Gulf

ദുബായിയെ ചിരിപ്പിക്കാന്‍ കപില്‍ ശര്‍മ വരുന്നു; സെപ്റ്റംബര്‍ 24ന് ലൈവ് ഷോ

Published

on

ദുബായ്: പ്രശസ്ത ഇന്ത്യന്‍ ഹാസ്യനടനും ടെലിവിഷന്‍ അവതാരകനുമായ കപില്‍ ശര്‍മ ആദ്യമായി ദുബായില്‍ പരിപാടി അവതരിപ്പിക്കാനെത്തുന്നു. സെപ്റ്റംബര്‍ 24 ഞായറാഴ്ചയാണ് തത്സമയ പരിപാടി. യുഎഇ സമയം രാത്രി 8 മണിക്ക് (ഇന്ത്യന്‍ സമയം രാത്രി 9:30) ശര്‍മ തന്റെ സംഘത്തിനൊപ്പം കൊക്കകോള അരീന സ്റ്റേജ് അലങ്കരിക്കും.

ഏഷ്യന്‍ പ്രവാസികളെ മുഴുവന്‍ കാണാനും സംവദിക്കാനും അവസരം ലഭിക്കുന്നതിനാല്‍ കലാകാരന്‍മാരെ സംബന്ധിച്ച് ദുബായിക്ക് സവിശേഷമായ പ്രധാന്യമുണ്ടെന്ന് പര്യടനത്തെ കുറിച്ച് സംസാരിക്കവെ ശര്‍മ പറഞ്ഞു. ചിരിക്ക് അതിരുകളില്ല. കൊക്കകോള അരീനയില്‍ എന്റെ എല്ലാ ആരാധകരുമായും ചിരിസായാഹ്നം പങ്കിടാന്‍ ഞാന്‍ കാത്തിരിക്കുകയാണ്-ശര്‍മ വ്യക്തമാക്കി.

നിരവധി ഇന്ത്യന്‍ ടെലിവിഷന്‍ അക്കാദമി അവാര്‍ഡുകളും സിഎന്‍എന്‍-ഐബിഎന്‍ ഇന്ത്യന്‍ ഓഫ് ദി ഇയര്‍ അവാര്‍ഡും ഉള്‍പ്പെടെ വിനോദ വ്യവസായത്തിലെ സംഭാവനകള്‍ക്ക് അദ്ദേഹം നിരവധി പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട്. കിസ് കിസ്‌കോ പ്യാര്‍ കരൂണ്‍, ഫിരംഗി തുടങ്ങി നിരവധി ബോളിവുഡ് ചിത്രങ്ങളിലും അദ്ദേഹം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

2007ല്‍ കോമഡി റിയാലിറ്റി ടിവി ഷോയായ ദി ഗ്രേറ്റ് ഇന്ത്യന്‍ ലാഫര്‍ ചലഞ്ച് വിജയിച്ചതോടെയാണ് ശര്‍മ ആദ്യമായി പ്രശസ്തിയിലേക്ക് ഉയരുന്നത്. സോണി ടിവിയുടെ കോമഡി സര്‍ക്കസിന്റെ ആറ് സീസണുകള്‍ വിജയിക്കുകയും ചെയ്തു. പിന്നീട് 2013ല്‍ കോമഡി നൈറ്റ്‌സ് വിത്ത് കപില്‍ എന്ന സ്വന്തം ഷോ ആരംഭിക്കുകയും ലോക പര്യടനം ആരംഭിക്കുകയും ചെയ്തു.

എല്ലാ പ്രായക്കാര്‍ക്കും ഇവന്റിലേക്ക് പ്രവേശനമുണ്ട്. എന്നാല്‍ 16 വയസ്സ് പൂര്‍ത്തിയാകാത്തവര്‍ക്കൊപ്പം മുതിര്‍ന്നവര്‍ ഉണ്ടായിരിക്കണം. 98 ദിര്‍ഹം (2,213 രൂപ) ആണ് ഏറ്റവും കുറഞ്ഞ ടിക്കറ്റ് നിരക്ക്. കൊക്കകോള അരീനയുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ വിശദാംശങ്ങള്‍ ലഭ്യമാണ്.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version