അർജൻറീനയുടെ (Argentina) സൂപ്പർതാരം ലയണൽ മെസിക്ക് (Lionel Messi) ഇനി ലോകഫുട്ബോളിൽ നേടാനായി ഒന്നും തന്നെയില്ല. ക്ലബ്ബ് ഫുട്ബോളിൽ ചാമ്പ്യൻസ് ലീഗ് അടക്കം വമ്പൻ കിരീടങ്ങളെല്ലാം മെസി സ്വന്തമാക്കിയിട്ടുണ്ട്. രാജ്യാന്തര ഫുട്ബോളിൽ കോപ്പ അമേരിക്കയ്ക്ക് പിന്നാലെ 2022ലെ ഫുട്ബോൾ കിരീടവും അർജൻറീനയിലെത്തിച്ചു. ലോകകപ്പിലെ ഏറ്റവും മികച്ച താരവുമായി. ഇപ്പോഴിതാ ലോക ഫുട്ബോളിലെ സമുന്നത പുരസ്കാരമായ ബാലൺ ഡിയോർ എട്ടാം തവണയും നേടുകയും ചെയ്തു.
2022 ലോകകപ്പ് നേടിയതോടെ തന്നെ മെസിക്ക് തൻെറ കരിയറിൽ പൂർണ സംതൃപ്തി വന്നിട്ടുണ്ട്. ഇനിയൊരു ലോകകപ്പ് കളിക്കാൻ താനില്ലെന്ന് താരം ഇതിനോടകം വ്യക്തമാക്കിയിട്ടുണ്ട്. 2026 ലോകകപ്പ് ആവുമ്പോഴേക്കും മെസിയുടെ പ്രായം 39 ആവും. അതിനാൽ തന്നെ യുവതാരങ്ങൾക്ക് വഴിമാറി കൊടുക്കാനാണ് മെസിയുടെ തീരുമാനം.
നിലവിൽ അമേരിക്കൻ ഫുട്ബോൾ ലീഗിലെ ഇൻറർ മയാമിക്ക് വേണ്ടിയാണ് മെസി കളിക്കുന്നത്. ക്ലബ്ബിൽ ചേർന്നതിന് ശേഷമാണ് ഇനിയൊരു ലോകകപ്പ് കളിക്കില്ലെന്ന് താരം പ്രഖ്യാപിച്ചത്. എന്നാൽ, ആ തീരുമാനത്തിൽ മാറ്റം വരുമെന്ന പ്രതീക്ഷയിലാണ് അർജൻറീന ആരാധകരും ലയണൽ മെസിയുടെ സഹതാരങ്ങളും.
മെസി 2026 ലോകകപ്പ് കളിക്കണമെന്ന് പരസ്യമായി ആവശ്യപ്പെട്ടിരിക്കുകയാണ് അർജൻറീനയുടെ ഫുൾബാക്ക് ആയ നിക്കോളാസ് തഗ്ലിയാഫിക്കോ. കോപ്പ അമേരിക്ക നിലനിർത്താൻ സാധിച്ചാൽ മെസി 2026 ലോകകപ്പും കളിക്കുമെന്നാണ് താരം പറയുന്നത്. അടുത്ത വർഷം നടക്കുന്ന കോപ്പ അമേരിക്ക നിലനിർത്താനാണ് അർജൻറീന ശ്രമിക്കുന്നത്.
“അടുത്ത ലോകകപ്പിൽ മെസി കളിക്കണമെങ്കിൽ എന്താണ് സംഭവിക്കേണ്ടതെന്ന് നിങ്ങൾക്കറിയാമോ? കോപ്പ അമേരിക്ക കിരീടം അർജൻറീന വീണ്ടും സ്വന്തമാക്കണം. ഖത്തറിൽ ഞങ്ങൾ ലോകകപ്പ് നേടിയില്ലായിരുന്നുവെങ്കിൽ മെസി എല്ലാം അവിടെ അവസാനിപ്പിച്ചേനെ. പക്ഷേ, മെസി അത് നേടിയെടുത്തു. കിരീടം നേടിയതിന് ശേഷമുള്ള സമയം അദ്ദേഹം ആഘോഷിക്കുകയാണ്. നമ്മൾ അമേരിക്കയിൽ പോയി കോപ്പ അമേരിക്ക നിലനിർത്തിയാൽ മെസി ടീമിൽ ഇനിയും തുടർന്ന് കളിക്കുമെന്ന് തന്നെയാണ് ഞാൻ കരുതുന്നത്,” തഗ്ലിയാഫിക്കോ പറഞ്ഞു.
നിലവിൽ ദേശീയ ടീമിന് വേണ്ടി ലോകകപ്പ് യോഗ്യതാ മത്സരങ്ങളിൽ മെസി കളിക്കുന്നുണ്ട്. കളിച്ച നാലും ജയിച്ച് കോൻമിബോൽ യോഗ്യതാ റൌണ്ടിൽ അർജൻറീന ഒന്നാം സ്ഥാനത്താണ്. യുറഗ്വായ്, ബ്രസീൽ ടീമുകൾക്കെതിരെയാണ് അർജൻറീനയുടെ അടുത്ത മത്സരങ്ങൾ. ഇരുമത്സരങ്ങളിലും മെസി കളിക്കും. കോച്ച് ലയണൽ സ്കലോണി പ്രഖ്യാപിച്ച ടീമിൻെറ ക്യാപ്റ്റൻ മെസിയാണ്.
അർജൻറീനയെ ലോകകപ്പ് കിരീടത്തിലേക്ക് നയിച്ച തകർപ്പൻ പ്രകടനമാണ് മെസിയെ എട്ടാം ബാലൺ ഡി ഓറിന് അർഹനാക്കിയത്. വരുന്ന കോപ്പ അമേരിക്കയിലും കിരീടത്തിൽ കുറഞ്ഞതൊന്നും മെസിയും കൂട്ടരും പ്രതീക്ഷിക്കുന്നില്ല. ബ്രസീലിനെ തോൽപ്പിച്ചാണ് കഴിഞ്ഞ അർജൻറീന കോപ്പ അമേരിക്ക നേടിയത്.