ഇന്ത്യയിൽ നടക്കുന്ന ടെസ്റ്റ് പരമ്പരകളിൽ സ്പിന്നർമാരുടെ പ്രകടനം വളരെ നിർണായകമാണ്. മത്സരത്തിൻെറ വിജയം നിർണയിക്കാറുള്ളത് പലപ്പോഴും അവരാണ്. ഓസ്ട്രേലിയക്കെതിരെ നടക്കാൻ പോവുന്ന ബോർഡർ – ഗാവസ്കർ ട്രോഫിയിലും സ്പിന്നർമാർ തന്നെയായിരിക്കും മത്സരഫലത്തെ സ്വാധീനിക്കുക. ഓസീസ് നിരയിൽ സ്പിന്നിനെ നന്നായി നേരിടുന്ന ബാറ്റർമാരുണ്ട്. എന്നിരുന്നാലും ഇന്ത്യൻ ബോളർമാർക്ക് പരമ്പരയിൽ വ്യക്തമായ മേൽക്കൈ ഉണ്ടാവുമെന്നത് ഉറപ്പാണ്.
പരമ്പരയിൽ ഇന്ത്യൻ താരങ്ങളിൽ നിർണായകമാവുക രവിചന്ദ്രൻ അശ്വിൻെറ ഫോം ആയിരിക്കുമെന്ന് മുൻ ഇന്ത്യൻ പരിശീലകൻ രവി ശാസ്ത്രി. അശ്വിൻെറ ഫോമിനെ ആശ്രയിച്ചായിരിക്കും പരമ്പരയുടെ ഫലം പോലും നിർണയിക്കുകയാണെന്നാണ് ശാസ്ത്രി പറയുന്നത്. ഏത് സാഹചര്യത്തിലും ലോകോത്തര ബോളറാണ് അശ്വിൻ. എന്നാൽ, ഇന്ത്യൻ പിച്ചുകളിൽ അദ്ദേഹം കൂടുതൽ അപകടകാരിയായി മാറുമെന്ന് സ്റ്റാർ സ്പോർട്സിൽ സംസാരിക്കവേ ശാസ്ത്രി പറഞ്ഞു.
“ഓസ്ട്രേലിയൻ ബാറ്റർമാരെയെല്ലാം വേട്ടയാടാൻ അശ്വിന് സാധിക്കും. അദ്ദേഹം മികച്ച ഫോമിലാണെങ്കിൽ പരമ്പരയുടെ ഫലം പോലും നിർണയിക്കാൻ കെൽപ്പുള്ള ബോളറാണ്. എന്നാൽ ഒരു കാര്യത്തിൽ മാത്രം അൽപം ശ്രദ്ധിക്കണമെന്നാണ് എനിക്ക് പറയാനുള്ളത്. ഓസ്ട്രേലിയക്കെതിരെ അമിതമായി പദ്ധതികൾ തയ്യാറാക്കരുത്. അശ്വിൻ തൻെറ സ്വാഭാവികമായ പ്രകടനം പുററത്തെടുത്താൽ തന്നെ ഓസീസ് ബാറ്റർമാർ വിയർക്കുമെന്ന് ഉറപ്പാണ്,” ശാസ്ത്രി പറഞ്ഞു.
ഇന്ത്യയുടെ പ്ലേയിങ് ഇലവനിൽ സൂര്യകുമാർ യാദവിനെ ഉൾപ്പെടുത്തണമെന്നും രവി ശാസ്ത്രി അഭിപ്രായപ്പെട്ടു. ശ്രേയസ് അയ്യർ, ഋഷഭ് പന്ത് എന്നീ രണ്ട് പ്രധാന ബാറ്റർമാർ ഇല്ലാതെയാണ് ഇന്ത്യ ഓസ്ട്രേലിയക്കെതിരെ ഇറങ്ങാൻ പോവുന്നത്. കഴിഞ്ഞ വർഷം ഇന്ത്യക്കായി ഏറ്റവും കൂടുതൽ റൺസ് സ്കോർ ചെയ്ത രണ്ട് ബാറ്റർമാരാണിവർ. ശ്രേയസിന് പകരം ഇന്ത്യ സൂര്യയെ പരിഗണിക്കാനുള്ള സാധ്യതയുണ്ട്.
അശ്വിനും ജഡേജയ്ക്കും പുറമെ മൂന്നാം സ്പിന്നറായി ഇന്ത്യ കുൽദീപ് യാദവിനെ ടീമിൽ ഉൾപ്പെടുത്തണമെന്നും ശാസ്ത്രി പറഞ്ഞു. കുൽദീപിനെ കൂടാതെ അക്സർ പട്ടേലാണ് പതിനഞ്ചംഗ ടീമിലുള്ള മറ്റൊരു സ്പിന്നർ. അക്സറും ജഡേജയും ഒരേ തരത്തിലുള്ള ബോളർമാരാണെന്നും അതിനാൽ കുൽദീപിനെ ഉൾപ്പെടുത്തുന്നതാണ് പ്ലേയിങ് ഇലവന് കൂടുതൽ കരുത്ത് പകരുകയെന്നും ശാസ്ത്രി വ്യക്തമാക്കി.
ഇതിനിടെ ഓസീസിനെതിരായ പരമ്പരയിൽ അശ്വിനെ ചില വമ്പൻ റെക്കോർഡുകൾ കാത്തിരിക്കുന്നുണ്ട്. ഓസീസിനെതിരെ 2017ലെ പരമ്പരയിൽ 4 മത്സരങ്ങളിൽ നിന്ന് 21 വിക്കറ്റുകളാണ് അശ്വിൻ വീഴ്ത്തിയത്. 2020-21 സീസണിലെ പരമ്പരയിലും വെല്ലുവിളിയായതിനാൽ ഓസീസ് കരുതലോടെയാണ് അശ്വിനെതിരെ കളിക്കുക. ഏറ്റവും വേഗത്തിൽ 450 വിക്കറ്റ് നേട്ടത്തിലെത്തുന്ന ഇന്ത്യൻ ബോളറാവാൻ അശ്വിന് ഇനി ഒരു വിക്കറ്റ് കൂടി മതി. ഇന്ത്യയിൽ ഏറ്റവും കൂടുതൽ 5 വിക്കറ്റ് നേട്ടമുള്ള ടെസ്റ്റ് ബൗളർ മുൻ നായകൻ അനിൽ കുംബ്ലെയാണ്. 24 തവണ 5 വിക്കറ്റ് നേട്ടമുള്ള അശ്വിന് ഒരു തവണ കൂടി അത് നേടാനായാൽ കുംബ്ലെയുടെ റെക്കോർഡിന് ഒപ്പമെത്താൻ സാധിക്കും. കുംബ്ലെ 25 തവണയാണ് ഇന്ത്യയിൽ 5 വിക്കറ്റ് നേട്ടം കൈവരിച്ചിട്ടുള്ളത്.