Gulf

ഇന്ത്യക്കാരിയെ ദുബായില്‍ നിന്ന് ഒമാനിലെത്തിച്ച് വിറ്റു; കേന്ദ്ര സര്‍ക്കാരിന്റെ സഹായംതേടി സഹോദരി

Published

on

മസ്‌കറ്റ്: ഒമാനിലെ മസ്‌കറ്റില്‍ കുടുങ്ങിയ 48 കാരിയായ ഇന്ത്യന്‍ പ്രവാസിയെ രാജ്യത്തേക്ക് തിരികെ കൊണ്ടുവരാന്‍ കേന്ദ്ര സര്‍ക്കാരിന്റെ സഹായംതേടി കുടുംബം. യുഎഇയില്‍ വീട്ടുവേലക്കാരിയായി കൊണ്ടുവന്ന ശേഷം വിസ ഏജന്റ് കബളിപ്പിച്ച് ഒമാനിലെ ഒരാള്‍ക്ക് വില്‍പ്പന നടത്തിയെന്നാണ് പരാതി. മോചനത്തിനായി കഫീല്‍ (സ്പോണ്‍സര്‍) 2.5 ലക്ഷം രൂപ ആവശ്യപ്പെട്ടുവെന്നും പരാതിയില്‍ പറയുന്നു.

ഹൈദരാബാദിലെ ഗോല്‍കൊണ്ടയിലെ ജമാലി കുന്ത സ്വദേശിയായ ഫരീദ ബീഗത്തെ തിരിച്ചെത്തിക്കാന്‍ ഇവരുടെ ഇളയ സഹോദരി ഫഹ്‌മീദ ബീഗമാണ് ഇന്ത്യന്‍ വിദേശകാര്യ മന്ത്രി ഡോ. എസ് ജയശങ്കറിന്റെ സഹായം തേടിയത്. ഫഹ്‌മീദ ബീഗം കേന്ദ്രസര്‍ക്കാരിന് അയച്ച കത്ത് എംബിടി (മജ്‌ലിസ് ബചാവോ തഹ്‌രീക്) നേതാവ് അംജദുല്ലാ ഖാന്‍ ജനുവരി നാല് വ്യാഴാഴ്ച എക്‌സ് പ്ലാറ്റ്‌ഫോമില്‍ പങ്കുവച്ചു. പരാതിയിലെ കാര്യങ്ങള്‍ വിശദീകരിക്കുന്ന ഫഹ്‌മീദയുടെ വീഡിയോയും പുറത്തുവിട്ടു.

2023 നവംബറിലാണ് ഫരീദ യുഎഇയിലെ ദുബായില്‍ വീട്ടുവേലക്കാരിയായി പോയത്. ദുബായില്‍ പ്രവര്‍ത്തിക്കുന്ന ഹൈദരാബാദ് ആസ്ഥാനമായുള്ള വിസ ഏജന്റായ വനിത ഷെനാസ് ബീഗമാണ് ഇവരെ ദുബായിലേക്ക് ജോലിക്ക് കൊണ്ടുപോയത്. ഒരു മാസം ജോലി ചെയ്ത ശേഷം അനധികൃതമായി ഒമാനിലെത്തിച്ച് മറ്റൊരു തൊഴിലുടമയക്ക് മറിച്ചുവിറ്റുവെന്നാണ് പറയപ്പെടുന്നത്.

ദുബായില്‍ അറബ് വീട്ടില്‍ വേലക്കാരിയായി ജോലി ചെയ്യാന്‍ 1400 ദിര്‍ഹം (31,726 രൂപ) ശമ്പളം വാഗ്ദാനം ചെയ്തായിരുന്നു റിക്രൂട്ട്‌മെന്റ്. താമസവും ഭക്ഷണവും സൗജന്യമാണെന്നും ഉറപ്പുനല്‍കി. കുടുംബത്തിന്റെ സാമ്പത്തിക പരാധീനതകള്‍ കാരണമാണ് കടല്‍കടക്കാന്‍ തീരുമാനിച്ചത്.

ജോലിയില്‍ തൃപ്തിയില്ലെങ്കില്‍ എപ്പോള്‍ വേണമെങ്കിലും മടങ്ങിവരാമെന്ന കരാര്‍ പ്രകാരം 2023 നവംബര്‍ നാലിനാണ് ദുബായിലേക്ക് വിമാനം കയറിയത്. ദുബായില്‍ സ്വദേശിയുടെ വീട്ടില്‍ ജോലി ആരംഭിക്കുകയും ചെയ്തു. ഒരു മാസത്തിനു ശേഷം അസുഖം ബാധിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടു.

നാട്ടിലേക്ക് മടങ്ങാന്‍ ആഗ്രഹം പ്രകടിപ്പിച്ചതോടെയാണ് കാര്യങ്ങള്‍ മാറിയത്. വിസ ഏജന്റ് പാസ്‌പോര്‍ട്ട് നല്‍കാന്‍ തയ്യാറായില്ല. തിരിച്ചയക്കാമെന്ന് വാഗ്ദാനം ചെയ്ത വിസ ഏജന്റ് അവളെ ഒമാനിലെ മസ്‌കറ്റിലേക്ക് കടത്തിയെന്നും സഹോദരി വെളിപ്പെടുത്തി. വീണ്ടും അസുഖബാധിതയാവുകയും വൃക്കയില്‍ അണുബാധയുണ്ടായെന്ന് കണ്ടെത്തുകയും ചെയ്തു.

ഫരീദ ബീഗത്തെ വിട്ടയക്കാന്‍ രണ്ടര ലക്ഷം രൂപ വേണമെന്നാണ് സ്‌പോണ്‍സര്‍ ആവശ്യപ്പെടുന്നതെന്നും സഹോദരി വിശദീകരിച്ചു. ഇവരെ എത്രയും വേഗം രക്ഷപ്പെടുത്തി വീട്ടിലേക്ക് മടങ്ങാന്‍ സഹായിക്കണമെന്നും ഫഹ്‌മീദ ബീഗം അഭ്യര്‍ത്ഥിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version