Tech

ഇന്ത്യയിൽ ഐഫോൺ വികാരം പടരുന്നു; എന്നാൽ ചൈനയിൽ നിരോധനം വരുന്നത് എന്തുകൊണ്ടാണ്?

Published

on

ഇന്ത്യയിൽ യുവാക്കൾക്കിടയിൽ പടർന്ന് ഐഫോൺ പ്രണയം. മികച്ച ഉപഭോക്തൃ അനുഭവങ്ങളും പ്രീമിയം ഫീച്ചറുകളും ഐഫോണിനെ യുവാക്കളുടെ സ്റ്റാറ്റസ് സിമ്പൽ ആക്കുകയാണ്. എന്നാൽ ചൈനയിൽ സ്ഥിതി നേരെ തിരിച്ചാണ്. സർക്കാർ സ്ഥാപനങ്ങളിലെല്ലാം ഐഫോൺ ഉപയോഗിക്കുന്നത് നിരോധിച്ചിരിക്കുന്നതായാണ് റിപ്പോർട്ടുകൾ. ഭരണകൂടത്തിൻെറ പ്രതിനിധികളും സർക്കാർ ഉദ്യോഗസ്ഥരും ജീവനക്കാരുമൊന്നും ഐഫോൺ ഉപയോഗിക്കരുതെന്ന് നിർദേശമുണ്ട്.

സർക്കാർ പിന്തുണയുള്ള ഏജൻസികൾക്കും സംസ്ഥാന കമ്പനികൾക്കും നിരോധനം ബാധകമാണ്. മറ്റ് സർക്കാർ നിയന്ത്രിത സ്ഥാപനങ്ങളിലേക്കും നിരോധനം കൊണ്ടുവരുമെന്നാണ് സൂചന. ഔദ്യോഗിക ചാനലുകളിലൂടെ പ്രഖ്യാപിച്ചിട്ടില്ലാത്ത ചൈനയുടെ ഈ നീക്കങ്ങൾ, വാഷിംഗ്ടണും ബീജിംഗും തമ്മിലുള്ള വ്യാപാര-സാങ്കേതിക വിദ്യാ യുദ്ധത്തിൻെറ ഫലമായുള്ള ഏറ്റവും പുതിയ നടപടിയാണെന്നാണ് സൂചന.

പ്രാദേശിക നെറ്റ്‌വർക്കുകളിലേക്കുള്ള ഐഫോണിൻെറ ആക്‌സസ് തടയുകയാണ് നിരോധനത്തിന് പിന്നിലെ പ്രധാന കാരണം. പാരിസ്ഥിതിക ഭൂമിശാസ്ത്ര വിവരങ്ങൾ ശേഖരിക്കുന്നത് തടയുകയാണ് മറ്റൊരു ലക്ഷ്യം. ഐഫോണുകളുടെ വ്യക്തിഗത ഉപയോഗം പരിമിതപ്പെടുത്തുന്നത് സൈബർ സുരക്ഷ വർദ്ധിപ്പിക്കുമെന്നാണ് സർക്കാരിൻെറ വാദം. ചൈനീസ് ഇക്കണോമിസ്റ്റ് ഇൻറലിജൻസ് യൂണിറ്റ് ഇതേക്കുറിച്ചുള്ള പ്രതികരണങ്ങൾ പുറത്ത് വിട്ടിട്ടുണ്ട്. പുതിയ നിയമങ്ങളും നിയന്ത്രണങ്ങളുമായി സൈബർ സുരക്ഷാ പഴുതുകൾ അടയ്ക്കാൻ ചൈന കൂടുതൽ ശക്തമായി ശ്രമിക്കുകയാണ്.

ചൈന പ്രധാന വിപണി

ഈ വർഷം ആപ്പിളിന് ലക്ഷക്കണക്കിന് ഉപഭോക്താക്കെളെ നഷ്ടമാകുമെന്നും റിപ്പോർട്ടുകൾ ഉണ്ട്. ഇന്ത്യ പ്രധാന വിപണികളിൽ ഒന്നായി മാറുമ്പോഴും ചൈനീസ് വിരോധം തിരിച്ചടിയാകുമോ എന്ന അങ്കലാപ്പിലാണ് കമ്പനി. ആപ്പിളിനെ സംബന്ധിച്ചിടത്തോളം വളരെ പ്രധാന വിപണിയാണ് ചൈന. മൊത്തം വരുമാനത്തിൻെറ ഏകദേശം 19 ശതമാനത്തോളം ചൈനയിൽ നിന്നാണ് എന്നതാണ് കാരണം.

ചൈനയിലെ തന്നെ മറ്റൊരു സ്മാർട്ട്ഫോൺ നിർമാതാവായ ഹവായിൽ നിന്ന് ശക്തമായ മത്സരവും കമ്പനി നേരിടുന്നുണ്ട്. ഐഫോൺ 15നോട് മത്സരിക്കാൻ ആണ് കമ്പനി മേറ്റ് 60 പ്രോ വിപണിയിൽ എത്തിക്കുന്നത്. ഹവായി പുതിയ ഫോൺ ഇറക്കിയതിനാൽ കയറ്റുമതിയിൽ 10 ലക്ഷം യൂണിറ്റിൻെറ കുറവ് വരെയുണ്ടാകാം എന്നും ഊഹാപോഹങ്ങൾ ഉണ്ട്. അതേസമയം വിജയകരമായ മാർക്കറ്റിങ്ങിനും ആപ്പിളിൻെറ വിപണന രീതികൾക്കും ഇന്ത്യയിൽ വേരോട്ടമുണ്ട് എന്നതിൻെറ സൂചനയാണ് രാജ്യത്തെ ഉയരുന്ന ഐഫോൺ ഡിമാൻഡ്. മറ്റ് സ്മാർട്ട് ഫോണുകളുമായി താരതമ്യം ചെയ്യുമ്പോൾ വില വളരെക്കൂടുതൽ ആണെങ്കിലും മറ്റ് പ്രധാന വിപണികൾക്കൊപ്പം ഇന്ത്യയിലും ഐഫോണിൻെറ ഡിമാൻഡ് ഉയരുന്നു.

ആപ്പിൾ ഉൽപ്പന്നങ്ങളിൽ ഇന്ത്യയിലും ഏറ്റവും കൂടുതൽ ഡിമാൻഡ് ഐഫോണിന് തന്നെയാണ്.
ഐഫോണിൻെറ നൂതനമായ ഡിസൈനും ഫീച്ചറുകളും എല്ലാം മറ്റ് സ്മാർട്ട് ഫോണുകളിൽ നിന്ന് വേറിട്ടുനിൽക്കുന്നു. ഓപ്പറേറ്റിംഗ് സിസ്റ്റവും എക്സ്ക്ലൂസീവ് ആപ്പുകളും ഒരുപോലെ ആരാധകർക്ക് പ്രിയങ്കരമാണ്. ഐഫോൺ 15-ൻെറ ലോഞ്ച് ഉറ്റുനോക്കുകയാണ് ടെക്ക് വിപണി.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version