Gulf

യുഎഇയില്‍ ചെറുകിട സ്ഥാപനങ്ങളില്‍ സ്വദേശിവത്കരണം തുടങ്ങി; നിയമം പാലിക്കാത്തവര്‍ക്ക് കനത്ത പിഴ

Published

on

അബുദാബി: യുഎഇയില്‍ ചെറുകിട സ്ഥാപനങ്ങള്‍ക്ക് നിഷ്‌കര്‍ഷിച്ച സ്വദേശിവത്കരണ നിയമം പ്രാബല്യത്തില്‍. 20 മുതല്‍ 49 വരെ ജീവനക്കാരുള്ള ചെറുകിട-ഇടത്തരം സ്ഥാപനങ്ങളില്‍ ഒരു യുഎഇ പൗരനെയെങ്കിലും ജോലിക്ക് നിയോഗിക്കണമെന്ന നിയമാണ് 2024 ജനുവരി മുതല്‍ നിലവില്‍ വന്നത്. തിരഞ്ഞെടുക്കപ്പെട്ട 14 തൊഴില്‍ മേഖലകളിലാണ് എമിറേറ്റൈസേഷന്‍ പാലിക്കേണ്ടത്.

രാജ്യത്ത് 20-49 ജീവനക്കാരുള്ള 12,000 ത്തിലധികം കമ്പനികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഈ കമ്പനികള്‍ ചുരുങ്ങിയത് ഒരു പൗരനെ ജോലിക്ക് നിയമിക്കുന്നതിലൂടെ 12,000 പേര്‍ക്ക് ജോലി ലഭ്യമാക്കാമെന്നാണ് അധികൃതരുടെ കണക്കുകൂട്ടല്‍. 2025ല്‍ ഈ സ്ഥാപനങ്ങള്‍ ഒരു സ്വദേശിയെ കൂടി അധികമായി നിയമിക്കണം.

ഒരു സ്വദേശിയുടെ കുറവ് വന്നാല്‍ 2025 ജനുവരി മുതല്‍ 96,000 ദിര്‍ഹം ഒരു സ്ഥാപനത്തില്‍ നിന്ന് ഈടാക്കും. 2025ല്‍ ഒരു സ്വദേശിയെ കൂടി നിയമിക്കാത്തവര്‍ക്ക് 2026 ജനുവരിയില്‍ 1,08,000 ദിര്‍ഹം പിഴ നല്‍കേണ്ടിവരും. ഈ തുക തവണകളായി അടയ്ക്കാന്‍ സ്ഥാപനങ്ങള്‍ക്ക് അനുവാദമുണ്ട്.

എമിറേറ്റൈസേഷന്‍ ബാധകമായ 14 തൊഴില്‍ മേഖലകള്‍

  1. ഇന്‍ഫര്‍മേഷന്‍ ആന്റ് കമ്മ്യൂണിക്കേഷന്‍സ്
  2. ഫിനാന്‍സ് ആന്റ് ഇന്‍ഷുറന്‍സ്
  3. റിയല്‍ എസ്റ്റേറ്റ്
  4. പ്രൊഫഷണല്‍, സാങ്കേതിക പ്രവര്‍ത്തനങ്ങള്‍
  5. അഡ്മിനിസ്‌ട്രേറ്റീവ് ആന്റ് സപ്പോര്‍ട്ട് സര്‍വീസ്
  6. വിദ്യാഭ്യാസം
  7. ആരോഗ്യ സംരക്ഷണവും സാമൂഹിക പ്രവര്‍ത്തനവും
  8. കലയും വിനോദവും
  9. ഖനനവും ക്വാറിയും
  10. പരിവര്‍ത്തന വ്യവസായങ്ങള്‍
  11. നിര്‍മ്മാണം
  12. മൊത്ത-ചില്ലറ വില്‍പന
  13. ഗതാഗതവും വെയര്‍ഹൗസുകളും
  14. അക്കമഡേഷന്‍ ആന്റ് ഹോസ്പിറ്റാലിറ്റി

എമിറേറ്റൈസേഷന്‍ ലക്ഷ്യങ്ങള്‍ വേഗത്തില്‍ നിറവേറ്റാനും വര്‍ഷാവസാനം വരെ കാത്തിരിക്കുന്നത് ഒഴിവാക്കാനും മന്ത്രാലയം ബന്ധപ്പെട്ട സ്ഥാപനങ്ങളോട് അഭ്യര്‍ത്ഥിച്ച് പ്രസ്താവന പുറപ്പെടുവിച്ചിട്ടുണ്ട്. ഈ മേഖലകളെല്ലാം ദ്രുതഗതിയിലുള്ള വളര്‍ച്ചയ്ക്ക് വിധേയമാണെന്നു തൊഴിലവസരങ്ങളും അനുയോജ്യമായ തൊഴില്‍ അന്തരീക്ഷവും പ്രദാനം ചെയ്യാനുള്ള ശേഷിയുമുണ്ടെന്നും മാനവ വിഭവശേഷി, എമിറേറ്റൈസേഷന്‍ മന്ത്രാലയം വിലയിരുത്തുന്നു.

2025ലും 2026ലും പുതിയ സ്വദേശിവത്കരണ ലക്ഷ്യങ്ങള്‍ നേരത്തേ പ്രഖ്യാപിച്ചിട്ടുണ്ട്. ഇത് സംബന്ധിച്ച് യുഎഇ മന്ത്രിസഭ കൈക്കൊണ്ട തീരുമാനം നടപ്പാക്കുന്നതിന് മാനവ വിഭവശേഷി, എമിറേറ്റൈസേഷന്‍ മന്ത്രാലയം നടപടികള്‍ സ്വീകരിച്ചുവരുന്നുണ്ട്.

2026ഓടെ രാജ്യത്തെ സ്വകാര്യ മേഖലയില്‍ ചുരുങ്ങിയത് 10 ശതമാനം സ്വദേശി ജോലിക്കാര്‍ നിര്‍ബന്ധമായും ഉണ്ടായിരിക്കമെന്നാണ് വ്യവസ്ഥ. ഘട്ടംഘട്ടമായി ഈ ലക്ഷ്യം കൈവരിക്കാന്‍ 2022ലാണ് എമിറേറ്റൈസേഷന്‍ ചട്ടങ്ങള്‍ പുറത്തിറക്കിയത്. ഇതുപ്രകാരം 2022ല്‍ രണ്ടു ശതമാനം സ്വദേശിവത്കരണമാണ് പ്രഖ്യാപിച്ചിരുന്നത്. 2023ല്‍ നാല് ശതമാനം, 2024ല്‍ ആറ് ശതമാനം, 2025ല്‍ എട്ട് ശതമാനം എന്നതാണ് നിബന്ധന. ഇങ്ങനെ ഓരോ വര്‍ഷവും രണ്ട് ശതമാനം വീതം ഉയര്‍ത്തിയാണ് 2026ലെ ലക്ഷ്യം കൈവരിക്കുക.

ഓരോ വര്‍ഷത്തെയും ലക്ഷ്യത്തെ രണ്ട് ഘട്ടങ്ങളാക്കി തിരിച്ചിട്ടുണ്ട്. ആറു മാസം കൂടുമ്പോള്‍ ഒരു ശതമാനം സ്വദേശിവത്കരണം എന്നതാണ് ഈ അനുപാതം. 2024ലെ ലക്ഷ്യങ്ങള്‍ കൈവരിക്കാത്ത സ്ഥാപനങ്ങള്‍ക്ക് 2025 ജനുവരി മുതലാണ് പിഴ ഈടാക്കുക.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version