ജിദ്ദ: ആനുകാലിക പ്രവാസി വിഷയങ്ങളില്‍ ഫലപ്രദമായി ഇടപെടാന്‍ ജിദ്ദ കേരള പൗരാവലിയുടെ രണ്ടാം പ്രതിനിധി സഭാ തീരുമാനം. പ്രവാസികളുടെ യാത്രാപ്രശ്‌നം പരിഹരിക്കുന്നതിന് ജിദ്ദയില്‍ നിന്ന് കേരളത്തിലേക്ക് യാത്രാ കപ്പല്‍ സേവനം ആരംഭിക്കാന്‍ നടപടി വേണമെന്നും ആവശ്യപ്പെട്ടു. ജിദ്ദ കേരള പൗരാവലി ചെയര്‍മാന്‍ കബീര്‍ കൊണ്ടോട്ടി രണ്ടാം പ്രതിനിധി സഭാ സംഗമം നിയന്ത്രിച്ചു.
ജിദ്ദയില്‍ നിന്നും കേരളത്തിലെ വിവിധ തുറമുഖങ്ങളിലേക്ക് യാത്രാ കപ്പല്‍ സേവനം പ്രയോജനപ്പെടുത്തുന്നതിനുള്ള പഠനങ്ങള്‍ പൂര്‍ത്തിയാക്കി അനുയോജ്യമെങ്കില്‍ വേണ്ട ഇടപെടലുകള്‍ നടത്തി പദ്ധതി പൂര്‍ത്തീകരിക്കണമെന്ന് ബന്ധപ്പെട്ടവരോട് ആവശ്യപ്പെടുന്ന പ്രമേയം പ്രതിനിധി സഭ പാസാക്കി. അവധിക്കാലത്തെ യാത്രാക്ലേശം പരിഹരിക്കുന്നതിനും അമിതമായ വിമാന യാത്രാനിരക്കില്‍ നിന്ന് പ്രവാസികള്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും മോചനം ലഭിക്കേണ്ടതുണ്ടെന്ന് നസീര്‍ വാവ കുഞ്ഞ് അവതരിപ്പിച്ച പ്രമേയം ചൂണ്ടിക്കാട്ടി.
ചര്‍ച്ച സംഗമത്തില്‍ കേരളത്തിലെ 14 ജില്ലകളിലെ പ്രതിനിധികളുടെ പങ്കാളിത്തമുണ്ടായി. ജിദ്ദ ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂളിലും പരിസരപ്രദേശങ്ങളിലും സിസിടിവി കാമറകള്‍ സ്ഥാപിച്ചും കഴിവുറ്റ സുരക്ഷ ജീവനക്കാരെ നിയോഗിച്ചും സുരക്ഷ ഉറപ്പുവരുത്തി നിലവിലുള്ള ആശങ്കകള്‍ പരിഹരിക്കണമെന്ന പ്രമേയവും യോഗം പാസാക്കി. വിദ്യാര്‍ഥികള്‍, അധ്യാപകര്‍, മറ്റു ജീവനക്കാര്‍ എന്നിവരുടെ സുരക്ഷ വര്‍ധിപ്പിക്കാന്‍ ഇത് അനിവാര്യമാണെന്ന് നൂറുന്നിസ ബാവ അവതരിപ്പിച്ച പ്രമേയം വിശദീകരിക്കുന്നു.
ഈ രണ്ട് പ്രമേയങ്ങളിലും ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന് അഭ്യര്‍ത്ഥിച്ച് ജിദ്ദ ഇന്ത്യന്‍ കോണ്‍സല്‍ ജനറലിന് നിവേദനം സമര്‍പ്പിക്കാനും തീരുമാനിച്ചു. ആവശ്യമെങ്കില്‍ ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയത്തിന്റെയും കേരള മുഖ്യമന്ത്രിയുടെയും ശ്രദ്ധയില്‍ വിഷയങ്ങള്‍ കൊണ്ടുവരാനും ധാരണയായി. ഇതിനായി സലാഹ് കാരാടന്‍, മുഹമ്മദ് ബൈജു, അബൂബക്കര്‍ ദാദാബായി, നസീര്‍ വാവകുഞ്ഞ്, അഡ്വ. ബഷീര്‍, മിര്‍സാ ഷരീഫ് എന്നിവരെ യോഗം ചുമതലപ്പെടുത്തി.
കഴിഞ്ഞ ദിവസങ്ങളില്‍ അന്തരിച്ച കാനം രാജേന്ദ്രന്‍, കെ പി വിശ്വനാഥന്‍ എന്നിവര്‍ക്ക് യോഗം ആദരാഞ്ജലികള്‍ നേര്‍ന്നു. ബഷീര്‍ പരുത്തിക്കുന്നന്‍ അനുശോചന സന്ദേശം വായിച്ചു. സംഘടനയുടെ പുതുക്കിയ നിയമാവലി റാഫി ബീമാപ്പള്ളിയും സാമ്പത്തിക റിപ്പോര്‍ട്ട് ട്രഷറര്‍ ഷരീഫ് അറക്കലും അവതരിപ്പിച്ചു. പബ്ലിക് റിലേഷന്‍ ആന്‍ഡ് മീഡിയ അവലോകനത്തിന് ഷമീര്‍ നദ്‌വി, അബ്ദുല്‍ കാദര്‍ ആലുവയും പൊതു വാട്‌സ്ആപ്പ് ഗ്രൂപ്പ് അവലോകനത്തിന് അസീസ് പട്ടാമ്പിയും നേതൃത്വം നല്‍കി. ഇവന്റ് മാനേജ്‌മെന്റ്, വെല്‍ഫെയര്‍ എന്നീ വകുപ്പുകളുടെ ചര്‍ച്ചകള്‍ അബൂട്ടി നിലമ്പൂര്‍, ഹസ്സന്‍ കൊണ്ടോട്ടി, നൗഫല്‍ വണ്ടൂര്‍, സുബൈര്‍ ആലുവ എന്നിവര്‍ നയിച്ചു. അഡ്വ. ഷംസുദ്ധീന്‍, ബിജുരാജ് രാമന്തളി, രാധാകൃഷ്ണന്‍ കാവുമ്പായി എന്നിവരെ വിവിധ വകുപ്പുകളിലേക്ക് പുതുതായി തിരഞ്ഞെടുത്തു.
ജിദ്ദയില്‍ വരാനിരിക്കുന്ന അഞ്ച് മെഗാ ഇവെന്റ്കളെ കുറിച്ച് ജുനൈസ് ബാബു, സോഫിയ സുനില്‍, ജലീല്‍ കണ്ണമംഗലം, ഹിഫ്‌സുറഹ്‌മാന്‍, മിര്‍സാ ഷരീഫ് എന്നിവര്‍ വിശദീകരിച്ചു. ജിദ്ദയില്‍ സംഘടിപ്പിക്കുന്ന ‘സ്‌പൊണ്ടേനിയസ് 2024’ വ്യക്തിത്വ പരിശീലന പരിപാടിയുടെ കോഡിനേറ്റര്‍മാരായി വിലാസ് കുറുപ്പ്, കോയിസന്‍ ബീരാന്‍കുട്ടി എന്നിവരെ തിരഞ്ഞെടുത്തു. ജിദ്ദ കേരള പൗരവലിയുടെ ഫേസ്ബുക് പേജിന്റെ പ്രകാശനം പ്രശസ്ത ഗായകന്‍ മിര്‍സാ ഷരീഫ് നിര്‍വഹിച്ചു.
പ്രതിനിധി സഭാ സംഗമത്തില്‍ ജിദ്ദ കേരള പൗരാവലി ജനറല്‍ കണ്‍വീനര്‍ മന്‍സൂര്‍ വയനാട് സ്വാഗതവും ട്രഷറര്‍ ഷരീഫ് അറക്കല്‍ നന്ദിയും പറഞ്ഞു. അബ്ദുല്‍ നാസര്‍ കോഴിത്തൊടി, അഹമ്മദ് ഷാനി, നൗഷാദ് ചാത്തല്ലൂര്‍, സുബൈര്‍ വയനാട് തുടങ്ങിയവര്‍ വിവിധ പരിപാടികള്‍ നിയന്ത്രിച്ചു.