തെല്‍ അവീവിൽ: കുഞ്ഞിന് പ്രത്യേകം ടിക്കറ്റ് എടുക്കാതെ യാത്ര സാധ്യമല്ലെന്ന് വിമാന കമ്പനി അധികൃതർ ദമ്പതികൾക്ക് നിർദ്ദേശം നൽകി. എന്നാൽ വിഷയം ചോദ്യം ചെയ്ത ദേഷ്യത്തിൽ കുഞ്ഞിനെ ചെക്ക് ഇന്‍ കൗണ്ടറില്‍ ദമ്പതികൾ ഉപേക്ഷിച്ചെന്ന് പരാതി. ഇസ്രയേല്‍ തലസ്ഥാനമായ തെല്‍ അവീവിലെ ബെന്‍ ഗുരിയന്‍ അന്താരാഷ്‍ട്ര വിമാനത്താവളത്തിലാണ് ദമ്പതികൾ കുഞ്ഞിനെ ഉപേക്ഷിച്ച് പോയതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
ബെല്‍ജിയത്തിലെ ബ്രസല്‍സിലേക്ക് റയാന്‍ എയര്‍ വിമാനത്തില്‍ യാത്ര ചെയ്യാൻ വേണ്ടിയാണ് ദമ്പതികൾ കുഞ്ഞിനെ കൊണ്ട് പോയത്. ഇവർ കുഞ്ഞിന് യാത്ര ചെയ്യാൻ വേണ്ടി പ്രത്യേകം ടിക്കറ്റ് എടുത്തിരുന്നില്ല. ടിക്കറ്റ് ഇല്ലാതെ കുഞ്ഞിന് യാത്ര ചെയ്യാൻ സാധിക്കില്ലെന്ന് വിമാനക്കമ്പനി ജീവനക്കാർ അറിയിച്ചു. പ്രത്യേകം ടിക്കറ്റെടുക്കണമെന്ന് വിമാനക്കമ്പനി ജീവനക്കാര്‍ ഇവരോട് ആവശ്യപ്പെട്ടു. എന്നാൽ അധികമായി ടിക്കറ്റ് എടുക്കാൻ ദമ്പതികൾ തയ്യാറായില്ല. വലിയ തർക്കം വിമാനത്താവളത്തിൽ നടന്നു. തുടർന്ന് ദമ്പതികൾ കുഞ്ഞിനെ ചെക്ക് ഇന്‍ കൗണ്ടറില്‍ വെച്ചു. അവർ സെക്യൂരിറ്റി പരിശോധനയ്ക്കായി മുന്നോട്ട് നീങ്ങി.
വിമാനത്താവളത്തിൽ ദമ്പതികൾ വെെകിയാണ് എത്തിയത്. അതുകൊണ്ട് തന്നെ അടുത്ത നടപടികളിലേക്ക് പെട്ടെന്ന് പോയി. ആദ്യമായാണ് ഒരാള്‍ ഇത്തരത്തില്‍ പെരുമാറുന്നതെന്നും അവർ കുഞ്ഞിനെ ഒരിക്കലും കൗണ്ടറിൽ വെച്ച് പോകും എന്ന് വിചാരിച്ചില്ലെന്ന് ജീവനക്കാരി പറഞ്ഞതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. എയര്‍പോര്‍ട്ട് ജീവനക്കാര്‍ കുഞ്ഞിനെ ഉടൻ തന്നെ തിരിച്ചെടുക്കാൻ ദമ്പതികളോട് ആവശ്യപ്പെട്ടു. സുരക്ഷാ ഉദ്യോഗസ്ഥരും പൊലീസും ജീവനക്കാർ ആവശ്യപ്പെട്ടത് പ്രകാരം സ്ഥലത്തെത്തിയിരുന്നു. എന്നാൽ നിലവിൽ കുഞ്ഞ് മാതാപിതാക്കളുടെ അടുത്തായതിനാൽ സംഭവത്തിൽ കേസെടുക്കാൻ സാധിക്കില്ലെന്ന് അധികൃതർ അറിയിച്ചു. സംഭവത്തില്‍ കൂടുതലായി അന്വേഷിക്കാന്‍ ഒന്നുമില്ലെന്ന് ഇസ്രയേല്‍ പൊലീസ് വക്താവ് പറഞ്ഞതായി സി.എന്‍.എൻ റിപ്പോർട്ട് ചെയ്യുന്നു.