ദുബായ്: ഭൂമിയില്‍ ഏറ്റവുമധികം പേര്‍ സന്ദര്‍ശനം നടത്തുന്ന സ്ഥലം ഏതാണെന്ന് അറിയേണ്ടേ? ലോകത്തിലെ ഏറ്റവും വലിയ ഷോപ്പിങ് സെന്ററായ ദുബായ് മാളിനാണ് ആ വിശേഷണം ചേരുക. കഴിഞ്ഞ വര്‍ഷം ദുബായ് മാള്‍ സന്ദര്‍ശിച്ചവരുടെ കണക്ക് പുറത്തുവിട്ടതോടെ ‘മോസ്റ്റ് വിസിറ്റഡ് പ്ലേസ് ഓണ്‍ എര്‍ത്ത്’ (ഭൂമിയിലെ ഏറ്റവും കൂടുതല്‍ ആളുകള്‍ സന്ദര്‍ശിക്കുന്ന സ്ഥലം) എന്ന വിശേഷണം എടുത്തണിയുകയാണ് എമ്മാര്‍ പ്രോപ്പര്‍ട്ടീസ്.
2023ല്‍ 105 മില്യണ്‍ (10.5 കോടി) സന്ദര്‍ശകരാണ് ദുബായ് മാളിലെത്തിയതെന്ന് എമ്മാര്‍ സ്ഥാപകന്‍ മുഹമ്മദ് അല്‍അബ്ബാര്‍ അറിയിച്ചു. ഇതിന് തൊട്ടുമുമ്പുള്ള വര്‍ഷത്തില്‍ 8.8 കോടി ആളുകളാണ് ഇവിടെ എത്തിയത്. 2022മായി തട്ടിച്ചുനോക്കുമ്പോള്‍ സന്ദര്‍ശകരുടെ എണ്ണത്തില്‍ 19 ശതമാനം വര്‍ധനവുണ്ടായി. ദുബായ് മാളിലെ വില്‍പനയിലും റെക്കോഡ് വര്‍ധനയുണ്ട്.
ഈ വര്‍ഷം ആദ്യ രണ്ട് മാസങ്ങളില്‍ മാത്രം രണ്ട് കോടിയിലധികം സന്ദര്‍ശകരെത്തി. ഈ വര്‍ഷവും സന്ദര്‍ശകരുടെ എണ്ണം പുതിയ റെക്കോഡിലേക്ക് പോവുകയാണെന്ന് വ്യക്തമാക്കുന്നതാണ് ഈ കണക്ക്.
ദുബായ് മാളിനോടുള്ള ജനങ്ങളുടെ ഇഷ്ടവും ദുബായ് നഗരശില്‍പികളായ ഭരണനേതൃത്വത്തിന്റെ ഭാവനാസമ്പന്നമായ കാഴ്ചപ്പാടുകളും പ്രതിഫലിപ്പിക്കുന്നതാണ് ഈ കണക്കുകളെന്ന് മുഹമ്മദ് അല്‍അബ്ബാര്‍ അഭിപ്രായപ്പെട്ടു. ദുബായ് നഗരത്തിന്റെ ഊര്‍ജസ്വലമായ ചൈതന്യവും മാള്‍ ഉള്‍ക്കൊള്ളുന്നു. നേതൃത്വത്തിന്റെ കാഴ്ചപ്പാട് യാഥാര്‍ഥ്യമാക്കുന്നതോടൊപ്പം നഗരത്തിന്റെ വിജയത്തിലും നവീകരണത്തിലും ഞങ്ങള്‍ നിര്‍ണായക പങ്കുവഹിക്കുന്നു- അല്‍അബ്ബാര്‍ പറഞ്ഞു.
ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി എല്ലാ രാജ്യങ്ങളിലും പെട്ട സന്ദര്‍ശകര്‍ ഇവിടെ എത്തുന്നുവെന്നത് മാളിന്റെ ആകര്‍ഷണീയത വര്‍ധിപ്പിക്കുന്നതിനൊപ്പം ദുബായിയുടെ കോസ്‌മോപൊളിറ്റന്‍ സംസ്‌കാരത്തെ പ്രതിഫലിപ്പിക്കുകയും ചെയ്യുന്നതായി അദ്ദേഹം ചൂണ്ടിക്കാട്ടി. ദുബായ് മാളിന് ഡിജിറ്റല്‍ ലോകത്ത് 1.3 മില്യണ്‍ ഫോളോവേഴ്സുണ്ട്.
ദുബായ് മാളിലെ പേ പാര്‍ക്കിങ് രാജ്യത്തെ പ്രമുഖ ടോള്‍ ഗേറ്റ് ഓപറേറ്ററായ സാലിക്ക് കമ്പനിക്ക് കൈമാറിയിട്ടുണ്ട്. ഈ വര്‍ഷം പകുതിയോടെ സജ്ജീകരണങ്ങള്‍ പൂര്‍ത്തിയായേക്കും. കഴിഞ്ഞ ഡിസംബര്‍ 22ന് എമ്മാര്‍ പ്രോപ്പര്‍ട്ടീസും സാലികും ഇതുസംബന്ധിച്ച് ധാരണാപത്രം ഒപ്പുവെച്ചിരുന്നു. പാര്‍ക്കിങ് ഏരിയയില്‍ സെക്യൂരിറ്റി ജീവനക്കാര്‍ വാഹനം സൗകര്യം ഒരുക്കുന്ന സംവിധാനം ഇതോടെ ഇല്ലാതാവും. വാഹനത്തിന്റെ നമ്പര്‍ റീഡ് ചെയ്ത് പാര്‍ക്കിങ് ഫീ സന്ദര്‍ശകരുടെ അക്കൗണ്ടില്‍ നിന്ന് സ്വമേധയാ ഡെബിറ്റ് ചെയ്യപ്പെടും. തിരക്ക് നിയന്ത്രിക്കുകയും സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുകയും ചെയ്യുന്നതിന്റെ ഭാഗമാണിത്.