Sports

കെപി രാഹുലിന് അപൂർവനേട്ടം, അടിച്ചത് തകർപ്പൻ ഗോൾ; എന്നിട്ടും ഇന്ത്യ നാണംകെട്ടു, ഏഷ്യൻ ഗെയിംസിൽ ദയനീയ തോൽവി

Published

on

മലയാളിതാരം കെപി രാഹുൽ (KP Rahul) അതിമനോഹരമായ ഒരു ഗോൾ നേടിയിട്ടും ഏഷ്യൻ ഗെയിംസ് (Asian Games 2023) ഫുട്ബോളിൽ ഇന്ത്യക്ക് നാണംകെട്ട തുടക്കം. 5-1നാണ് ചൈന ഇന്ത്യയെ (India vs China) തകർത്തത്. ആദ്യപകുതിയിൽ മത്സരം 1-1 എന്ന നിലയിലായിരുന്നു. എന്നാൽ രണ്ടാം പകുതിയിൽ ചൈനീസ് ആക്രമണത്തിന് മുന്നിൽ ഇന്ത്യ തകർന്നടിഞ്ഞു. രണ്ടാം പകുതിയിൽ 4 ഗോളുകളാണ് ചൈന അടിച്ചുകൂട്ടിയത്.

മത്സരത്തിൻെറ 17ാം മിനിറ്റിൽ തന്നെ ചൈന ആദ്യ ഗോളടിച്ച് ഇന്ത്യക്ക് മുകളിൽ ആധിപത്യം സ്ഥാപിച്ചു. 15ാം മിനിറ്റിൽ ചൈനയ്ക്ക് സുവർണാവസരം കിട്ടിയിരുന്നുവെങ്കിലും ഗോൾ നേടാനായില്ല. എന്നാൽ, അപ്പോൾ ലഭിച്ച ഫ്രീകിക്കിൽ നിന്നാണ് ചൈന ഗോളടിച്ചത്. ഗാവോ തിയാനിയാണ് ചൈനക്കായി ആദ്യ ഗോളടിച്ചത്. 23ാം മിനിറ്റിൽ ചൈനക്ക് ഒരു പെനാൽട്ടി ലഭിച്ചെങ്കിലും ഇന്ത്യൻ ഗോൾകീപ്പർ ഗുർമീത് സിങ് അത് തട്ടിയകറ്റി.

ആദ്യപകുതി അവസാനിക്കുന്നതിന് തൊട്ടുമുൻപായി മലയാളി താരം കെപി രാഹുൽ ചൈനയെ ഞെട്ടിച്ച് കൊണ്ട് ഇന്ത്യയെ സമനിലയിലെത്തിച്ചു. ആദ്യപകുതിയുടെ ഇൻജുറി ടൈമിലാണ് രാഹുൽ മനോഹരമായ ഗോളടിച്ചത്. വലതുവിങ്ങിലൂടെ ഒറ്റയ്ക്ക് പന്തുമായി മുന്നേറിയ രാഹുൽ ബുള്ളറ്റ് ഷോട്ടിലൂടെയാണ് പന്ത് വലയ്ക്കുള്ളിലാക്കിയത്. 2010ന് ശേഷം ഏഷ്യൻ ഗെയിംസിൽ ഇന്ത്യ നേടുന്ന ആദ്യ ഗോളാണിത്.

മത്സരം സമനിലയിലാക്കാൻ സാധിച്ചുവെന്ന ഇന്ത്യയുടെ ആശ്വാസത്തിന് അധികനേരം ആയുസുണ്ടായില്ല. 51ാം മിനിറ്റിൽ തന്നെ ചൈന ലീഡ് പിടിച്ചു. ചൈനീസ് മിഡ്ഫീൽഡർ ഡായ് വെയ്ജുനാണ് രണ്ടാം ഗോളടിച്ചത്. ഇന്ത്യയുടെ പ്രതിരോധപ്പിഴവിൽ നിന്ന് കൂടിയാണ് ആ ഗോൾ വന്നത്. എന്നാൽ അവിടെയൊന്നും ചൈന നിർത്താൻ തയ്യാറായിരുന്നില്ല.

72ാം മിനിറ്റിലും 75ാം മിനിറ്റിലും ചൈന വീണ്ടും ഗോളടിച്ച് ഇന്ത്യയെ വിറപ്പിച്ചു. തവോ ക്വുയാങ്ലോങ്ങാണ് 72ാം മിനിറ്റിൽ ചൈനയുടെ ലീഡ് ഉയർത്തിയത്. 92ാം മിനിറ്റിൽ ചൈന ഇന്ത്യയെ നാണം കെടുത്തി അഞ്ചാം ഗോളുമടിച്ചു. ഹാവോ ഫാങ്ങായിരുന്നു ഗോൾ സ്കോറർ.

അന്താരാഷ്ട്ര ഫുട്ബോളിൽ ഇതുവരെ ചൈനക്കെതിരെ ഇന്ത്യ 15 തവണയാണ് കളത്തിലിറങ്ങിയിട്ടുള്ളത്. ഇതിൽ 7 മത്സരങ്ങൾ ചൈന വിജയിച്ചപ്പോൾ 8 മത്സരങ്ങൾ സമനിലയിലായി. ഇന്ത്യക്ക് ചരിത്രത്തിൽ ഇതുവരെ ഒരിക്കൽ പോലും ചൈനയെ തോൽപ്പിക്കാൻ സാധിച്ചിട്ടില്ല. ഏഷ്യൻ ഗെയിംസിൽ കളിച്ചപ്പോൾ മൂന്നെണ്ണവും ചൈന ജയിച്ചപ്പോൾ ഒരു മത്സരം സമനിലയിലായിരുന്നു.

അപൂ‍ർവ റെക്കോഡുമായിട്ടാണ് ഇന്ത്യൻ നായകൻ സുനിൽ ഛേത്രി ചൈനക്കെതിരായ മത്സരത്തിന് ഇറങ്ങിയത്. തുട‍ർച്ചയായി രണ്ട് ഏഷ്യൻ ഗെയിംസുകളിൽ ഇന്ത്യയെ നയിക്കുന്ന മൂന്നാമത്തെ ക്യാപ്റ്റനാണ് സുനിൽ ഛേത്രി. നേരത്തെ ശൈലൻ മന്നയും ബൈചുങ് ബൂട്ടിയയും ഇതേ നേട്ടം കൈവരിച്ചിരുന്നു.

ഇന്ത്യ സ്റ്റാർട്ടിങ് ഇലവൻ: ഗുർമീത് സിംഗ്, സന്ദേശ് ജിംഗൻ, ലാൽചുങ്‌നുംഗ, സുമിത് രതി, അബ്ദുൾ റബീഹ്, ആയുഷ് ഛേത്രി, അമർജിത് സിംഗ്, രാഹുൽ കെപി, ബ്രൈസ് മിറാൻഡ, സുനിൽ ഛേത്രി (ക്യാപ്റ്റൻ), റഹീം അലി.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version