ദോഹ: ഖത്തറിൽ വേനൽച്ചൂട് നാൾക്കുനാൾ ശക്തിയാർജിച്ചു വരുന്ന സാഹചര്യത്തിൽ ജീവനക്കാരുടെ സുരക്ഷയ്ക്കായി മുൻകരുതലുകൾ സ്വീകരിക്കാൻ പൊതുജനാരോഗ്യ മന്ത്രാലയവും തൊഴിൽ മന്ത്രാലയവും സ്ഥാപന ഉടമകൾക്ക് നിർദേശം നൽകി. ജീവനക്കാരുടെ ആരോഗ്യ സുരക്ഷ ഉറപ്പുവരുത്തിക്കൊണ്ട് മാത്രമേ അവരെ പുറം ജോലികൾക്ക് നിയോഗിക്കാവൂ എന്നും മന്ത്രാലയം അറിയിച്ചു. നിലവിൽ പകൽസമയത്തെ താപനില 37 സെൽഷ്യസിനും 43 സെൽഷ്യസിനും ഇടയിലേക്ക് ഉയരുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം.
ചൂട് കൂടിയ സാഹചര്യത്തിൽ പുതുതായി ജോലിക്ക് നിയോഗിക്കുന്നവരെ ഒറ്റയടിക്ക് വെയിലിലേക്ക് ജോലിക്ക് വിടുന്നതിന് പകരം ’20 ശതമാനം നിയമം’ അനുവർത്തിക്കണമെന്നും മന്ത്രാലയം അറിയിച്ചു. തൊഴിലാളികളെ പുറം കാലാവസ്ഥയുമായി പൊരുത്തപ്പെടീക്കുന്നതിന് വേണ്ടിയാണിത്. ഒറ്റയടിക്ക് കടുത്ത ചൂടിൽ ജോലിക്ക് നിയോഗിച്ചാൽ അത് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകുമെന്നും അവരുടെ ശരീരം ചൂടിനോട് ഇണങ്ങിച്ചേരുന്നതു വരെ ഇക്കാര്യം ശ്രദ്ധിക്കണമെന്നും അധികൃതർ അറിയിച്ചു.
ജോലിയുടെ ആദ്യ ദിവസം ആകെ ജോലി സമയത്തിന്റെ 20 ശതമാനം സമയത്ത് മാത്രമേ തൊഴിലാളികളെ പുറം ജോലിക്ക് നിയോഗിക്കാൻ പാടുള്ളൂ. പിന്നീട് അടുത്ത ദിവസം 20 ശതമാനം കൂടി കൂട്ടി ആകെ സമയത്തിന്റെ 40 ശതമാനം സമയം പുറത്ത് ജോലി ചെയ്യിപ്പിക്കാം. ഈ രീതി തുടർന്നാൽ ചൂടിന്റെ സമ്മർദം താങ്ങാൻ പാകത്തിൽ അവരുടെ ശരീരം പാകപ്പെടും. ഈ രീതിയിൽ ചൂടുമായി അവരുടെ ശരീരം ഇണങ്ങിച്ചേർന്നാൽ മാത്രമേ മുഴുവൻ സമയവും ജോലിക്ക് നിയോഗിക്കാവൂ എന്നും സാമൂഹ്യ മാധ്യമ അക്കൗണ്ടുകളിലൂടെ നടത്തിയ നിർദ്ദേശത്തിൽ മന്ത്രാലയങ്ങൾ വ്യക്തമാക്കി.
പുറം ജോലിക്ക് നിയോഗിക്കുന്ന തൊഴിലാളികൾക്ക് ആവശ്യമായ എല്ലാ സുരക്ഷാ സൗകര്യങ്ങളും തൊഴിലുടമകൾ ഒരുക്കിക്കൊടുക്കണമെന്നും മന്ത്രാലയം നിർദേശിച്ചു. ചൂട് ജന്യ രോഗങ്ങൾക്കുള്ള അത്യാവശ്യ പ്രഥമശുശ്രൂഷയെ കുറിച്ചുള്ള ബോധവത്ക്കരണം എല്ലാ ജീവനക്കാർക്കും നൽകണം. നേരിട്ട് സൂര്യതാപം ശരീരത്തിൽ പതിക്കുന്ന പരമാവധി ഒഴിവാക്കാൻ ശ്രമിക്കണം. ചൂട് ജന്യ രോഗങ്ങളുടെ ലക്ഷണങ്ങളെ കുറിച്ചും ജീവനക്കാർക്ക് ബോധവൽക്കരണം നൽകണം. അസാധാരണമായ പെരുമാറ്റം, അവ്യക്തമായ സംസാരം, അപസ്മാരം, ബോധം നഷ്ടപ്പെടൽ തുടങ്ങിയ ലക്ഷണങ്ങൾ കാണിക്കുന്ന തൊഴിലാളികളെ ഉടൻ തന്നെ ആശുപത്രികളിലേക്ക് മാറ്റാനും നിർദേശമുണ്ട്.
അടിയന്തിര സാഹചര്യങ്ങളിൽ, 999 എന്ന നമ്പറിൽ വിളിക്കണം. മെഡിക്കൽ സഹായം ലഭ്യമാകുന്നതു വരെയുള്ള സമയത്ത് വെള്ളമോ ഐസോ ഉപയോഗിച്ച് തൊഴിലാളിയെ തണുപ്പിക്കണമെന്നും തൊഴിലാളിയുടെ കൂടെ അതുവരെ സഹായികൾ നിൽക്കണമെന്നും മന്ത്രാലയം നിർദേശിച്ചു. ഒരു തൊഴിലാളിക്ക് തലവേദന, ഓക്കാനം, ബലഹീനത, തലകറക്കമോ, കനത്ത വിയർപ്പ്, വരണ്ട ചർമ്മം, ഉയർന്ന ശരീര താപനില, ദാഹം, അല്ലെങ്കിൽ മൂത്രത്തിന്റെ അളവ് കുറയൽ എന്നിവ അനുഭവപ്പെടുകയാണെങ്കിൽ അവർക്ക് നന്നായി വെള്ളം കുടിക്കാൻ നൽകണം. അവരെ തണലുള്ള സ്ഥളത്തേക്ക് മാറ്റുകയും അത്യാവശ്യമല്ലാത്ത വസ്ത്രങ്ങൾ ഊരിമാറ്റുകയും ചെയ്യണം. വെള്ളം, ഐസ് അല്ലെങ്കിൽ ഒരു ഫാൻ ഉപയോഗിച്ച് തണുപ്പിക്കണം. ആവശ്യമെങ്കിൽ വൈദ്യസഹായം തേടണമെന്നും നിർദേശങ്ങളിൽ പറയുന്നു.