കുവൈറ്റ് സിറ്റി: കുവൈറ്റില്‍ വിദ്യാഭ്യാസ മന്ത്രാലയത്തില്‍ ജോലി ചെയ്ത മുന്‍ ഇന്ത്യന്‍ ജീവനക്കാരന്‍ 33 വര്‍ഷത്തിന് ശേഷം അര്‍ഹമായ നഷ്ടപരിഹാരം തേടുന്നു. മുടങ്ങിക്കിടക്കുന്ന ആനുകൂല്യങ്ങള്‍ തിരികെ നല്‍കണമെന്ന് ആവശ്യപ്പെട്ട് മുന്‍ പ്രവാസി വിദ്യാഭ്യാസ മന്ത്രാലയത്തിന് കത്തയച്ചതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ഇറാഖ് കുവൈറ്റില്‍ അധിനിവേശം നടത്തുകയും യുദ്ധം പൊട്ടിപ്പുറപ്പെടുകയും ചെയ്ത 1990ല്‍ ജോലി നഷ്ടമായ ശിവരാജന്‍ നാഗപ്പന്‍ ആചാരി എന്ന ഇന്ത്യക്കാരനാണ് പരാതിക്കാരന്‍. 1980 മുതല്‍ 1990 വരെ കുവൈറ്റില്‍ വിദ്യാഭ്യാസ മന്ത്രാലയത്തില്‍ ജോലി ചെയ്ത ആചാരിക്ക് അടിയന്തരമായി രാജ്യംവിടേണ്ടി വന്നതിനാല്‍ ആസമയത്ത് സേവനാനന്തര ഗ്രാറ്റുവിറ്റിയും അവധിക്കാല ശമ്പളവും നല്‍കിയില്ല.
സാനിറ്ററി ടെക്‌നീഷ്യന്‍ അസിസ്റ്റന്റായ ആചാരിക്ക് 70 കുവൈറ്റ് ദിനാര്‍ (18,908 രൂപ) മന്ത്രാലയം നല്‍കുകയും രാജ്യംവിടാന്‍ നിര്‍ബന്ധിതനാവുകയും ചെയ്തുവെന്ന് അറബ് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. വിദ്യാഭ്യാസ മന്ത്രാലയത്തിന് അയച്ച കത്തില്‍ ആചാരി മുടങ്ങിക്കിടക്കുന്ന ആനുകൂല്യങ്ങള്‍ തിരികെ നല്‍കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.
ഇന്ത്യന്‍ എംബസിയില്‍ നിന്നുള്ള കത്തിടപാടുകള്‍ പ്രകാരം കുവൈറ്റ് വിദേശകാര്യ മന്ത്രാലയം വിഷയത്തില്‍ അനുഭാവപൂര്‍വം പരിഗണിക്കണമെന്നും ആചാരിയുടെ കെട്ടിക്കിടക്കുന്ന ആനുകൂല്യങ്ങള്‍ തിരികെ നല്‍കണമെന്നും കുവൈറ്റ് അധികാരികളോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. എന്നാല്‍, സേവനാനന്തര ആനുകൂല്യം സിവില്‍ സര്‍വീസ് കമ്മീഷന്റെ അധികാരപരിധിയില്‍ വരുന്നതാണെന്നും തങ്ങള്‍ക്ക് ഉത്തരവാദിത്തമില്ലെന്നും വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു.
ആചാരിയുടെ സേവനകാലത്തെ വിവരങ്ങള്‍ മന്ത്രാലയം പരിശോധിച്ചുവരികയാണ്. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. എന്നാല്‍, മന്ത്രാലയവും തൊഴിലാളിയും തമ്മിലുള്ള കരാര്‍ വ്യക്തമായതിലൂടെ തൊഴിലാളിയുടെ അവകാശങ്ങള്‍ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത മന്ത്രാലയം തിരിച്ചറിഞ്ഞതായും മാധ്യമ റിപ്പോര്‍ട്ടില്‍ പറയുന്നു.