ന്യൂഡൽഹി ∙ ലോകകപ്പിലെ നിരാശാജനകമായ പ്രകടനത്തെത്തുടർന്ന് ഇന്ത്യൻ പുരുഷ ഹോക്കി ടീം കോച്ച് ഗ്രഹാം റീഡ് രാജിവച്ചു. 2024 പാരിസ് ഒളിംപിക്സ് വരെ കരാർ ഉണ്ടായിരിക്കെയാണ് അൻപത്തിയെട്ടുകാരനായ റീഡ് ടീമിന്റെ ചുമതലയൊഴിഞ്ഞത്. ഹോക്കി ഇന്ത്യ പ്രസിഡന്റ് ദിലീപ് ടിർക്കിക്ക് റീഡ് രാജിക്കത്തു നൽകി. ടീമിന്റെ അനലറ്റിക്കൽ കോച്ച് ഗ്രെഗ് ക്ലാർക്ക്, ഉപദേഷ്ടാവ് മിച്ചൽ ഡേവിഡ് പെംബർട്ടൻ എന്നിവരും റീഡിനൊപ്പം ചുമതലയൊഴിഞ്ഞു.
മുൻ ഓസ്ട്രേലിയൻ താരമായ റീഡ് 2019 ഏപ്രിലിലാണ് ഇന്ത്യൻ ടീമിന്റെ പരിശീലകനായത്. 2021 ടോക്കിയോ ഒളിംപിക്സിൽ ടീമിനെ വെങ്കല മെഡൽ നേട്ടത്തിലേക്കു നയിച്ചു. 41 വർഷത്തിനു ശേഷം ഹോക്കിയിൽ ഇന്ത്യയുടെ ഒളിംപിക് മെഡൽ ആയിരുന്നു ഇത്. 2022 ബർമിങ്ങാം കോമൺവെൽത്ത് ഗെയിംസിൽ വെള്ളി നേടിയ ടീം പ്രോ ലീഗ് ഹോക്കിയിൽ മൂന്നാം സ്ഥാനത്തെത്തുകയും ചെയ്തു. എന്നാൽ വലിയ പ്രതീക്ഷയോടെ വന്ന ലോകകപ്പിൽ നിരാശാജനകമായി ടീമിന്റെ പ്രകടനം. ക്രോസ് ഓവർ റൗണ്ടിൽ ന്യൂസീലൻഡിനോട് അപ്രതീക്ഷിത തോൽവി വഴങ്ങിയ ഇന്ത്യയ്ക്ക് 9–ാം സ്ഥാനം മാത്രമാണ് നേടാനായത്. റീഡിന്റെയും സംഘത്തിന്റെയും രാജി സ്വീകരിച്ച ഹോക്കി ഇന്ത്യ പ്രസിഡന്റ് ദിലീപ് ടിർക്കി അദ്ദേഹം ഇന്ത്യൻ ഹോക്കിക്കു നൽകിയ സംഭാവനകൾക്കു നന്ദി പറഞ്ഞു. ഒരു മാസം നോട്ടിസ് പീരിയഡ് കൂടി കഴിഞ്ഞ ശേഷമേ റീഡും സംഘവും പൂർണമായി ചുമതലയൊഴിയൂ.