Sports

കിവികളുടെ ചിറകരിഞ്ഞു; ഇന്ത്യ ഫൈനലില്‍

Published

on

മുംബൈ: ന്യൂസിലന്‍ഡിനെ തകര്‍ത്തെറിഞ്ഞ് ഹിറ്റ്മാനും സംഘവും ലോകകപ്പ് ഫൈനലില്‍. വാങ്കഡെയില്‍ നടന്ന ആവേശപ്പോരാട്ടത്തില്‍ 70 റണ്‍സിന്റെ വിജയമാണ് നീലപ്പട സ്വന്തമാക്കിയത്.

2019 ക്രിക്കറ്റ് ലോകകപ്പ് സെമിഫൈനലില്‍ ന്യൂസിലന്‍ഡിനോട് 18 റണ്‍സിന് പരാജയപ്പെട്ട് മടങ്ങുമ്പോള്‍ ഇന്ത്യന്‍ ജനതയൊന്നാകെ ഈ ദിനത്തിന് വേണ്ടി സ്വപ്‌നം കണ്ടിരിക്കണം. നാല് വര്‍ഷത്തിന് ശേഷം ലോകകപ്പ് മത്സരങ്ങള്‍ സ്വന്തം മണ്ണിലേക്ക് എത്തുമ്പോള്‍ വിജയത്തില്‍ കുറഞ്ഞതൊന്നും ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകര്‍ പ്രതീക്ഷിക്കുന്നുണ്ടാകില്ല. സ്വപ്‌നകിരീടത്തിനായുള്ള യാത്രയില്‍ സെമിയില്‍ അതേ ന്യൂസിലന്‍ഡിനെ തന്നെ എതിരാളികളായി കിട്ടുകയും ചെയ്ത ഇന്ത്യയ്ക്ക് ഇതിലും മികച്ചൊരു അവസരം കിട്ടാനുണ്ടായിരുന്നില്ല. ഇന്ന് വാങ്കഡെയില്‍ 70 റണ്‍സിന് വിജയിച്ച് ഫൈനലിലേക്ക് കാലെടുത്തുവെക്കുമ്പോള്‍ അന്ന് മാഞ്ചസ്റ്ററില്‍ ഏറ്റുവാങ്ങിയ 18 റണ്‍സിന്റെ പരാജയത്തിന് ഹിറ്റ്മാനും സംഘവും മധുരപ്രതികാരം വീട്ടിയിരിക്കുകയാണ്.

വാങ്കഡെയില്‍ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇന്ത്യ 397 റണ്‍സാണ് അടിച്ചുകൂട്ടിയത്. വിരാട് കോഹ്‌ലി (117), ശ്രേയസ് അയ്യര്‍ (105) എന്നിവരുടെ സെഞ്ച്വറിയുടെ ബലത്തിലാണ് ഇന്ത്യ ഹിമാലയന്‍ ടോട്ടല്‍ സ്വന്തമാക്കിയത്. 80 റണ്‍സെടുത്ത് ശുഭ്മാന്‍ ഗില്ലും തിളങ്ങി. മറുപടി ബാറ്റിംഗില്‍ ന്യൂസിലന്‍ഡിന് 48.5 ഓവറില്‍ 327 റണ്‍സിന് ന്യൂസിലന്‍ഡ് ഓള്‍ഔട്ടായി. 9.5 ഓവറില്‍ 57റണ്‍സ് വഴങ്ങി ഏഴ് വിക്കറ്റ് വീഴ്ത്തിയ മുഹമ്മദ് ഷമിയാണ് കിവീസിന്റെ നട്ടെല്ലൊടിച്ചത്. ഈ ലോകകപ്പില്‍ ഇത് മൂന്നാം തവണയാണ് ഷമി അഞ്ച് വിക്കറ്റ് നേട്ടം സ്വന്തമാക്കുന്നത്. ഇതോടൊപ്പം ലോകകപ്പില്‍ 50 വിക്കറ്റുകളെന്ന നേട്ടവും ഷമി സ്വന്തം പേരിലാക്കി. ഏറ്റവും കുറഞ്ഞ ഇന്നിങ്സുകളില്‍നിന്ന് ഈ നേട്ടത്തിലെത്തുന്ന താരമാണ് ഷമി. മറുപടി ബാറ്റിങ്ങില്‍ ഡാരില്‍ മിച്ചലിന്റെ സെഞ്ച്വറിപ്പോരാട്ടം കിവീസിന് പ്രതീക്ഷ നല്‍കിയെങ്കിലും വിജയത്തിലെത്തിക്കാനായില്ല.

ഇന്ത്യ ഉയർത്തിയ കൂറ്റൻ വിജയലക്ഷ്യം പിന്തുടരാനിറങ്ങിയ ന്യൂസിലൻഡിന് മോശം തുടക്കമായിരുന്നു ലഭിച്ചത്. 30 റണ്‍സെടുക്കുന്നതിനിടെ ഓപ്പണർ ഡെവോണ്‍ കോണ്‍വെയെ കിവീസിന് നഷ്ടമായി. 15 പന്തില്‍ നിന്ന് 13 റണ്‍സെടുത്ത താരത്തെ പുറത്താക്കി മുഹമ്മദ് ഷമി വിക്കറ്റ് വേട്ടയ്ക്ക് തുടക്കം കുറിച്ചു. പിന്നീട് 22 പന്തില്‍ നിന്ന് 13 റണ്‍സ് നേടിയ രചിന്‍ രവീന്ദ്രയെയും ഷമി തന്നെ പുറത്താക്കി. സ്‌കോര്‍ 39 ല്‍ നില്‍ക്കെ ന്യൂസിലന്‍ഡിന് രണ്ട് ഓപ്പണർമാരെയും നഷ്ടമായി.

എന്നാല്‍ കെയ്ന്‍ വില്യംസണും ഡാരില്‍ മിച്ചലും ചേര്‍ന്ന് തുടക്കത്തിലെ തകര്‍ച്ചയില്‍ നിന്ന് ന്യൂസിലൻഡിനെ കരകയറ്റി. ഇരുവരും ടീമിനെ 220 എന്ന മെച്ചപ്പെട്ട സ്‌കോറിലേക്ക് എത്തിച്ചു. എന്നാല്‍ 73 പന്തില്‍ നിന്ന് 69 റണ്‍സെടുത്ത് കെയ്ന്‍ വില്ല്യംസണ്‍ പുറത്തായി. പിന്നീടെത്തിയ ടോം ലഥാം അക്കൗണ്ട് തുറക്കാനാകാതെ മടങ്ങി. താരത്തെ വിക്കറ്റിന് മുന്നിൽ കുരുക്കി ഷമി കരുത്തുകാട്ടി.

അഞ്ചാം വിക്കറ്റില്‍ ഗ്ലെന്‍ ഫിലിപ്‌സിനെ കൂട്ടുപിടിച്ച് മിച്ചല്‍ 75 റണ്‍സ് കൂട്ടിച്ചേര്‍ത്തതോടെ ഇന്ത്യ വീണ്ടും വിറച്ചു. എന്നാൽ 43-ാം ഓവറില്‍ ഫിലിപ്‌സിനെ മടക്കി ബുംറ ഈ കൂട്ടുകെട്ട് പൊളിച്ചു. അർധസെഞ്ച്വറിയ്ക്ക് വെറും ഒൻപത് റൺസിന് അകലെയാണ് ​ഗ്ലെൻ ഫിലിപ്സിന് മടങ്ങേണ്ടിവന്നത്. പിന്നാലെ മാര്‍ക്ക് ചാപ്മാനെ (2) മടക്കി കുല്‍ദീപും വിക്കറ്റ് വേട്ടയില്‍ പങ്കാളിയായി.

സെഞ്ച്വറിയും കടന്ന് മുന്നേറുകയായിരുന്ന ഡാരിൽ മിച്ചലിനെ പുറത്താക്കി ഷമി ഇന്ത്യക്ക് ആശ്വാസം പകർന്നു. മിച്ചലിനെ ജഡേജയുടെ കൈകളിലെത്തിച്ചാണ് ഷമി മത്സരത്തിലെ അഞ്ചാം വിക്കറ്റ് സ്വന്തമാക്കിയത്. 119 പന്തിൽ നിന്ന് ഏഴ് സിക്സും ഒൻപത് ഫോറുമടക്കം 134 റൺസാണ് താരം അടിച്ചുകൂട്ടിയത്. ടീം സ്കോർ 306ലെത്തിച്ചായിരുന്നു ന്യൂസിലൻഡിന്റെ ടോപ് സ്കോററുടെ മടക്കം.

പത്ത് പന്തിൽ ഒൻപത് റൺസ് നേടിയ മിച്ചൽ സാന്റ്നറെ മുഹമ്മദ് സിറാജും ടിം സൗത്തിയെ ഷമിയും മടക്കി. 11–ാമനായി ഇറങ്ങിയ ലോക്കി ഫെര്‍ഗൂസനെയും മടക്കി ഷമി തന്നെ ന്യൂസിലൻഡ് ഇന്നിങ്സിന് വിരാമിട്ടു. മത്സരത്തിൽ ആകെ 57 റൺസ് വഴങ്ങിയാണ് ഷമി ഏഴ് വിക്കറ്റ് സ്വന്തമാക്കിയത്. ഏകദിനത്തിൽ ഒരു ഇന്ത്യൻ താരത്തിന്‍റെ ഏറ്റവും മികച്ച ബോളിങ് പ്രകടനമാണിത്. ജസ്പ്രീത് ബുമ്ര, മുഹമ്മദ് സിറാജ്, കുൽദീപ് യാദവ് എന്നിവര്‍ ഓരോ വിക്കറ്റു വീതവും സ്വന്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version