക്കുമെന്ന് സര്‍ക്കാരിന് എന്തുകൊണ്ട് പറഞ്ഞുകൂടാ എന്ന് ശശി തരൂര്‍ ട്വീറ്റിലൂടെ ചോദിച്ചു.