ഡൽഹി: ഇന്ത്യക്കാർക്ക് റഷ്യയിലേക്ക് ഇ- വിസ അനുവദിച്ചു. ഓഗസ്റ്റ് ഒന്നുമുതൽ ഇന്ത്യ ഉൾപ്പടെ 52 രാജ്യങ്ങളിൽ നിന്നുള്ളവർക്കാണ് ഇ വിസ റഷ്യ അനുവദിച്ചിരിക്കുന്നത്. ഇത് പ്രകാരം റഷ്യയിലേക്ക് യാത്ര ചെയ്യാൻ സാധിക്കും. റഷ്യൻ വിദേശകാര്യ മന്ത്രാലയം ആണ് ഇതുമായി ബന്ധപ്പെട്ട വിവരം പുറത്തുവിട്ടത്.
4 ദിവസമാണ് വിസ അനുവദിക്കാനുള്ള സമയം. 146.90 ദിർഹം (ഏകദേശം 3300 രൂപ) ആണ് കോൺസുലർ ഫീസ് ആയി നൽകേണ്ടി വരുന്നത്. ടൂറിസ്റ്റ് വിസയായും, വാണിജ്യ ആവശ്യത്തിനും, ബിസിനസ് ആവശ്യങ്ങൾക്കും ആയി ഈ വിസകൾ ഉപയോഗിക്കാം.
ഒറ്റത്തവണ മാത്രം പ്രവേശന അനുമതിയുള്ള തരത്തിലാണ് വിസകൾ അനുവദിച്ച് നൽകുന്നത്. 60 ദിവസമാണ് വിസയുടെ കാലാവധി. 16 ദിവസം വരെ രാജ്യത്ത് താമസിക്കാൻ സാധിക്കുന്ന തരത്തിലാണ് വിസ അനുവദിച്ചിരിക്കുന്നത്.
റഷ്യയിലേക്ക് പുറപ്പെടും മുമ്പ് യാത്രയുടെ 72 മണിക്കൂര്‍ മുമ്പെങ്കിലും യാത്രക്കാര്‍ അവരുടെ അപേക്ഷകള്‍ സമര്‍പ്പിക്കേണ്ടതുണ്ട്. വ്യക്തമായ രീതിയിൽ ആയിരിക്കണം അപേക്ഷ സമർപ്പിക്കേണ്ടത്. ഇല്ലെങ്കിൽ ചിലപ്പോൾ യാത്രക്ക് തടസ്സം നേരിടേണ്ടി വരും.