Sports

ഇന്ത്യയുടെ അട്ടിമറിമോഹം നടന്നില്ല, ഏഷ്യൻ കപ്പിൽ ഓസ്ട്രേലിയയോട് വീണത് ആദ്യ പകുതിയിൽ പൊരുതിയതിന് ശേഷം

Published

on

2024 ലെ എ എഫ് സി ഏഷ്യൻ കപ്പിൽ (AFC Asian Cup) ഇന്ത്യയ്ക്ക് തോൽവിത്തുടക്കം. ആദ്യ കളിയിൽ കരുത്തരായ ഓസ്ട്രേലിയയോട് മറുപടിയില്ലാത്ത രണ്ട് ഗോൾ തോൽവിയാണ് ഇന്ത്യ ഏറ്റുവാങ്ങിയത്. ആദ്യ പകുതിയിൽ ഓസ്ട്രേലിയയെ വിറപ്പിച്ച് നിർത്തിയ ഇന്ത്യ രണ്ടാം പകുതിയിൽ പക്ഷേ കളി മറന്നു. ഓസ്ട്രേലിയ അവരുടെ രണ്ട് ഗോളുകളും നേടിയത് രണ്ടാം പകുതിയിലായിരുന്നു. ജാക്സൺ ഇർവിനും, ജോർദാൻ ബോസുമാണ് ഓസ്ട്രേലിയയുടെ ഗോൾസ്കോറർമാർ.

അഹ്മദ് ബിൻ അലി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിന്റെ ആദ്യ മിനിറ്റുകളിൽ ഓസീസിനെ വിറപ്പിക്കുന്ന ടീം ഇന്ത്യയെയാണ് കണ്ടത്. പ്രതിരോധത്തിൽ കൃത്യമായി ഓർഗനൈസ് ചെയ്തു കളിച്ച ഇഗോർ സ്റ്റിമാച്ചിന്റെ സംഘം ശക്തരായ ഓസീസ് നിരയ്ക്കെതിരെ പതറാതെ പിടിച്ചുനിന്നു. ആദ്യ 15 മിനിറ്റിൽ ഇന്ത്യൻ ഗോൾകീപ്പർ ഗുർപ്രീത് സിങ് സന്ധുവിനെ കാര്യമായി പരീക്ഷിക്കാൻ പോലും ഓസ്ട്രേലിയക്ക് കഴിഞ്ഞില്ല. ഗ്യാലറിയിൽ നിന്ന് വലിയ പിന്തുണ കിട്ടുക കൂടി ചെയ്തത് ഇന്ത്യയുടെ ഊർജ്ജം ഇരട്ടിയാക്കി.

കളിയുടെ പതിനാറാം മിനിറ്റിൽ ഇന്ത്യ ഓസീസ് ഗോൾമുഖം വിറപ്പിച്ചു‌.‌ ബോക്സിനുള്ളിലേക്ക് നിഖിൽ പൂജാരി വെച്ചുനൽകിയ പന്ത് തലകൊണ്ട് ഗോൾ വലയിലേക്ക് എത്തിക്കാനുള്ള സുനിൽ ഛേത്രിയുടെ ശ്രമം പക്ഷെ ചെറിയ വ്യത്യാസത്തിൽ പുറത്തേക്ക് പോയി. ഇല്ലായിരുന്നെങ്കിൽ കളിയിൽ ഇന്ത്യ ആദ്യം ലീഡെടുത്തേനെ.

ഇരുപത്തിയൊന്നാം മിനിറ്റിൽ ഗോൾ കീപ്പർ സന്ധു കാണിച്ച അബദ്ധം ഇന്ത്യയ്ക്ക് പണിയാകുമെന്ന് തോന്നിപ്പിച്ചെങ്കിലും ചെറിയ വ്യത്യാസത്തിൽ ഇന്ത്യ രക്ഷപെട്ടു. മത്സരം പുരോഗമിച്ചതോടെ ഓസ്ട്രേലിയ ആക്രമണം ശക്തമാക്കി. എന്നാൽ ഇന്ത്യയുടെ പ്രതിരോധ നിര ശക്തമായി പിടിച്ചു നിന്നതിനാൽ ഗോൾ വീണില്ല‌. ഫിഫ റാങ്കിങ്ങിൽ ഇരുപത്തിയഞ്ചാം സ്ഥാനത്തുള്ള ഓസ്ട്രേലിയയെ ആദ്യ പകുതിയിൽ ഗോൾരഹിത‌ സമനിലയിൽ കുരുക്കിയതിൽ 102-ം സ്ഥാനക്കാരായ ഇന്ത്യയ്ക്ക് അഭിമാനിക്കാം.

രണ്ടാം പകുതി ആരംഭിച്ച് അഞ്ചാം മിനിറ്റിൽ കളിയിലെ ആദ്യ ഗോൾ വന്നു. കോർണർ തട്ടിയകറ്റുന്നതിൽ ഗോൾകീപ്പർ ഗുർപ്രീത് സിങ് സന്ധുവിന് സംഭവിച്ച പിഴവാണ് ഓസ്ട്രേലിയയുടെ ആദ്യ ഗോളിന് വഴിവെച്ചത്‌. ഇർവിനായിരുന്നു ഗോൾ സ്കോറർ. ഓസ്ട്രേലിയ കളിയിൽ 1-0 ന് മുന്നിൽ. ഗോൾ വന്നതോടെ ഇന്ത്യയുടെ സമ്മർദ്ദം വർധിച്ചു. കളിച്ച് മുന്നേറാൻ ശ്രമിക്കാതെ കാലിൽ വരുന്ന പന്തുകൾ അടിച്ചു ക്ലിയർ ചെയ്യുന്നതിനാണ് ഇന്ത്യ മുൻ തൂക്കം നൽകിയത്. എഴുപത്തിമൂന്നാം മിനിറ്റിൽ ഓസ്ട്രേലിയ അർഹിച്ച രണ്ടാം ഗോൾ നേടി. പകരക്കാരനായി ഇറങ്ങി തൊട്ടടുത്ത മിനിറ്റിൽ ജോർദാൻ ബോസായിരുന്നു ‌ഗോൾ നേടിയത്.

ഓസ്ട്രേലിയക്കെതിരെ കളിച്ച ഇന്ത്യയുടെ സ്റ്റാർട്ടിങ് ഇലവൻ: ഗുർപ്രീത് സിങ് സന്ധു (ഗോൾകീപ്പർ), രാഹുൽ ഭേകെ, സുഭാശിഷ് ബോസ്, സന്ദേശ് ജിങ്കൻ, സുരേഷ് സിങ് വാങ്ജം, മൻവീർ സിങ്, സുനിൽ ഛേത്രി (ക്യാപ്റ്റൻ), ലാലിൻസുവാല ചാങ്തെ, അപൂയ, നിഖിൽ പൂജാരി, ദീപക് ടാംഗ്രി.

അതേ സമയം എ എഫ് സി ഏഷ്യൻ കപ്പിൽ ഗ്രൂപ്പ് ബി യിലാണ് ഇന്ത്യ കളിക്കുന്നത്. ഓസ്ട്രേലിയക്ക് പുറമെ സിറിയ, ഉസ്ബക്കിസ്താൻ ടീമുകളാണ് ഗ്രൂപ്പിൽ ഇന്ത്യയ്ക്കൊപ്പമുള്ളത്‌. ഫിഫ റാങ്കിങിൽ അറുപത്തിയെട്ടാം സ്ഥാനത്തുള്ള ഉസ്ബക്കിസ്താനാണ് അടുത്ത കളിയിൽ ഇന്ത്യയുടെ എതിരാളികൾ‌. അടുത്ത വ്യാഴാഴ്ചയാണ് ഈ മത്സരം. അവസാന ഗ്രൂപ്പ് പോരാട്ടം സിറിയക്കെതിരെ ഈ മാസം 23 ന് നടക്കും‌. ഫിഫ റാങ്കിങ്ങിൽ 91-ം സ്ഥാനത്തുള്ള‌ ടീമാണ് സിറിയ.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version