Connect with us

Kuwait

25,000 അനധികൃത പ്രവാസികളെ കുവൈറ്റ് നാടുകടത്തി; റിപ്പോർ‌ട്ട്

Published

on

കവൈറ്റ് സിറ്റി: 2023 ജനുവരി 19 മുതൽ കുവൈറ്റിൽ 25,000 അനധികൃത പ്രവാസികളെ നാ‌ടുകട‌ത്തിയതായി റിപ്പോർട്ട്. രാജ്യത്തെ താമസ, തൊഴിൽ നിയമങ്ങൾ ലംഘിച്ചതിന് കുറ്റക്കാരായവരെയാണ് നാടുകടത്തുന്നതെന്ന് കുവൈറ്റ് ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് തലാൽ അൽ ഖാലിദ് ഇറക്കിയ ഉത്തരവിൽ പറയുന്നു. അറേബ്യൻ ബിസിനസ് ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവരിൽ നിന്ന് രാജ്യത്തെ സംരക്ഷിക്കുക എന്നതാണ് കാമ്പയിൻ ലക്ഷ്യമിടുന്നത്. നാടുകടത്തപ്പെട്ടവരിൽ 10,000 സ്ത്രീകൾ ഉൾപ്പെടുന്നുണ്ട്. രാജ്യസുരക്ഷയ്ക്ക് ഭീഷണിയാകുന്ന ഏതെങ്കിലും പ്രവർത്തികൾ, ലഹരിക്കേസുകളിലുൾപ്പെട്ടവർ, ലഹരി വിതരണം ചെയ്തവർ, ഭിക്ഷാടനം തുടങ്ങിയ കുറ്റങ്ങൾ ചെയ്തവരാണ് പുറത്താക്കപ്പെട്ടവരിൽ അധികവും.

നിയമലംഘകർക്ക് അഭയം നൽകുന്ന കമ്പനികളോ സ്പോൺസർമാരോ കടുത്ത ശിക്ഷ നേരിടേണ്ടിവരുമെന്നും കുവൈറ്റ് അധികൃതർ വ്യക്തമാക്കി. ഏകദേശം 100,000 ആളുകളാണ് കുവൈറ്റിൽ അനധികൃതമായി താമസിക്കുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു.

Continue Reading
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Gulf

കുവൈറ്റ് തീപിടിത്തം: നോർക്ക ഹെൽപ്പ് ഡസ്ക് നമ്പറുകൾ

Published

on

By

തിരുവനന്തപുരം: കുവൈറ്റ് സിറ്റിയിലെ മംഗഫില്‍ ഫ്ലാറ്റ് സമുച്ചയത്തിലുണ്ടായ തീപിടിത്തത്തിൽ മലയാളികൾ ഉൾപ്പെട്ട സാഹചര്യത്തിൽ അടിയന്തിര സഹായത്തിനായി നോര്‍ക്ക റൂട്ട്സ് ഹെല്‍പ്പ് ഡസ്ക് തുടങ്ങി. പ്രവാസി കേരളീയര്‍ക്ക് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നോര്‍ക്ക ഗ്ലോബല്‍ കോണ്‍ടാക്ട് സെന്‍ററിന്‍റെ ടോള്‍ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയില്‍ നിന്നും) +91-8802 012 345 (വിദേശത്തുനിന്നും, മിസ്ഡ് കോള്‍ സർവീസ്) ബന്ധപ്പെടാവുന്നതാണെന്ന് നോര്‍ക്ക റൂട്ട്സ് സിഇഒ അജിത്ത് കോളശ്ശേരി അറിയിച്ചു.

10 മലയാളികളുടെ മരണമാണ് ഇതുവരെ സ്ഥിരീകരിച്ചത്. കൂടുതൽ മലയാളികൾ അപകടത്തിൽപ്പെട്ടിട്ടുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. 11 മലയാളികളുൾപ്പെടെ 49 പേർ മരിച്ചെന്നാണ് വിവരം. മരിച്ച 26 പേരെയാണ് തിരിച്ചറിഞ്ഞിരിക്കുന്നത്. പ്രവാസികളുടെ ബന്ധുക്കൾക്ക് നാട്ടിൽനിന്ന് ബന്ധപ്പെടാനുള്ള നമ്പറുകൾ അറിയാം.

നോര്‍ക്ക റൂട്ട്സ് ഹെല്‍പ്പ് ഡസ്ക് നമ്പറുകൾ

  • അനുപ് മങ്ങാട്ട് : +965 90039594
  • ബിജോയ്‌ : +965 66893942
  • റിച്ചി കെ ജോർജ് : +965 60615153
  • അനിൽ കുമാർ : +965 66015200
  • തോമസ് ശെൽവൻ : +965 51714124
  • രഞ്ജിത്ത് : +965 55575492
  • നവീൻ : +965 99861103
  • അൻസാരി : +965 60311882
  • ജിൻസ് തോമസ് : +965 65589453
  • സുഗതൻ : +96 555464554
  • ജെ സജീവ് : + 96599122984

ഇന്ത്യൻ എംബസിയുടെ ഹെൽപ്പ് ലൈൻ നമ്പരായ 965-65505246 മുഖേനെയും വിവരങ്ങൾ തേടാൻ കഴിയും.

അപകടത്തിൽ മലയാളികള്‍ ഉള്‍പ്പെടെ നിരവധി പേര്‍ക്ക് ജീവന്‍ നഷ്ടമായതില്‍ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചനം അറിയിച്ചു. അപകടത്തില്‍പെട്ടവർക്ക് അടിയന്തര സഹായം ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി കേന്ദ്ര വിദേശകാര്യ വകുപ്പ് മന്ത്രിയ്ക്ക് കത്തയച്ചു. പരിക്കേറ്റവരുടെ തുടര്‍ചികിത്സയ്ക്കും മറ്റ് അടിയന്തിര സഹായങ്ങള്‍ക്കുമായി കുവൈറ്റിലെ മലയാളി അസ്സോസിയേഷനുകളുമായും ലോക കേരളാ സഭാ അംഗങ്ങളുമായും നിരന്തര സമ്പര്‍ക്കത്തിലാണെന്ന് നോര്‍ക്ക റൂട്ട്സ് റസിഡന്റ് വൈസ് ചെയര്‍മാന്‍ പി ശ്രീരാമകൃഷ്ണന്‍ പറഞ്ഞു. എത്രമലയാളികള്‍ക്കാണ് ജീവന്‍ നഷ്ടമായതെന്നതു സംബന്ധിച്ച് ഔദ്യോഗികവിവരങ്ങള്‍ക്കായി ശ്രമിച്ചുവരികയാണെന്നും നോര്‍ക്ക റൂട്ട്സ് സിഇഒ അജിത്ത് കോളശ്ശേരിയും വ്യക്തമാക്കി.

ലോക കേരള സഭ ഉദ്ഘാടന സമ്മേളനം ഒഴിവാക്കി

കുവൈറ്റ് ദുരന്തത്തിന്‍റെ പശ്ചാത്തലത്തിൽ ലോക കേരള സഭയുടെ ഇന്നത്തെ പരിപാടികൾ ഒഴിവാക്കി. ഉദ്ഘാടന സമ്മേളനവും സെമിനാറും അനുബന്ധ പരിപാടികളുമാണ് ഒഴിവാക്കിയത്. ജൂൺ 14 , 15 തീയതികളിൽ ലോക കേരളസഭാ സമ്മേളനം നിശ്ചയിച്ച പ്രകാരം നടക്കും. ആഘോഷ പരിപാടികൾ ഉണ്ടാവില്ല.

Continue Reading

Gulf

ഉറക്കത്തിനിടെ അടുക്കളയിൽ നിന്ന് തീപടർന്നു; ആറുനില കെട്ടിടത്തിൽ നിന്ന് ചാടിയും പുക ശ്വസിച്ചും മരണം

Published

on

By

കുവൈറ്റ് സിറ്റി: ആറുനില കെട്ടിടത്തിൽ നിന്ന് പ്രാണരക്ഷാർഥം താഴേക്ക് ചാടിയും പുക ശ്വസിച്ചുമാണ് കുവൈറ്റ് തീപിടിത്തത്തിൽ മരിച്ചവരിൽ ഭൂരിഭാഗവും. കെട്ടിടത്തിൽ തീപടരുമ്പോൾ തൊഴിലാളികളിൽ പലരും ഉറക്കത്തിലായിരുന്നു. തീയും പുകയും കെട്ടിടത്തിൽ വ്യാപിച്ചതോടെയാണ് തൊഴിലാളികൾ ഉണർന്നതും രക്ഷപ്പെടാനുള്ള ശ്രമം നടത്തിയതും.

ബുധനാഴ്ച പുലർച്ചെ തെക്കൻ കുവൈറ്റിൽ തൊഴിലാളികൾ താമസിക്കുന്ന മംഗഫ് നഗരത്തിലെ കെട്ടിടത്തിൽ തീ പടരുകയായിരുന്നു. കുവൈറ്റിലെ ഏറ്റവും വലിയ കൺസ്ട്രക്ഷൻ ഗ്രൂപ്പായ എൻബിടിസിയുടെ നിയന്ത്രണത്തിലുള്ള കെട്ടിടത്തിലാണ് രാജ്യത്തെ ഞെട്ടിച്ച തീപിടിത്തമുണ്ടായത്. മലയാളിയുടെ ഉടമസ്ഥതയിലുള്ള കമ്പനിയാണ് എൻബിടിസി. തൊഴിലാളികളെ പാർപ്പിക്കാൻ കമ്പനി കെട്ടിടം വാടകയ്ക്ക് എടുക്കുകയായിരുന്നു.

പ്രാദേശിക സമയം പുലർച്ചെ 4:30ന് താഴത്തെ നിലയിലെ അടുക്കളയിൽ നിന്നാണ് തീപടർന്നതെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അടുക്കളയിൽ സൂക്ഷിച്ചിരുന്ന നിരവധി ഗ്യാസ് സിലിണ്ടറുകൾ പൊട്ടിത്തെറിച്ചത് അപകടത്തിൻ്റെ വ്യാപ്തി വർധിപ്പിച്ചു. തീ വ്യാപിച്ചതോടെ കെട്ടിടത്തിലാകെ പുക നിറഞ്ഞു. ഉറക്കത്തിലായിരുന്നതിനാൽ പലരും തീ പടരുന്ന വിവരം അറിഞ്ഞിരുന്നില്ല. പുക വ്യാപിച്ചതോടെയാണ് തീ പടർന്ന വിവരമറിയുന്നത്.

താഴത്തെ നിലയിൽ തീ പടർന്നതോടെ പലരും മുകൾ നിലയിലേക്ക് ഓടിക്കയറി. ഗ്യാസ് സിലിണ്ടറുകൾ പൊട്ടിത്തെറിച്ചതോടെ പുക ശക്തമായി. ഇതോടെ ആളുകൾക്ക് പുറത്തേക്ക് രക്ഷപ്പെടാനുള്ള സാധ്യതകൾ ഇല്ലാതായി. ഇതോടെ പലരും പ്രാണരക്ഷാർഥം കെട്ടിടത്തിൽ നിന്നും താഴേക്ക് ചാടുകയായിരുന്നു. അഞ്ചാം നിലയിൽ നിന്നാണ് കൂടുതലാളുകൾ ചാടിയത്. ഇവരിൽ പലർക്കും ജീവൻ നഷ്ടമായി. കെട്ടിടത്തിൽ കുടുങ്ങിയവരിൽ പലരും പുക ശ്വസിച്ചാണ് മരിച്ചത്.

അപകടവിവരമറിഞ്ഞ് സ്ഥലത്തെത്തിയ അഗ്നിശമന സേന കെട്ടിടത്തിൽ നിന്ന് ആളുകളെ ഒഴിപ്പിച്ചു. നിരവധി അഗ്നിശമന സേന സംഘങ്ങൾ എത്തിയാണ് തീയണച്ചത്. കെട്ടിടത്തിൽ 162 തൊഴിലാളികൾ ഉണ്ടായിരുന്നുവെന്നാണ് റിപ്പോർട്ട്. മലയാളികൾ ഉൾപ്പെടെയുള്ളവരാണ് മരിച്ചത്. അപകടത്തെത്തുടർന്ന് ഇന്ത്യൻ എംബസി ഹെല്പ് നമ്പർ (965-65505246) പുറത്തിറക്കി. 195ലധികം തൊഴിലാളികളെ പാർപ്പിക്കാനാണ് എൻബിടിസി കെട്ടിടം വാടകയ്ക്ക് എടുത്തത്.

Continue Reading

Gulf

കുവൈറ്റ് സിവില്‍ ഐഡിയില്‍ അഡ്രസ് പുതുക്കിയില്ലെങ്കില്‍ 100 ദിനാര്‍ പിഴ നല്‍കേണ്ടിവരും

Published

on

By

കുവൈറ്റ് സിറ്റി: കുവൈറ്റ് സിവില്‍ ഐഡന്റിഫിക്കേഷന്‍ കാര്‍ഡില്‍ നിലവില്‍ നല്‍കിയിരിക്കുന്ന വിലാസത്തിലെ താമസ സ്ഥലം മാറിയവര്‍ അത് ഓണ്‍ലൈനായി പുതുക്കിയില്ലെങ്കില്‍ നടപടി വരും. കുവൈറ്റിലെ ഇതുമായി ബന്ധപ്പെട്ട 32/1982 നമ്പര്‍ നിയമപ്രകാരം 100 കുവൈറ്റ് ദിനാറില്‍ അധികരിക്കാത്ത പിഴ ഈടാക്കുമെന്ന് പബ്ലിക് അതോറിറ്റി ഫോര്‍ സിവില്‍ ഇന്‍ഫര്‍മേഷന്‍ (പിഎസിഐ) മുന്നറിയിപ്പ് നല്‍കി. 27,000ത്തിലേറെ ഇന്ത്യന്‍ രൂപ വരുമിത്.

397 പേരുടെ വിലാസങ്ങള്‍ വീട്ടുടമയുടെ നിര്‍ദ്ദേശപ്രകാരമോ കെട്ടിടം പൊളിച്ചത് കാരണമോ സിവില്‍ ഐഡിയില്‍ നിന്ന് ഒഴിവാക്കിയതായി ഔദ്യോഗിക ഗസറ്റായ കുവൈറ്റ് അല്‍ യൗമില്‍ കഴിഞ്ഞ ദിവസം അറിയിപ്പ് പ്രസിദ്ധീകരിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് പുതിയ മുന്നറിയിപ്പുമായി അധികൃതര്‍ രംഗത്തെത്തിയിരിക്കുന്നത്.

ഇതുമായി ബന്ധപ്പെട്ട് ഔദ്യോഗിക മൊബൈല്‍ ആപ്പായ സഹല്‍ ആപ്ലിക്കേഷനില്‍ പുതിയ സേവനം ആരംഭിച്ചതായും പിഎസിഐ അറിയിച്ചു. ഇതുവഴി സിവില്‍ കാര്‍ഡ് ഉടമകള്‍ക്ക് തങ്ങളുടെ കാര്‍ഡില്‍ നല്‍കിയിരിക്കുന്ന വിലാസം ശരിയാണോ എന്നും അത് ഏതെങ്കിലും കാരണത്താല്‍ ഒഴിവാക്കപ്പെട്ടിട്ടുണ്ടോ എന്നും പരിശോധിക്കാനാവും. വിലാസത്തില്‍ പ്രശ്‌നങ്ങളുണ്ടെങ്കില്‍ താമസ സ്ഥലത്തിന്റെ രേഖകള്‍ സഹിതം അത് അപ്‌ഡേറ്റ് ചെയ്യണം. അല്ലാത്തപക്ഷം അവര്‍ക്കെതിരേ നടപടിയുണ്ടാകും.

അതിനിടെ, ‘മൈ ഐഡന്റിറ്റി’ (കുവൈത്ത് മൊബൈല്‍ ഐഡി) ആപ്ലിക്കേഷനിലെ സേവനങ്ങള്‍ക്ക് ഫീസ് ഈടാക്കുന്നതായി പ്രചരിക്കുന്ന വാര്‍ത്ത പബ്ലിക് അതോറിറ്റി ഫോര്‍ സിവില്‍ ഇന്‍ഫര്‍മേഷന്‍ നിഷേധിച്ചു. ആപ്പ് വഴി കാര്‍ഡ് ഒതന്റിഫിക്കേഷന്‍, ഇ സിഗ്നേച്ചര്‍, നോട്ടിഫിക്കേഷന്‍ തുടങ്ങിയ സേവനങ്ങള്‍ക്ക് പുതുതായി ഫീസ് ഈടാക്കിത്തുടങ്ങിയതായുള്ള വാര്‍ത്തയോട് പ്രതികരിക്കവെയാണ് അതോറിറ്റി ഇക്കാര്യം വ്യക്തമാക്കിയത്. മൈ ഐഡന്റിറ്റി ആപ്പിലെ സേവനങ്ങളെല്ലാം സൗജന്യമാണെന്നും അധികൃതര്‍ വ്യക്തമാക്കി.

അതിനിടെ, സിവില്‍ ഐഡിയിലെതങ്ങളുടെ താമസ സ്ഥലത്തിന്റെ വിലാസം ജൂണ്‍ 24നകം അപ്ഡേറ്റ് ചെയ്യാത്തവരുടെ സിവില്‍ ഐഡി റദ്ദാക്കുന്നത് ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് മെയ് അവസാനവാരം പബ്ലിക് അതോറിറ്റി ഫോര്‍ സിവില്‍ ഇന്‍ഫര്‍മേഷന്‍ അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. രാജ്യത്ത് താമസ സ്ഥലത്തിന്റെ അഡ്രസ് സിവില്‍ ഐഡിയില്‍ അപ്ഡേറ്റ് ചെയ്യാത്ത ഏകദേശം ആറായിരത്തോളം കേസുകള്‍ ഉണ്ടെന്നാണ് കണക്കുകള്‍. വീടിന്റെ ഉടമയുടെ നിര്‍ദ്ദേശ പ്രകാരമോ താമസ കെട്ടിടം പൊളിച്ചതോ കാരണമായാണ് ഇത്രയും പേരുടെ താമസ വിലാസം റദ്ദാക്കപ്പെട്ടത്. ഈ വ്യക്തികള്‍ ജൂണ്‍ 24നകം അവരുടെ പുതിയ വിലാസങ്ങള്‍ രജിസ്റ്റര്‍ ചെയ്യേണ്ടതുണ്ട്. അല്ലെങ്കില്‍ 1982 ലെ 32-ാം നമ്പര്‍ നിയമത്തിലെ ആര്‍ട്ടിക്കിള്‍ 33 പ്രകാരം പിഴകള്‍ ഉള്‍പ്പെടെയുള്ള നിയമ നടപടികള്‍ നേരിടേണ്ടിവരുമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.

പുതിയ താമസ കെട്ടിടത്തിന്റെ ഉടമയുമായുള്ള വാടക കരാര്‍, വാടക രസീത്, ഇതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പരിശോധിച്ച് ഉറപ്പുവരുത്തിയെന്ന വീട്ടുടമയുടെ സത്യപ്രസ്താവന എന്നിവയുമായി പബ്ലിക് അതോറിറ്റി ഫോര്‍ സിവില്‍ ഇന്‍ഫര്‍മേഷന്റെ ആസ്ഥാനത്തോ ഏതെങ്കിലും ബ്രാഞ്ചിലോ എത്തിയാണ് സിവില്‍ കാര്‍ഡ് ഡാറ്റ അപ്‌ഡേറ്റ് ചെയ്യേണ്ടത്. സിവില്‍ ഐഡി കാര്‍ഡ് ഉടമ സ്വന്തം ഉടമസ്ഥതയിലുള്ള കെട്ടിടത്തിലാണ് താമസിക്കുന്നതെങ്കില്‍ അതിന് തെളിവായി പുതിയ പ്രോപ്പര്‍ട്ടി രേഖ കൊണ്ടുവരണമെന്നും അതോറിറ്റി വ്യക്തമാക്കി. ഇതിനു പുറമെ, സഹല്‍ ആപ്ലിക്കേഷന്‍ വഴിയും റെസിഡന്‍സ് അഡ്രസ് അപ്ഡേറ്റ് ചെയ്യുന്ന ഈ പ്രക്രിയ പൂര്‍ത്തിയാക്കാം.

ഐഡി കാര്‍ഡില്‍ നല്‍കിയിരിക്കുന്ന ഒരു വിലാസം ഇല്ലാതായാല്‍ സഹല്‍ ആപ്പ് വഴി ഐഡി കാര്‍ഡ് ഉടമയുടെ മൊബൈലിലേക്ക് ഒരു ടെക്സ്റ്റ് മേസേജ് അയയ്ക്കും. ഇതിനോട് കാര്‍ഡ് ഉടമ പ്രതികരിച്ചില്ലെങ്കില്‍, കുവൈറ്റ് മൊബൈല്‍ ഐഡി ആപ്ലിക്കേഷനില്‍ നിന്ന് അവരുടെ സിവില്‍ കാര്‍ഡ് സസ്പെന്‍ഡ് ചെയ്യപ്പെടും. അതേസമയം, സിവില്‍ ഐഡി ഡാറ്റ സഹല്‍ ആപ്പില്‍ തുടരും. കൂടാതെ, അഡ്രസ് നീക്കം ചെയ്യപ്പെട്ട് സിവില്‍ ഐഡി റദ്ദാക്കപ്പെട്ടവരുടെ പേര് ഗവണ്‍മെന്റ് ഒഫീഷ്യല്‍ ഗസറ്റില്‍ പ്രസിദ്ധീകരിക്കും. വിലാസം പുതുക്കാത്തവരുടെ കേസുകള്‍ നിയമനടപടിക്കായി തുടര്‍ന്ന് റഫര്‍ ചെയ്യുമെന്നും അതോറിറ്റി വ്യക്തമാക്കി.

Continue Reading

Facebook

Trending

Copyright © 2021 Gulf GTV.