പണം ചെലവഴിക്കാൻ ഏത് മാർഗം വേണമെങ്കിലും സ്വീകരിക്കാവുന്ന നഗരമാണ് ദുബായ്. അതി സമ്പന്നർക്ക് ആഡംബര ജീവിതം നയിക്കാനുള്ള എല്ലാ സൗകര്യങ്ങളും ദുബായിൽ ലഭ്യമാണ്. ലോകത്തിലെ അതിസമ്പന്നരെ ദുബായിയിലേക്ക് ആകർഷിക്കാനുള്ള പദ്ധതിയായിരുന്നു ജുമൈറ ദ്വീപ്. തടാകത്തിലേക്ക് തള്ളി നിൽക്കുന്ന, എണ്ണപ്പനയുടെ ആകൃതിയിലുള്ള കൃത്രിമ നിർമിതിയാണ് ജുമൈറ ദ്വീപിനെ ആകർഷമാക്കുന്നത്. ജുമൈറ ലേക്ക് ടവേഴ്‌സ്, റെസിഡൻഷ്യൽ വില്ല ഇതെല്ലാം അടങ്ങുന്നതാണ് ഇത്.
അത്യാഡംബരങ്ങളുടെ പറുദീസ എന്നു വേണമെങ്കിൽ ഇതിനെ വിശേഷിപ്പിക്കാം. ചെറു ദ്വീപുകളായാണ് ജുമൈറയുടെ നിർമ്മാണം. ക്ലസ്റ്റർ എന്നാണ് ഇതിനെ വിളിക്കുന്നത്. ഓരോ ക്ലസ്റ്ററും 16 റെസിഡൻഷ്യൽ വില്ലകൾ അടങ്ങിയതാണ്. ഈ കൃത്രിമ നഗരത്തിൽ എല്ലാ സൗകര്യങ്ങളും ലഭ്യമാണെന്നതും മറ്റൊരു വസ്തുത. അതിസമ്പന്നർക്ക് മാത്രം വാങ്ങാൻ സാധിക്കുന്ന അത്ര ഉയർന്ന തുകയാണ് ഇവിടുത്തെ മാൻഷനുകൾക്ക് എന്നതും മറ്റൊരു വാസ്തവം.
ഈ മാൻഷനുകളിൽ ഒന്ന് പോർച്ചുഗൽ ഇതിഹാസ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ (Cristiano Ronaldo) സ്വന്തമാക്കി എന്നതാണ് ഏറ്റവും പുതിയ റിപ്പോർട്ട്. കോടീശ്വരന്മാരുടെ ദ്വീപ് എന്ന് അറിയപ്പെടുന്ന ഈ ദ്വീപിൽ സി ആർ 7 മാൻഷൻ വാങ്ങിയതായി ഇംഗ്ലീഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ലോകത്തിന്റെ വിവിധ കോണുകളിൽ വിലയേറിയ പ്രോപ്പർട്ടികൾ ഉള്ള ഫുട്‌ബോളറാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ. മാർബെല്ല, മാഞ്ചസ്റ്റർ, ടുറിൻ, മാഡ്രിഡ് എന്നിവിടങ്ങളിലെല്ലാം റൊണാൾഡോയ്ക്ക് പ്രോപ്പർട്ടികളുണ്ട്. ഈ പട്ടികയിലേക്ക് ഏറ്റവും ഒടുവിലായി എത്തുകയാണ് ദുബായ്. ഈ വർഷം തന്നെ മാൻഷൻ റൊണാൾഡോയുടെ കൈയിൽ എത്തുമെന്നാണ് വിവരം.
അതേ സമയം ഈ വസ്തുവിന്റെ വിശദാംശങ്ങൾ ഇതുവരെ പുറത്തു വന്നിട്ടില്ല. 30,000 സ്‌ക്വയർ മീറ്റർ വലുപ്പമുള്ള വില്ലയും പുരയിടവുമാണ് സി ആർ 7 വാങ്ങിയിരിക്കുന്നത്. ആറ് ബെഡ് റൂമുകൾ, സ്വകാര്യ ബീച്ച്, ഏഴ് കാർ പാർക്ക് ചെയ്യാനുള്ള ഗാർബേജ്, സ്പാ, ദുബായ് ഡൗൺടൗണിന്റെ കാഴ്ച ആസ്വദിക്കാൻ പാകത്തിലുള്ള സ്വിമ്മിങ് പൂൾ, ജോലിക്കാർക്കുള്ള താമസ സൗകര്യം തുടങ്ങിയവ എല്ലാം ഉൾപ്പെടുന്നതാണ് റൊണാൾഡോ സ്വന്തമാക്കുന്ന വമ്പൻ മാൻഷൻ
ജനുവരി 19 ന് സി ആർ 7 ദുബായിൽ എത്തും. 2023 കലണ്ടർ വർഷത്തിൽ ഏറ്റവും കൂടുതൽ ഗോൾ സ്വന്തമാക്കിയ ഫുട്‌ബോളറിനുള്ള മാറഡോണ പുരസ്‌കാരം സ്വീകരിക്കുന്നതിനാണ് ക്രിസ്റ്റ്യാനോ ദുബായിൽ എത്തുന്നത്. ഗ്ലോബ് സോക്കർ അവാർഡ് സ്വീകരിക്കാൻ എത്തുമ്പോൾ പുതിയ മാൻഷനിലാകും ക്രിസ്റ്റ്യാനോ റൊണാൾഡോ താമസിക്കുക എന്നാണ് റിപ്പോർട്ട്.
59 മത്സരങ്ങളിൽ നിന്നാണ് സി ആർ 7 കഴിഞ്ഞ കലണ്ടർ വർഷത്തിൽ 54 ഗോൾ സ്വന്തമാക്കിയത്. 15 അസിസ്റ്റും സി ആർ 7 നടത്തിയിരുന്നു. ക്ലബ് തലത്തിൽ 50 മത്സരങ്ങളിൽ 44 ഗോളും ക്രിസ്റ്റ്യാനോ റൊണാൾഡോ സ്വന്തമാക്കി. പോർച്ചുഗലിനായി 10 ഗോളും 2023 കലണ്ടർ വർഷത്തിൽ സി ആർ 7 നേടിയിരുന്നു. 2023 കലണ്ടർ വർഷത്തിൽ ഏറ്റവും കൂടുതൽ ഗോൾ നേടിയെങ്കിലും ഐ എഫ് എഫ് എച്ച് എസ് ( ഇന്റർനാഷണൽ ഫെഡറേഷൻ ഓഫ് ഫുട്‌ബോൾ ഹിസ്റ്ററി ആൻഡ് സ്റ്റാറ്റിസ്റ്റിക്‌സ് ) തെരഞ്ഞെടുത്ത 2023 ലെ ഏറ്റവും മികച്ച 11 അംഗ ടീമിൽ സി ആർ 7 ന് ഇടം ലഭിച്ചില്ല. ലോകത്തിലെ ഏറ്റവും മികച്ച 10 കളിക്കാരുടെ ഐ എഫ് എഫ് എച്ച് എസ് പട്ടികയിലും റൊണാൾഡോ ഇല്ലായിരുന്നു.