അബുദാബി: യുഎഇയില്‍ ഓണ്‍ലൈനില്‍ ഓര്‍ഡര്‍ നല്‍കിയാല്‍ 30 മിനിറ്റിനുള്ളില്‍ ആപ്പിള്‍ കമ്പനിയുടെ ഏറ്റവും പുതിയ സെല്‍ഫോണ്‍ മോഡലായ ഐഫോണ്‍ 15 വീടുകളിലെത്തിച്ചുനല്‍കുന്നു. യൂബറിന്റെ ഉടമസ്ഥതയിലുള്ള ദുബായ് ആസ്ഥാനമായുള്ള ഓണ്‍ലൈന്‍ സേവന കമ്പനിയായ കരീം ആണ് ഈ സേവനം നല്‍കുന്നത്.
കരീമിന്റെ അതിവേഗത്തിലുള്ള ഡെലിവറി സേവനമായ ‘കരീം ക്വിക്ക്’ വഴി 30 മിനിറ്റിനുള്ളില്‍ ഉപഭോക്താക്കള്‍ക്ക് ഐഫോണ്‍ 15 മോഡലുകള്‍ വിതരണം ചെയ്യും. ഐഫോണിനായി ഷോറൂമുകളില്‍ മണിക്കൂറുകള്‍ വരിനില്‍ക്കാതെയും ഓണ്‍ലൈനില്‍ ഓര്‍ഡര്‍ ചെയ്ത് ദിവസങ്ങളോളം കാത്തിരിക്കാതെയും തന്നെ മിനിറ്റുകള്‍ക്കുള്ളില്‍ ഐഫോണുകള്‍ അവരുടെ വീട്ടിലേക്ക് എത്തിക്കാന്‍ സംവിധാനമൊരുക്കിയതായി കരീമിന്റെ ഗ്രോസറീസ് മേധാവി ചേസ് ലാരിയോ പറഞ്ഞു.
ഐഫോണ്‍ 15ന്റെ ലോഞ്ചിനൊപ്പം തന്നെ ‘കരീം ക്വിക്ക്’ അതിവേഗ ഡെലിവറിക്ക് സംവിധാനമൊരുക്കിയിരുന്നു. തങ്ങളുടെ ഉപഭോക്താക്കളുടെ ജീവിതം അനായാസവും മനോഹരവുമാക്കാനുള്ള അവസരങ്ങള്‍ക്കായി എപ്പോഴും കാത്തിരിക്കുകയാണെന്നും പുതിയ ഐഫോണ്‍ 15 ലോഞ്ചിനു പിന്നാലെ ഈ സേവനം നല്‍കാന്‍ കഴിഞ്ഞത് ഏറെ സന്തോഷകരമാണെന്നും ചേസ് ലാരിയോ കൂട്ടിച്ചേര്‍ത്തു. 2012 ജൂലൈയില്‍ സ്ഥാപിതമായ കരീം 13 രാജ്യങ്ങളിലായി 100ലധികം നഗരങ്ങളില്‍ സേവനങ്ങള്‍ നല്‍കിവരുന്നു.
ടെക് ഭീമനായ ആപ്പിള്‍ കഴിഞ്ഞ സെപ്റ്റംബര്‍ 12ന് ‘വണ്ടര്‍ലസ്റ്റ്’ പരിപാടിയിലാണ് പുതുതലമുറ ഫോണുകള്‍ പുറത്തിറക്കിയത്. ഐഫോണ്‍ 15, ഐഫോണ്‍ 15 പ്ലസ്, ഐഫോണ്‍ 15 പ്രോ, ഐഫോണ്‍ 15 പ്രോ മാക്‌സ് എന്നിവ ഉള്‍പ്പെടുന്ന പുതിയ സീരീസ് ആണ് അവതരിപ്പിച്ചത്. ഏറ്റവും പുതിയ ഹൈഎന്‍ഡ് സ്മാര്‍ട്ട്‌ഫോണുകള്‍ക്കായി ആപ്പിളിന്റെ ആരാധകര്‍ കാത്തിരിക്കുകയാണ്. ബ്ലാക്ക് ടൈറ്റാനിയം, വൈറ്റ് ടൈറ്റാനിയം, ബ്ലൂ ടൈറ്റാനിയം, നാച്ചുറല്‍ ടൈറ്റാനിയം എന്നിവയുള്‍പ്പെടെ നാല് പുതിയ ഫിനിഷുകളില്‍ ഇവ ലഭ്യമാണ്.
ഐഫോണ്‍ 15 പ്രോയിലും ഐഫോണ്‍ 15 പ്രോ മാക്‌സിലുമുള്ള പുതിയ എ17 പ്രോ ചിപ്‌സെറ്റ് മൊത്തത്തിലുള്ള പ്രകടനം മെച്ചപ്പെടുത്തുകയും ബാറ്ററി ലൈഫ് ലാഭിക്കുകയും ചെയ്യുമെന്ന് കമ്പനി അവകാശപ്പെടുന്നു. അതുകൊണ്ട് തന്നെ ഐഫോണ്‍ 15 പ്രോ പതിപ്പുകളുടെ വില വര്‍ധിക്കുമെന്ന് നേരത്തെ തന്നെ പ്രതീക്ഷിച്ചിരുന്നു. യുഎഇ ഉള്‍പ്പെടെ ഏതാനും തിരഞ്ഞെടുക്കപ്പെട്ട രാജ്യങ്ങളിലാണ് ആദ്യം പുതിയ മോഡലുകള്‍ ലഭ്യമായി തുടങ്ങിയത്. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള ടെക് പ്രേമികള്‍ ഏറ്റവും പുതിയ ഫോണിനായി ദുബായിലെത്തിയിരുന്നു. ഇപ്പോള്‍ ലോകമെമ്പാടുമുള്ള വിവിധ മേഖലകള്‍ക്കുള്ള വിലകള്‍ ആപ്പിള്‍ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്.
ഐഫോണ്‍ 15 സീരീസ് വാങ്ങാന്‍ നൂറുകണക്കിന് ആളുകള്‍ ദുബായ് മാളിലെ ആപ്പിള്‍ സ്റ്റോറിന് മുന്നില്‍ ക്യൂ നില്‍ക്കുന്നതിന്റെയും ജനക്കൂട്ടത്തെ നിയന്ത്രിക്കാന്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ പാടുപെടുന്നതിന്റെയും വീഡിയോ നേരത്തേ പുറത്തുവന്നിരുന്നു. പുതിയ ഐഫോണുകള്‍ മുന്‍കൂട്ടി ബുക്ക് ചെയ്ത് വാങ്ങാനുള്ള അവസരം സെപ്തംബര്‍ 15 മുതല്‍ ലഭ്യമായിന്നെങ്കിലും ഷോറൂമുകളിലെ വില്‍പ്പനയും ഓര്‍ഡര്‍ ഡെലിവറിയും സപ്തംബര്‍ 22 വെള്ളിയാഴ്ച രാവിലെ മുതലാണ് ആരംഭിച്ചത്. 3,399 ദിര്‍ഹം (76,748 രൂപ) മുതല്‍ 6,799 ദിര്‍ഹം (1,53,519 രൂപ) വരെയാണ് ഫോണുകളുടെ വില.