Gulf

എമിറേറ്റ്സ് ഐഡി പുതുക്കാൻ വൈകിയോ?; പിഴയടക്കുന്നതിൽ മൂന്ന് വിഭാ​ഗങ്ങൾക്ക് ഇളവ് നൽകി യുഎഇ

Published

on

അബുദബി: എമിറേറ്റ്സ് തിരിച്ചറിയൽ കാർഡ് പുതുക്കാൻ വൈകിയാൽ ഇനി വിഷമിക്കേണ്ടതില്ല. സ്വദേശികളിലും വിദേശികളിലുമുളള മൂന്ന് വിഭാ​ഗങ്ങൾക്ക് ഐഡി കാർഡ് പുതുക്കി നൽകുന്നതിന് ഇളവ് നൽകിയിരിക്കുകയാണ് ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ് ആൻഡ് പോർട്സ് സെക്യൂരിറ്റി (ഐസിപി). ഇത് സംബന്ധിച്ച വിശദാംശങ്ങൾ ഐസിപി പ്രസിദ്ധപ്പെടുത്തി.

സ്വദേശികൾക്കും വിദേശികൾക്കും ചില സാഹചര്യങ്ങളിൽ പിഴകളിൽ ഇളവ് ലഭിക്കും. ഒരു വ്യക്തി വിദേശത്തായിരിക്കുമ്പോളാണ് എമിറേറ്റ്സ് ഐഡി കാലാവധി അവസാനിച്ചതെങ്കിൽ പിഴ നൽകേണ്ടതില്ല. എന്നാൽ ഇതിന് ചില നിബന്ധനകളുണ്ട്. ചുരുങ്ങിയത് മൂന്ന് മാസമെങ്കിലും വിദേശത്തായിരിക്കണം.യുഎഇയിൽ നിന്ന് മടങ്ങുന്ന സമയത്ത് ഐഡി കാലാവധി അവസാനിക്കാത്തതും സാധുതയുളളതുമായിരിക്കണം.

കോടതി ഉത്തരവിലൂടെ ഭരണപരമായ തീരുമാനങ്ങളിലൂടെയോ ഏതെങ്കിലും ജുഡീഷ്യൽ വിധിയിലൂടെയോ നാടുകടത്തപ്പെട്ടതിന് ശേഷം തിരിച്ചറിയൽ കാർഡ് കാലഹരണപ്പെട്ട വ്യക്തികളെയും പിഴയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. കേസുകളിൽ പെട്ട് പാസ്പോർട്ട് പിടിച്ചെടുക്കപ്പെട്ട വ്യക്തികൾക്കും ഇതേ ഇളവ് ബാധകമാണ്. നടപടികൾക്ക് വിധേയമായ കാര്യം ബന്ധപ്പെട്ട അധികാരികൾ വഴി രേഖാമൂലം തെളിയിക്കുകയും വേണം.

യുഎഇ പൗരത്വം ലഭിക്കുന്നതിന് മുമ്പും ഫാമിലി ബുക്ക് ലഭിക്കുന്നതിന് മുമ്പും തിരിച്ചറിയല്‍ കാര്‍ഡ് ലഭിക്കാത്ത വ്യക്തികള്‍ക്കും പിഴ ഇളവിന് അപേക്ഷിക്കാം. യുഎഇ പൗരന്‍മാര്‍, ഗള്‍ഫ് സഹകരണ കൗണ്‍സില്‍ രാജ്യങ്ങളിലെ പൗരന്മാര്‍, യുഎഇയില്‍ താമസിക്കുന്ന പ്രവാസികള്‍ എന്നിവരുള്‍പ്പെടെ യുഎഇയിലെ എല്ലാ താമസക്കാര്‍ക്കും എമിറേറ്റ്‌സ് ഐഡി കാര്‍ഡ് നിര്‍ബന്ധമാണ്. എമിറേറ്റ്സ് ഐഡി കാലാവധി തീരുന്നതിന് മുമ്പ് പുതുക്കണമെന്നാണ് നിയമം. പുതുക്കാൻ വൈകിയവർക്ക് 30 ദിവസത്തെ സാവകാശം നൽകുന്നുണ്ട്. മുപ്പത് ദിവസത്തിന് ശേഷം രാജ്യത്ത് തുടരുന്നവർക്ക് 20 ദിർ​ഹമാണ് പിഴ. ഇങ്ങനെ പരമാവധി 1000 ദിർഹം വരെ പിഴ ഈടാക്കും. ഐസിപിയാണ് ഐഡി പുതുക്കാത്തവർക്കെതിരെ നടപടി സ്വീകരിക്കുക.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version