ഐഎസ്എൽ 2023 (ISL 2023) സീസണിൽ ഗംഭീര തുടക്കമാണ് കേരള ബ്ലാസ്റ്റേഴ്സ് എഫ്സിക്ക് (Kerala Blasters FC) ലഭിച്ചിരുന്നത്. ആദ്യ രണ്ട് മത്സരങ്ങളിലും വിജയം നേടിയ ടീം മൂന്നാം മത്സരത്തിൽ മുംബൈ സിറ്റിയെ (Mumbai City FC) നേരിട്ടത് തികഞ്ഞ ആത്മവിശ്വാസത്തോടെയാണ്. എന്നാൽ സീസണിലെ ആദ്യ എവേ മത്സരത്തിൽ ബ്ലാസ്റ്റേഴ്സ് തോറ്റു. ഇപ്പോഴിതാ കഴിഞ്ഞ മത്സരത്തിൽ നാട്ടിൽ ആദ്യ സമനിലയും ബ്ലാസ്റ്റേഴ്സ് നേരിടേണ്ടി വന്നിരിക്കുകയാണ്.
കലൂർ ജവഹർ ലാൽ നെഹ്റു സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ നോർത്ത് ഈസ്റ്റും (NorthEast United FC) കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയും ഓരോ ഗോളുകൾ വീതം നേടിയാണ് സമനിലയിൽ പിരിഞ്ഞത്. ഒരു ഗോളിന് പിന്നിൽ നിന്ന ശേഷമായിരുന്നു ബ്ലാസ്റ്റേഴ്സിൻെറ തിരിച്ചുവരവ്. മത്സരത്തിൻെറ ആദ്യപകുതിയിൽ ഗോളടിച്ചത് നോർത്ത് ഈസ്റ്റാണ്. എന്നാൽ രണ്ടാം പകുതിയിൽ ഡാനിഷ് ഫാറൂഖിലൂടെ ബ്ലാസ്റ്റേഴ്സ് സമനിലഗോൾ നേടി.
മത്സരം സമനിലയിൽ പിരിഞ്ഞത് ബ്ലാസ്റ്റേഴ്സിനെ വല്ലാതെ നിരാശപ്പെടുത്തിയിട്ടുണ്ട്. ഐഎസ്എൽ പോയൻറ് പട്ടികയിൽ ബ്ലാസ്റ്റേഴ്സ് നിലവിൽ 7 പോയൻറുമായി നാലാമതാണ്. ജയിച്ചിരുന്നുവെങ്കിൽ 9 പോയൻറുമായി മൂന്നാം സ്ഥാനം എന്തായാലും ഉറപ്പിക്കാമായിരുന്നു. എന്നാൽ മത്സരത്തിൽ വിജയം നേടാൻ ടീമിന് ഒരു സുവർണാവസരം ഉണ്ടായിരുന്നു. ലീഗിലെ മോശം റഫറിയിങ്ങാണ് മഞ്ഞപ്പടയ്ക്ക് വിനയായത്.
ബ്ലാസ്റ്റേഴ്സിന് നിർബന്ധമായും അനുവദിക്കേണ്ടിയിരുന്ന ഒരു പെനാൽട്ടി റഫറി അനുവദിച്ചില്ല. ബ്ലാസ്റ്റേഴ് സൂപ്പർതാരം ക്വാമെ പെപ്രയാണ് ഫൌളിന് വിധേയനായത്. നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്സി പ്രതിരോധനിര താരം യാസർ ഹമീദാണ് പെപ്രയെ വലിച്ച് താഴെയിട്ടത്. റഫറി ഹാരിഷ് കുണ്ഡുവിൻെറ മുമ്പിൽ വെച്ചായിരുന്നു സംഭവം. ബ്ലാസ്റ്റേഴ്സ് കളിക്കാർ ഒന്നടങ്കം പെനാൽട്ടിക്കായി വാദിച്ചെങ്കിലും റഫറി അനുവദിച്ചില്ല.
ഐഎസ്എല്ലിൽ ഇത്തവണയും മോശം റഫറിയിങ്ങിനെതിരെ കടുത്ത പരാതികൾ ഉയരുന്നുണ്ട്. ഇതേ മത്സരത്തിൽ തന്നെ നോർത്ത് ഈസ്റ്റ് യുണൈറ്റഡിൻെറ ഒരു ഫ്രീകിക്ക് അനുവദിക്കാതിരുന്നതും വലിയ പ്രതിഷേധത്തിന് ഇടയായിരുന്നു. ഏതായാലും പെനാൽട്ടി അനുവദിക്കാതെ പോയതിൽ മഞ്ഞപ്പട ആരാധകരും വലിയ കലിപ്പിലാണ്. സോഷ്യൽ മീഡിയയിലടക്കം ബ്ലാസ്റ്റേഴ്സ് ആരാധകർ ഇക്കാര്യത്തിൽ വലിയ പ്രതിഷേധം ഉന്നയിക്കുന്നുണ്ട്.
ആ പെനാൽട്ടി അനുവദിച്ചിരുന്നുവെങ്കിൽ ബ്ലാസ്റ്റേഴ്സ് അനായാസം മത്സരം ജയിക്കുമായിരുന്നുവെന്നാണ് ആരാധകർ പറയുന്നത്. പൊതുവിൽ ഇന്ത്യൻ സൂപ്പർ ലീഗിൽ ബ്ലാസ്റ്റേഴ്സിനെതിരെ ചില നീക്കങ്ങൾ നടക്കുന്നുണ്ടെന്ന് വിമർശനം ഉയരുന്നുണ്ട്. നോർത്ത് ഈസ്റ്റിനെതിരായ മത്സരത്തിന് തൊട്ടുമുൻപായാണ് ബ്ലാസ്റ്റേഴ്സ് പ്രതിരോധനിരയിലെ സൂപ്പർതാരം പ്രബീർ ദാസിന് (Prabir Das) മൂന്ന് മത്സരങ്ങളിൽ നിന്ന് വിലക്ക് ലഭിച്ചത്.
മുംബൈ സിറ്റിക്കെതിരായ മത്സരത്തിൽ റഫറിയോട് മോശമായി പെരുമാറിയെന്ന പരാതിയിലാണ് താരത്തിന് മൂന്ന് മത്സരങ്ങളിൽ നിന്ന് വിലക്ക് ലഭിച്ചത്. ഇതേ മത്സരത്തിൽ ചുവപ്പുകാർഡ് കണ്ട് മോണ്ടിനെഗ്രൻ പ്രതിരോധനിര താരം മിലോസ് ഡ്രിൻസിച്ചിനും ചുവപ്പുകാർഡ് ലഭിച്ചതിന് പിന്നാലെ മൂന്ന് മത്സരങ്ങളിൽ നിന്ന് സസ്പെൻഷൻ ലഭിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പ്രബീറും പുറത്തായത്.
കഴിഞ്ഞ സീസണിലും റഫറിയിങ്ങിനെതിരെ കേരള ബ്ലാസ്റ്റേഴ്സ് കടുത്ത പരാതികളുയർത്തിയിരുന്നു. ബെംഗളൂരു എഫ്സിക്കെതിരായ ബ്ലാസ്റ്റേഴ്സിൻെറ നോക്കൌട്ട് മത്സരം വലിയ വിവാദത്തിലായിരുന്നു. ബെംഗളൂരു നായകൻ സുനിൽ ഛേത്രി നേടിയ ഗോളാണ് പരാതിക്കിടയാക്കിയത്. ഗോൾ അനുവദിച്ചതിനെതിരെ ബ്ലാസ്റ്റേഴ്സ് നടത്തിയ പ്രതിഷേധം എഐഎഫ്എഫ് തള്ളിക്കളയുകയാണ് ചെയ്തത്. ഒഡീഷ എഫ്സിക്കെതിരെ ഒക്ടോബർ 27നാണ് കേരള ബ്ലാസ്റ്റേഴ്സിൻെറ അടുത്ത മത്സരം.