Gulf

ചെറിയ പെരുന്നാൾ; ദുബായിൽ സൗജന്യ പാർക്കിംഗ് പ്രഖ്യാപിച്ചു

Published

on

ദുബായ്: ചെറിയ പെരുന്നാൾ ദിനത്തോടനുബന്ധിച്ച്‌ ഫ്രീ പാർക്കിംഗ് പ്രഖ്യാപിച്ച്‌ ദുബായ് ആർടിഎ. ദുബായിലെ മൾട്ടി ലെവൽ പാർക്കിംഗ് ടെർമിനലുകൾ ഒഴികെയുള്ള എല്ലാ പൊതു പാർക്കിംഗുകളും റമദാൻ 29 മുതൽ ശവ്വാൽ മൂന്നു വരെ സൗജന്യമായിരിക്കുമെന്ന് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർടിഎ)യാണ് അറിയിച്ചത്. ശവ്വാൽ നാലിന് നിരക്കുകൾ പുനഃരാരംഭിക്കുമെന്നും അതോറിറ്റി വെള്ളിയാഴ്ച അറിയിച്ചു. ഞായറാഴ്ചകളിൽ പാർക്കിംഗ് എപ്പോഴും സൗജന്യമായതിനാൽ തുടർച്ചയായി ആറ് ദിവസത്തെ സൗജന്യ പാർക്കിംഗ് ആണ് ലഭിക്കാൻ പോകുന്നത്.

റമദാന്‍ 29മുതല്‍ ശവ്വാല്‍ മൂന്ന് വരെയാണ് ഫ്രീ പാര്‍ക്കിങ് പ്രഖ്യാപിച്ചിരിക്കുന്നത്. റമദാന്‍ 29 എന്ന് പറയുന്നത് തിങ്കളാഴ്ചയാണ്, അന്ന് ശവ്വാല്‍ മാസപിറവി കാണുകയാണെങ്കില്‍ തിങ്കള്‍, ചൊവ്വ, ബുധന്‍, വ്യാഴം ദിവസങ്ങളില്‍ ഫ്രീ പാര്‍ക്കിങ് ലഭിക്കും. ഏപ്രിൽ എട്ടിനാണ് റമദാൻ 29. അതിനാൽ സാധാരണ നോ-പേ പാർക്കിംഗ് ദിവസമായ ഏപ്രിൽ ഏഴ് മുതൽ ജനങ്ങൾക്ക് സൗജന്യ പാർക്കിംഗ് ആസ്വദിക്കാനാകും.

തിങ്കളാഴ്ച മാസപ്പിറവി കാണുകയാണെങ്കിൽ റമദാൻ മാസത്തിന്റെ അവസാന ദിവസമായിരിക്കും. അങ്ങനെയെങ്കിൽ ഏപ്രിൽ ഒൻപതിന് ചൊവ്വാഴ്ചയാകും ചെറിയ പെരുന്നാൾ. തിങ്കളാഴ്ച മാസപ്പിറ കണ്ടില്ലെങ്കിൽ വിശുദ്ധ റമദാൻ മാസം 30 ദിവസം പൂർത്തീകരിക്കും. ചൊവ്വാഴ്ചയാണ് മാസപ്പിറവി കാണുന്നതെങ്കിൽ തിങ്കൾ, ചൊവ്വ, ബുധൻ, വ്യാഴം, വെള്ളി ദിവസങ്ങളിൽ ഫ്രീ പാർക്കിങ് ലഭിക്കും. റമദാൻ 28 ഞായറാഴ്ച ആയതിനാൽ ആറ് ദിവസത്തെ ഫ്രീ പാർക്കിം​ഗായിരിക്കും ലഭിക്കുക.

ഈദ് അവധി ദിവസങ്ങളിൽ എല്ലാ കസ്റ്റമർ ഹാപ്പിനസ് സെൻ്ററുകളും അടച്ചിടും. എന്നിരുന്നാലും, ഉം റമൂൽ, ദെയ്‌റ, ബർഷ, അൽ കിഫാഫ് കേന്ദ്രങ്ങളിലെ സ്മാർട്ട് കസ്റ്റമർ സെൻ്ററുകൾ, ആർടിഎ ഹെഡ് ഓഫീസ് എന്നിവ സാധാരണ പോലെ 24/7 പ്രവർത്തിക്കും.

ചെറിയ പെരുന്നാൾ ദിനത്തോടനുബന്ധിച്ച് പൊതു​ഗതാ​ഗത സമയക്രമങ്ങളും പ്രഖ്യാപിച്ചിട്ടുണ്ട്. ഏപ്രിൽ 6 ന് രാവിലെ 5മണി മുതൽ പുലർച്ചെ 1മണി വരെയായിരിക്കും ദുബായ് മെട്രോ സർവീസ് നടത്തുക. ഏപ്രിൽ 7 ഞായറാഴ്ച രാവിലെ 8മണി മുതൽ പുലർച്ചെ 1മണിവരേയും ഏപ്രിൽ 8-13 തിങ്കൾ മുതൽ ശനി വരെ 8മണി മുതൽ 12മണിവരേയും ഏപ്രിൽ 14 ഞായറാഴ്ച രാവിലെ 8മണി മുതൽ 12മണി വരെയുമാണ് ദുബായ് മെട്രോ പ്രവർത്തിക്കുക.
തിങ്കൾ മുതൽ ശനി വരെ രാവിലെ 6 മുതൽ ഒരു മണി വരേയും ഞായറാഴ്ച രാവിലെ 9 മുതൽ ഒരുമണി വരേയും ദുബായ് ട്രാം സർവീസ് നടത്തും. ചെറിയ പെരുന്നാൾ അവധിക്കാലത്ത് ദുബായ് ബസുകളുടെയും ഇൻ്റർസിറ്റി ബസുകളുടെയും പ്രവർത്തന സമയത്തിൽ ക്രമീകരണമുണ്ടാകും. യാത്രക്കാർക്ക് ആർടിഎയുടെ ആപ്പിൽ പുതുക്കിയ മെട്രോയും മറൈൻ ട്രാൻസ്പോർട്ട് സമയവും പരിശോധിക്കാവുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version