മസ്കറ്റ്: മജ്ലിസ് ശൂറ തെരഞ്ഞെടുപ്പിനുള്ള അന്തിമ വോട്ടര്‍പട്ടിക ആഭ്യന്തര മന്ത്രാലയം പ്രസിദ്ധീകരിച്ചു. പത്താമത് മജ്ലിസ് ശൂറ തെരഞ്ഞെടുപ്പിനുള്ള തയ്യാറെടുപ്പുകൾ ആണ് നടക്കുന്നത്. രാജ്യത്തിന് പുറത്തുമുള്ള 753,690 പൗരന്മാര്ക്കാണ് ഇത്തവണ വോട്ടവകാശമുള്ളത്.
ഒക്ടോബർ 29നാണ് വോട്ടെടുപ്പ് നടക്കുക. വിദേശത്തുള്ള ഒമാൻ പൗരൻമാർക്ക് ഒക്ടോബർ 22നാണ് വോട്ടു ചെയ്യാൻ സൗകര്യം ഒരുക്കിയിരിക്കുന്നത്. രാവിലെ എട്ടു മുതൽ വൈകീട്ട് ഏഴുമണിവരെയാകും വോട്ട് ചെയ്യാൻ സമയം ലഭിക്കുക. വോട്ടിങ്ങിനുള്ള നടപടികളും ക്രമങ്ങളും എല്ലാം ആഭ്യന്തര മന്ത്രാലയം വിശദീകരിക്കും. അതുമായി ബന്ധപ്പെട്ട അറിയിപ്പ് മന്ത്രാലയം നൽകുമെന്ന് അധികൃതർ അറിയിച്ചു.
ഇലക്ട്രോണിക് വോട്ടിങ് രീതിയാണ് പത്താമത് മജ്ലിസ് ശൂറ തെരഞ്ഞെടുപ്പിന് ഉപയോഗിക്കുന്നത്. ആദ്യമായിട്ടാണ് ശൂറ തെരഞ്ഞെടുപ്പിന് ഇ വോട്ടിങ് രീതി ഉപയോഗിക്കുന്നത്. ഇത് വരെ പേപ്പർ ഉപയോഗിച്ചുള്ള വോട്ടിങ് രീതിയായിരുന്നു ഉണ്ടായിരുന്നത്. രാജ്യത്തിന് പുറത്തുള്ളവരും ഒമാനിലുള്ളവരുമായ വോട്ടര്‍മാര്‍ക്ക് ഇലക്ട്രോണിക് പ്ലാറ്റ്ഫോം വഴി വോട്ട് ചെയ്യാൻ സാധിക്കും. വെബ്സൈറ്റ് വഴിയാകും തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കുന്നത്. സുപ്രീം ഇലക്ഷന് കമ്മിറ്റിയെ സുപ്രീം കോര്‍ട്ട് ഡെപ്യൂട്ടി ചെയര്‍മാനാണ് നയിക്കുക. ഇദ്ദേഹത്തെ സഹായിക്കാൻ വേണ്ടി ആഭ്യന്തര മന്ത്രാലയത്തിലെ രണ്ട് ഉദ്യോഗസ്ഥരും ഉണ്ടായിരിക്കും.