ചെന്നൈ: കൊറിയന്‍ പോപ്പ് ബാന്‍ഡ് ബിടിഎസ് ആര്‍മിയെ കാണാന്‍ വീടുവിട്ടിറങ്ങിയ പെണ്‍കുട്ടികളെ കണ്ടെത്തി. 13 വയസ്സുള്ള തമിഴ്നാട് കരൂര്‍ സ്വദേശികളെയാണ് വെല്ലൂരിലെ റെയില്‍വേ സ്റ്റേഷനില്‍ നിന്നും കണ്ടെത്തിയത്. ഒരു മാസം മുമ്പ് തയ്യാറാക്കിയ പദ്ധതിയുടെ അടിസ്ഥാനത്തിലാണ് മൂവരും വീട് വിട്ടത്. സ്കൂളില്‍ പോകാന്‍ വീട്ടില്‍ നിന്നും ഇറങ്ങിയ കുട്ടികള്‍ സമയം കഴിഞ്ഞിട്ടും എത്താതായതോടെ അധ്യാപിക രക്ഷിതാക്കളെ ഫോണില്‍ ബന്ധപ്പെടുകയായിരുന്നു. തുടര്‍ന്ന് പൊലീസില്‍ വിവരം അറിയിച്ചു.
ഈറോഡ് നിന്നും ചെന്നൈയിലേക്ക് ട്രെയിന്‍ മാര്‍ഗം എത്തുക. ശേഷം വിശാഖപട്ടണത്തേക്ക് ട്രെയിനില്‍ യാത്ര. അവിടെ നിന്നും സൗത്ത് കൊറിയയിലേക്ക് കപ്പല്‍ മാര്‍ഗം പോകാനായിരുന്നു പെണ്‍കുട്ടികളുടെ പദ്ധതി. മൂവരുടേയും പക്കല്‍ ആകെ ഉണ്ടായിരുന്നത് 14,000 രൂപയാണ്. വെല്ലൂര്‍ സിറ്റിക്ക് സമീപത്തുള്ള കാട്പാടി റെയില്‍വേസ്റ്റഷനില്‍ നിന്നാണ് പെണ്‍കുട്ടികളെ കണ്ടെത്തിയത്. കാട്പാടി റെയില്‍വേ സ്റ്റേഷനില്‍ ചായ കുടിക്കാന്‍ ഇറങ്ങിയതോടെ ട്രെയിന്‍ വിട്ടുപോവുകയായിരുന്നു. തുടര്‍ന്ന് രാത്രി സ്റ്റേഷന്‍മാസ്റ്ററാണ് കുട്ടികളെ സ്റ്റേഷനില്‍ കണ്ടതും പൊലീസിനെ അറിയിച്ചതും.
ഓണ്‍ലൈനില്‍ തിരഞ്ഞാണ് മൂവരും യാത്രാ പദ്ധതി തയ്യാറാക്കിയത്. കുട്ടികളെ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ചില്‍ഡ്രന്‍സ് ഹോമിലേക്ക് മാറ്റി. മൂവര്‍ക്കും കൗണ്‍സിലിംഗ് നല്കിയ ശേഷം രക്ഷിതാക്കള്‍ക്കൊപ്പം അയക്കും. ഇംഗ്ലീഷ് മീഡിയം പഞ്ചായത്ത് സ്കൂളില്‍ പഠിക്കുന്ന പെണ്‍കുട്ടികളുടെ അമ്മമാരില്‍ ഒരാള്‍ ഗ്രാമത്തിലെ ലോവര്‍ പ്രൈമറി സ്കൂളില്‍ അധ്യാപികയായി ജോലി ചെയ്യുകയാണ്. പെണ്‍കുട്ടികളില്‍ ഒരാളുടെ പിതാവ് മാനസിക വെല്ലുവിളി നേരിടുന്ന ആളാണ്. മറ്റൊരു പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ വേര്‍പിരിഞ്ഞു കഴിയുകയാണ്. മൂവരുടെയും വീട്ടില്‍ ഇന്റര്‍നെറ്റ് സൗകര്യമുള്ള ഫോണുകള്‍ ഉണ്ടായിരുന്നു. ഈ ഘടകങ്ങളെല്ലാം പെണ്‍കുട്ടികള്‍ക്ക് ബിടിഎസുമായി അടുക്കാന്‍ കാരണമായെന്ന് കൂട്ടികളുമായി സംസാരിച്ച വെല്ലൂര്‍ ജില്ലാ ശിശുക്ഷേമ സമിതി ചെയര്മാന് പി വേദനായഗം പറഞ്ഞു.