കണ്ണൂർ: പാനൂരിൽ കളിച്ചുകൊണ്ടിരിക്കുകയായിരുന്ന പിഞ്ചുകുഞ്ഞിനെ വീട്ടുമുറ്റത്ത് വെച്ചു തെരുവുനായ കടിച്ചുകീറി. ഗുരുതരമായി പരിക്കേറ്റ കുഞ്ഞിനെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച്ച രാവിലെ 10 മണിയോടെയാണ് പാനൂർ അയ്യപ്പക്ഷേത്രത്തിന് സമീപത്ത് തെരുവുനായയുടെ കടിയേറ്റ ഒന്നരവയസുകാരനെയും കൊണ്ടു ബന്ധുക്കൾ ചാല മിംമ്‌സ് ആശുപത്രിയിൽ ചികിത്സ തേടിയത്.
കുനിയിൽ നസീർ- മുർഷിദ ദമ്പതികളുടെ മകൻ ഒന്നര വയസുകാരൻ ഐസിൻ നസീറിനെയാണ് ചൊവ്വാഴ്ച്ച രാവിലെ തെരുവുനായ ആക്രമിച്ചത്. വീട്ടിൽനിന്നു മുറ്റത്തേക്കിറങ്ങിയപ്പോഴായിരുന്നു അക്രമം. കണ്ണ്, മൂക്ക്, ചെവി എന്നിവയ്‌ക്കെല്ലാം ഗുരുതരമായി പരിക്കേറ്റു. വായിലെ പല്ലുകളും നഷ്ടമായിട്ടുണ്ട്.
കുട്ടി ചാല മിംമ്‌സ് ആശുപത്രയിിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. പാനൂർ മേഖലയിൽ തെരുവുനായ്ക്കളുടെ ശല്യം അതിരൂക്ഷമാണെന്ന് പ്രദേശവാസികൾ പറഞ്ഞു. ഹോട്ടലുകളിൽ നിന്നും വീടുകളിൽ നിന്നുമുള്ള ഇറച്ചി മാലിന്യം റോഡരികിൽ തള്ളുന്നതാണ് തെരുവുനായ്ക്കൾ പെറ്റുപെരുകാൻ കാരണമാകുന്നത്. പാനൂർ നഗരസഭ തെരുവുനായ്ക്കളെ നിയന്ത്രിക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.