കുവൈറ്റ് സിറ്റി: കുവൈറ്റില്‍ പുതിയ ധനകാര്യ, വിദ്യാഭ്യാസ മന്ത്രിമാര്‍ സത്യപ്രജിഞ ചെയ്ത് അധികാരമേറ്റു. ധനകാര്യ മന്ത്രിയായി ഫഹദ് അല്‍ ജറല്ലാഹ്, വിദ്യാഭ്യാസ മന്ത്രിയായി ആദില്‍ അല്‍ മാനെ എന്നിവരാണ് ചുമതലയേറ്റത്. മന്ത്രിമാര്‍ രാജിവച്ചതിനെ തുടര്‍ന്ന് ഈ രണ്ടു വകുപ്പുകളിലും മന്ത്രിസ്ഥാനം ഒഴിഞ്ഞുകിടക്കുകയായിരുന്നു.
ബയാന്‍ കൊട്ടാരത്തില്‍ നടന്ന ചടങ്ങില്‍ കുവൈത്ത് ഡെപ്യൂട്ടി അമീറും കിരീടാവകാശിയുമായ ഷെയ്ഖ് മിഷാല്‍ അല്‍ അഹമ്മദ് അല്‍ ജാബര്‍ അല്‍ സബാഹിന് മുന്നില്‍ ഇരുമന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്തു. പ്രധാനമന്ത്രി ഫഹദ് അബ്ദുല്‍ അസീസ് ഹസന്‍ അല്‍ ജറല്ലാഹിന്റെ നിര്‍ദേശപ്രകാരം ഇരുവരെയും മന്ത്രിമാരായി നിയമിച്ച് ഉത്തരവ് പുറപ്പെടുവിച്ചതായും നിയമനം ഉടന്‍ പ്രാബല്യത്തില്‍ വരുമെന്നും ഞായറാഴ്ച മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
കുവൈത്ത് ഡെപ്യൂട്ടി അമീറും കിരീടാവകാശിയുമായ അല്‍ ജാബര്‍ അല്‍ സബാഹിനു മുന്നില്‍ ബയാന്‍ കൊട്ടാരത്തില്‍ നടന്ന ചടങ്ങില്‍ ഇരു മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്തതായി സിന്‍ഹുവ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
മുന്‍ ധനകാര്യ മന്ത്രി മനാഫ് അബ്ദുല്‍ അസീസ് അല്‍ ഹജേരി ജൂലൈ 12ന് കാരണം വെളിപ്പെടുത്താതെ രാജിവയ്ക്കുകയായിരുന്നു. മുന്‍ വിദ്യാഭ്യാസ മന്ത്രി ഹമദ് അല്‍ അദ്‌വാനി ജൂലൈ 17 നാണ് രാജിവച്ചിരുന്നത്. നാല് വര്‍ഷമാണ് കുവൈറ്റ് പാര്‍ലമെന്റിന്റെ കാലാവധി.
വളരെക്കാലമായി കുവൈറ്റ് മന്ത്രിസഭാംഗങ്ങളും ദേശീയ അസംബ്ലി അംഗങ്ങളും തമ്മിലുള്ള ബന്ധം പിരിമുറുക്കത്തിലായിരുന്നു. കുവൈറ്റ് അടുത്ത നാല് വര്‍ഷത്തേക്ക് തയ്യാറാക്കിയ കരട് കര്‍മപദ്ധതി സംബന്ധിച്ചും പാര്‍ലമെന്റ് അംഗങ്ങളില്‍ നിന്ന് വിമര്‍ശനങ്ങളുണ്ട്. കൂടാതെ പാര്‍ലമെന്റംഗങ്ങള്‍ അവരുടെ അധികാരമുപയോഗിച്ച് മന്ത്രിസഭയിലെ അംഗങ്ങള്‍ക്കെതിരെ ഒന്നിലധികം അന്വേഷണങ്ങള്‍ ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. 2022-2023 സാമ്പത്തിക വര്‍ഷത്തേക്കുള്ള രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതി വിലയിരുത്താന്‍ കുവൈറ്റ് സ്റ്റേറ്റ് ഓഡിറ്റ് ബ്യൂറോയെ ചുമതലപ്പെടുത്തിയതായി പ്രമുഖ പാര്‍ലമെന്റ് അംഗം അഹ്മദ് അല്‍സദൂന്‍ കഴിഞ്ഞ മാസം നടന്ന പാര്‍ലമെന്റ് സമ്മേളനത്തിലാണ് പ്രഖ്യാപിച്ചത്.
സാമ്പത്തിക പരിഷ്‌കരണങ്ങളെച്ചൊല്ലി പാര്‍ലമെന്റ് അംഗങ്ങള്‍ക്കിടയില്‍ വലിയ അഭിപ്രായ ഭിന്നത നിലനില്‍ക്കുന്നുണ്ട്. മൂന്ന് മാസത്തിനിടെ രണ്ട് ധനമന്ത്രിമാര്‍ രാജിവച്ചതും മന്ത്രിസഭയില്‍ അടിക്കടി മാറ്റമുണ്ടായതും ഇതുകൊണ്ടാണ്. ഒരാഴ്ചയ്ക്കിടെ സര്‍ക്കാര്‍ രണ്ട് രാജികള്‍ നേരിട്ടു. ചുമതലയേറ്റ് മൂന്ന് മാസത്തിനുള്ളില്‍ തന്നെ മനാഫ് അല്‍ ഹജെരി ധനമന്ത്രി സ്ഥാനം രാജിവച്ചു. സഅദ് അല്‍ ബറാക്കിനെ എണ്ണ മന്ത്രിയും സാമ്പത്തിക, നിക്ഷേപ കാര്യ സഹമന്ത്രിയുമായും നിയമിച്ചു. കുവൈറ്റ് ഇന്‍വെസ്റ്റ്‌മെന്റ് അതോറിറ്റിയെ അല്‍ ബറാക്കിന്റെ മേല്‍നോട്ടത്തില്‍ കൊണ്ടുവരാനുള്ള നീക്കത്തെ എതിര്‍ത്തതിനെ തുടര്‍ന്നാണ് അല്‍ ഹജെരിയുടെ രാജിയെന്ന് കരുതപ്പെടുന്നു.