കുവൈറ്റ് സിറ്റി: സ്വദേശികള്‍ക്കും പ്രവാസികള്‍ക്കും ഒരു പോലെ ഉപകാരപ്രദമാവുന്ന പുതിയ സേവനങ്ങളുമായി കുവൈറ്റ് സര്‍ക്കാരിന്റെ ഔദ്യോഗിക ആപ്പായ സഹല്‍. സിവില്‍ സര്‍വീസ് കമ്മീഷനാണ് സഹല്‍ ആപ്പ് വഴി പുതിയ ഇലക്ട്രോണിക് സേവനം പുറത്തിറക്കിയത്.
സര്‍വീസ് ബ്യൂറോ നല്‍കുന്ന ഈ സര്‍ട്ടിഫിക്കറ്റ്, കേന്ദ്ര തൊഴില്‍ സംവിധാനത്തില്‍ ഒരു വ്യക്തി രജിസ്റ്റര്‍ ചെയ്തിട്ടുണ്ടോ എന്നും രാജ്യത്തെ സംയോജിത സംവിധാനങ്ങള്‍ നടപ്പിലാക്കുന്ന ഏജന്‍സികളില്‍ ഈ വ്യക്തിക്ക് നിയമനം ലഭിച്ചിട്ടുണ്ടോ എന്നും തെളിയിക്കാനുതകുന്നതാണ്. ഈ ഇലക്ട്രോണിക് സേവനം ലഭ്യമാകുന്നതോടെ അപേക്ഷകന്റെ തൊഴില്‍, നിയമന നില എന്നിവയുമായി ബന്ധപ്പെട്ട അവശ്യ സര്‍ട്ടിഫിക്കറ്റുകള്‍ക്കായി ബന്ധപ്പെട്ട സര്‍ക്കാര്‍ ഓഫീസുകള്‍ കയറി ഇറങ്ങുന്നത് ഒഴിവാക്കുന്നതിലൂടെ ഏറെ സമയവും അധ്വാനവും ലാഭിക്കാനാവും.
ഭരണപരമായ പ്രക്രിയകള്‍ കാര്യക്ഷമമാക്കുന്നതിനും പൗരന്മാര്‍ക്കുള്ള സേവന വിതരണം മെച്ചപ്പെടുത്തുന്നതിനും സാങ്കേതികവിദ്യ പരമാവധി പ്രയോജനപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണ് സിവില്‍ സര്‍വീസ് കമ്മീഷന്‍ ഓണ്‍ലൈന്‍ സര്‍ട്ടിഫിക്കറ്റ് സംവിധാനം അവതരിപ്പിച്ചത്. സര്‍ക്കാര്‍ ഏജന്‍സികളുമായുള്ള ആശയവിനിമയം സുഗമമാക്കുകയും ഭരണപരമായ നടപടിക്രമങ്ങളില്‍ കൂടുതല്‍ സുതാര്യതയും കാര്യക്ഷമതയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന ഈ പുതിയ പദ്ധതി പൗരന്മാര്‍ക്കും താമസക്കാര്‍ക്കും ഒരുപോലെ പ്രയോജനം ചെയ്യുമെന്നും അധികൃതര്‍ അറിയിച്ചു. പുതിയ ഇലക്ട്രോണിക് സര്‍ട്ടിഫിക്കറ്റ് എങ്ങനെ ലഭ്യമാക്കാം എന്നതിനെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ക്ക് സഹല്‍ ആപ്ലിക്കേഷന്‍ നേരിട്ട് ആക്സസ് ചെയ്യുകയോ സിവില്‍ സര്‍വീസ് കമ്മീഷന്റെ ഔദ്യോഗിക വെബ്സൈറ്റ് സന്ദര്‍ശിക്കുകയോ ചെയ്യാവുന്നതാണ്.
സഹല്‍ ആപ്പ് വഴി സിവില്‍ പിഴ അടയ്ക്കാന്‍ സൗകര്യം കഴിഞ്ഞ മാസം അധികൃതര്‍ ഒരുക്കിയിരുന്നു. നീതിന്യായ മന്ത്രാലയത്തിന്റെ നേതൃത്വത്തില്‍ ആരംഭിച്ച ഈ പുതിയ സേവനം വഴി ഉപയോക്താക്കള്‍ക്ക് സിവില്‍ പിഴ അടയ്ക്കേണ്ട കേസുകള്‍ സഹല്‍ ആപ്പില്‍ കാണാന്‍ കഴിയും. പിഴകള്‍ കാരണം ഏര്‍പ്പെടുത്തിയിരിക്കുന്ന ഇടപാട് നിയന്ത്രണങ്ങള്‍ സഹല്‍ ആപ്പ് വഴി അവ അടക്കുന്നതോടെ നീങ്ങും. അതുപോലെ, കുവൈറ്റില്‍ സഹല്‍ ആപ്ലിക്കേഷന്‍ വഴി ജലവിതരണത്തിന് അപേക്ഷിക്കാനും ഈയിടെ സംവിധാനമൊരുക്കിയിരുന്നു. ഫാമിലേക്ക് ശുദ്ധീകരിച്ച വെള്ളം വിതരണം ചെയ്യാന്‍ പൊതുമരാമത്ത് വകുപ്പ് സേവനം ആരംഭിച്ചതോടെയാണിത്. പൊതുമരാമത്ത് മന്ത്രാലയത്തിന്റെ ആദ്യ ഇലക്ട്രോണിക് സേവനം കൂടിയായിരുന്നു ഇത്.