ദുബായ്: ഡെലിവറി ബൈക്കുകൾ പരിസ്ഥിതി സൗഹൃദമാക്കുന്നതിന് പുതിയ പദ്ധതിയുമായി ദുബായ് റോഡ് ഗതാഗത അതോറിറ്റി. ഇലക്ട്രിക് ബൈക്കുകളിലേക്ക് ഡെലിവറി കമ്പനികളെ മാറാൻ പ്രേരിപ്പിക്കുന്ന വിവിധ പദ്ധതികളാണ് നടപ്പാക്കുക. അടിസ്ഥാനസൗകര്യം വികസിപ്പിക്കുക, ലൈസൻസിങ്ങിന്റെയും രജിസ്ട്രേഷന്റെയും പ്രക്രിയകൾ പുനഃപരിശോധിക്കുക, ഇ-ബൈക്ക് ബാറ്ററികളുടെ ചാർജിങ് സ്റ്റേഷനുകൾ നിർമിക്കുക എന്നിവയാണ് ആർടിഎ ഈ രംഗത്ത് നടപ്പാക്കുന്നത്.
പദ്ധതിയിലൂടെ സുസ്ഥിരവും ശുദ്ധവും പരിസ്ഥിതി സൗഹൃദപരവുമായ ഊർജ ഉപയോഗം ഗതാഗതരംഗത്ത് വർധിപ്പിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണിതെന്ന് ആർടിഎ വ്യക്തമാക്കി. ഈ നടപടി നിർണ്ണായകമാണെന്ന് ആർടിഎ വാണിജ്യ ഗതാഗത വകുപ്പ് ഡയറക്‌ടർ മുഹന്നദ് ഖാലിദ് അൽ മുഹൈരി വിശദീകരിച്ചു. രാജ്യം സുസ്ഥിരവർഷം ആചരിക്കുന്ന പശ്ചാത്തലത്തിൽകൂടിയാണ് ഈപദ്ധതി ആവിഷ്കരിച്ചതെന്ന് അധികൃതർ വാർത്തക്കുറിപ്പിൽ പറയുന്നുണ്ട്.
ഇലക്ട്രിക് വാഹന മേഖലയിലെ വിദഗ്ധരെ ഉൾപ്പെടുത്തി ആർടിഎ ഇ-ബൈക്കുകളുടെ പ്രോട്ടോടൈപ്പ് രൂപപ്പെടുത്താൻ മുന്നോട്ടുവന്നിട്ടുണ്ട്. ഇതുവഴി കമ്പനികളെ പുതിയ രീതി സ്വീകരിക്കാൻ പ്രേരിപ്പിക്കുകയാണ് ലക്ഷ്യമിടുന്നത്. ഇ-ബൈക്കുകളിലേക്കുള്ള മാറ്റത്തിന് ദുബായിൽ ഒന്നടങ്കം ആർടിഎ ചാർജിങ് സ്റ്റേഷനുകൾ ആരംഭിക്കും. അതോടൊപ്പം ഇ-ബൈക്കുകൾ ഉപയോഗിക്കുന്നത് കമ്പനികളുടെ പ്രവർത്തന ചെലവ് കുറക്കുന്നതുമാണ്. പരമ്പരാഗത മോട്ടാർ ബൈക്കുകളിൽനിന്ന് വ്യത്യസ്തമായി ഏറ്റവും പുതിയ സാങ്കേതികവിദ്യകൾ ഉപയോഗിച്ച ഇലക്ട്രിക് ബൈക്കുകളുടെ ഉപയോഗം അപകടങ്ങളും കുറക്കുന്നതാണ്. 2030ഓടെ കാർബൺ പുറന്തള്ളൽ 30 ശത മാനം കുറക്കാനുള്ള ദുബായിയുടെ പദ്ധതിക്ക് ചുവടുപിടിച്ച് നടപ്പാക്കുന്ന പദ്ധതികളുടെ ഭാഗമാണിതെന്ന് മുഹന്നദ് ഖാലിദ് അൽ മുഹൈരി പറഞ്ഞു.