Gulf

ഒമാനില്‍ എല്‍പിജി സിലിണ്ടറുകള്‍ക്ക് ഇന്‍ഷൂറന്‍സ് വരുന്നു; 5 റിയാല്‍ മുതല്‍ 30 റിയാല്‍ വരെ

Published

on

മസ്‌കറ്റ്: എല്‍പിജി സിലിണ്ടറുകളുടെ വില്‍പ്പനയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്ന പുതിയ നിയമം പ്രഖ്യാപിച്ച് ഒമാന്‍ വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രി. ഇതുപ്രകാരം ഗ്യാസ് സിലിണ്ടറുകളുടെ വില നിയന്ത്രിക്കാനുള്ള അധികാരം വാണിജ്യ മന്ത്രിക്കായിരിക്കും. ധനമന്ത്രാലയത്തിന്റെ അംഗീകാരത്തിന് വിധേയമായിട്ടായിരിക്കും വാണിജ്യ മന്ത്രി വില നിര്‍ണയിക്കുക. ഈ തീരുമാനം ഔദ്യോഗിക ഗസറ്റില്‍ പ്രസിദ്ധീകരിച്ച് 180 ദിവസത്തിന് ശേഷം ഡിസംബര്‍ 6 ന് പ്രാബല്യത്തില്‍ വരുമെന്നും അധികൃതര്‍ അറിയിച്ചു.

എല്‍പിജി സിലിണ്ടറുകള്‍ക്ക് ഡെപ്പോസിറ്റ് തുക എന്ന രീതിയില്‍ ഇന്‍ഷൂറന്‍സ് നല്‍കണമെന്നതാണ് പുതിയ നിയമത്തിലെ മറ്റൊരു വ്യവസ്ഥ. സിലിണ്ടറിന്റെ തരവും വലിപ്പവും അനുസരിച്ച് ഉപയോക്താവാണ് ഇന്‍ഷൂറന്‍സ് തുക നല്‍കേണ്ടത്. സിലിണ്ടറിന്റെ വലുപ്പത്തിന് ആനുപാതികമായി ഇന്‍ഷുറന്‍സ് തുക അഞ്ച് ഒമാന്‍ റിയാല്‍ (ആയിരം രൂപയ്ക്ക് മുകളില്‍) മുതല്‍ 30 റിയാല്‍ വരെ ആകാം. ഗ്യാസ് സിലിണ്ടര്‍ വില്‍ക്കുന്ന വ്യക്തിക്കാണ് ഉപയോക്താവ് ഇന്‍ഷൂറന്‍സ് തുക നല്‍കേണ്ടത്. ഇയാള്‍ തുക സിലിണ്ടറിന്റെ ഉടമയ്ക്ക് തുക കൈമാറും.

പുതിയ നിയമം അനുസരിച്ച് പാചക വാതക സിലിണ്ടര്‍ വാങ്ങുമ്പോള്‍ ഉപഭോക്താക്കള്‍ ആദ്യമായി ഒരു സെക്യൂരിറ്റി ഡെപ്പോസിറ്റ് നല്‍കണം. അടച്ച തുകയ്ക്ക് ഒരു രസീത് നല്‍കും. ഉപഭോക്താക്കള്‍ ഒരു നിശ്ചിത സമയത്തിനുള്ളില്‍ ഗ്യാസ് സിലിണ്ടറുകള്‍ മാറ്റിസ്ഥാപിക്കണമെന്നും നിയമം വ്യവസ്ഥ ചെയ്യുന്നുണ്ട്. തീരുമാനം നിലവില്‍ വന്ന് മൂന്ന് വര്‍ഷത്തിന് ശേഷമാണ് സിലിണ്ടര്‍ മാറ്റേണ്ടത്. സിലിണ്ടറുകളുടെ പാക്കേജിംഗ്, വില്‍പ്പന, എല്‍പിജി സിലിണ്ടറുകള്‍ നിറയ്ക്കല്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ പ്രത്യേക ലൈസന്‍സ് നേടണമെന്നാണ് പുതിയ നിയമത്തിലെ മറ്റൊരു വ്യവസ്ഥ.

എല്‍പിജിയുമായി ബന്ധപ്പെട്ട ലൈസന്‍സ് നിയമങ്ങള്‍ കൃത്യമായി പാലിക്കപ്പെടുന്നുവെന്നും നിയമ ലംഘനങ്ങള്‍ നടക്കുന്നില്ലെന്നും ഉറപ്പുവരുത്താനുള്ള ഉത്തരവാദിത്തം വാണിജ്യ മന്ത്രാലയത്തിനു കീഴിലെ ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ഇന്‍ഡസ്ട്രിക്കാണ്. വിപണി ആവശ്യങ്ങള്‍ക്കനുസരിച്ചാണ് മന്ത്രാലയം എല്‍പിജിക്കുള്ള ലൈസന്‍സ് നല്‍കുക. പൊതുതാല്‍പ്പര്യാര്‍ഥം ആവശ്യത്തിന് അനുസൃതമായി സിലിണ്ടറുകള്‍ നിറയ്ക്കാന്‍ ലൈസന്‍സ് ഉള്ളവര്‍ക്ക് അനുവദിക്കുന്ന എല്‍പിജിയുടെ അളവ് മന്ത്രാലയത്തിന് നിയന്ത്രിക്കാന്‍ അവകാശമുണ്ടായിരിക്കും.

ഒരു വര്‍ഷത്തേക്കായിരിക്കും എല്‍പിജി ലൈസന്‍സ് അനുവദിക്കുകയെന്നും പുതിയ നിയമം വ്യവസ്ഥ ചെയ്യുന്നു. ഇതേ കാലയളവിലേക്ക് ലൈസന്‍സ് പുതുക്കാന്‍ അവസരമുണ്ട്. ലൈസന്‍സില്‍ പറഞ്ഞ ഗവര്‍ണറേറ്റിലും പ്രദേശത്തും മാത്രമേ എല്‍പിജി നിറയ്ക്കല്‍, വിതരണം തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ ലൈസന്‍സ് ഉടമ നടത്താവൂ. ലൈസന്‍സുള്ള വാണിജ്യ സ്ഥാപനത്തിന് (വെയര്‍ഹൗസ്) മാത്രമേ സിലിണ്ടറുകള്‍ വില്‍ക്കാവൂ. കൂടാതെ സിലിണ്ടറിന്റെ വില്‍പന വില അതിന്റെ നിര്‍ദ്ദിഷ്ട വിലയേക്കാള്‍ ഉയര്‍ത്തരുതെന്നും നിര്‍ദ്ദേശമുണ്ട്. ഡയരക്ടറേറ്റിന്റെ അംഗീകാരത്തോടെയുള്ള വ്യക്തമായ കാരണമില്ലാതെ ആറ് മാസക്കാലം ലൈസന്‍സില്‍ പറഞ്ഞിരിക്കുന്ന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാത്തവരുടെ ലൈസന്‍സ് റദ്ദാക്കപ്പെടുമെന്നും പുതിയ നിയമം വ്യവസ്ഥ ചെയ്യുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version