ജിദ്ദ: സൗദി അറേബ്യയുടെ പടിഞ്ഞാറന്‍ മേഖലയില്‍ നിന്ന് സ്പോണ്‍സര്‍മാര്‍ ഒളിച്ചോടിയവരായി റിപ്പോര്‍ട്ട് ചെയ്ത (ഹുറൂബ് കേസ്) 3,092 ഇന്ത്യക്കാരെ ഈ വര്‍ഷം നാട്ടിലെത്തിച്ചതായി ജിദ്ദ കോണ്‍സുലേറ്റ്. സൗദിയിലെ താമസ രേഖ (ഇഖാമ) കാലഹരണപ്പെട്ട 2,900 ഇന്ത്യക്കാരെ സഹായിക്കാന്‍ സാധിച്ചതായും കോണ്‍സുലേറ്റ് വെല്‍ഫെയര്‍ ആന്റ് പ്രസ് ഇന്‍ഫര്‍മേഷന്‍ കോണ്‍സല്‍ മുഹമ്മദ് ഹാഷിം മാധ്യമങ്ങളെ അറിയിച്ചു.
ഇന്ത്യന്‍ സമൂഹത്തിന് വേണ്ടി കോണ്‍സുലേറ്റ് മികച്ച സേവനമാണ് നടത്തിയതെന്ന് ജിദ്ദയിലെ ഷെറാട്ടണ്‍ ഹോട്ടലില്‍ മാധ്യമ പ്രവര്‍ത്തകര്‍ക്കായി സംഘടിപ്പിച്ച അത്താഴവിരുന്നില്‍ അദ്ദേഹം വിശദീകരിച്ചു. ഇന്ത്യക്കാരുടെ മുന്നൂറോളം തൊഴില്‍ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് ഇക്കാലയളവില്‍ പരിഹാരമുണ്ടാക്കി.
കമ്മ്യൂണിറ്റി വെല്‍ഫെയര്‍ ഫണ്ടില്‍ നിന്ന് ദുരിതമനുഭവിക്കുന്ന ഇന്ത്യക്കാരെ സഹായിക്കുന്നതിന് 15 ലക്ഷത്തോളം രൂപ ചെലവഴിച്ചു. കോണ്‍സുലേറ്റിന്റെ പരിധിയില്‍ വരുന്ന സൗദിയിലെ ഭാഗങ്ങളില്‍ 1200ഓളം ഇന്ത്യക്കാരാണ് മരിച്ചത്. ഇവരില്‍ 981 മൃതദേഹങ്ങളും ഇവിടെ തന്നെ സംസ്കരിക്കാന്‍ അനുമതി നല്കി. 219 മൃതദേഹങ്ങള്‍ ഇന്ത്യയിലേക്ക് കൊണ്ടുപോകാനും എന്‍ഒസി നല്കുകയുണ്ടായി.
മരണ നഷ്ടപരിഹാരം, സേവനാനന്തര ആനുകൂല്യങ്ങള്‍, ശമ്പള കുടിശ്ശിക ഇനങ്ങളിലായി അഞ്ച് കോടിയിലധികം രൂപ ലഭ്യമാക്കാനും കോണ്‍സുലേറ്റിന് സാധിച്ചു. ഈ വര്‍ഷം നവംബര്‍ വരെ കോണ്‍സുലേറ്റ് 51,980 പാസ്പോര്ട്ടുകള് നല്കി. ദുരിതമനുഭവിക്കുന്ന ഇന്ത്യക്കാരുടെ പരാതികള്‍ സ്വീകരിക്കുന്നതിന് നിരവധി ഓപണ്‍ ഹൗസ് സെഷനുകള്‍ നടത്തുകയും കോണ്‍സുലാര്‍ സേവനങ്ങള്‍ ലഭ്യമാക്കാന്‍ വിവിധ നഗരങ്ങളില്‍ കൃത്യമായ ഷെഡ്യൂള്‍ പ്രകാരം കോണ്‍സുലാര്‍ സന്ദര്‍ശന പരിപാടികള്‍ സംഘടിപ്പിക്കുകയും ചെയ്തു.