മനാമ: ബഹ്‌റൈനില്‍ അശ്ലീല വീഡിയോ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി തൊഴിലുടമയായ യുവതിയെ ബ്ലാക്ക് മെയില്‍ ചെയ്ത പ്രവാസിക്ക് തടവ് ശിക്ഷ. ഓഫിസിലെ ക്യാമറയില്‍ പതിഞ്ഞ സ്വകാര്യ വീഡിയോ ഉപയോഗിച്ച് പണംതട്ടുകയും ഇത് തുടരുകയും ചെയ്തതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് കോടതി ഉത്തരവ്. പ്രതിയായ ഏഷ്യക്കാരനെ അഞ്ച് വര്‍ഷം തടവിനും ശിക്ഷാ കാലാവധിക്ക് ശേഷം രാജ്യത്തുനിന്ന് സ്ഥിരമായി നാടുകടത്താനും ഉത്തരവിട്ടു.
പണം നല്‍കിയില്ലെങ്കില്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെ വീഡിയോ പുറത്തുവിടുമെന്ന് തൊഴിലുടമയായ യുവതിയെ പ്രതി ഭീഷണിപ്പെടുത്തിയിരുന്നതായി കോടതി കണ്ടെത്തി. 20 ലക്ഷത്തോളം രൂപ കൈപ്പറ്റിയ ശേഷവും ജീവനക്കാരന്‍ ബ്ലാക്ക്‌മെയില്‍ ചെയ്യുന്നത് തുടര്‍ന്നതായും പ്രതി കുറ്റക്കാരനാണെന്നും അന്വേഷണത്തില്‍ തെളിഞ്ഞിരുന്നു.
സല്‍പേരിനും പ്രശസ്തിക്കും ഹാനികരമാകുന്ന ദൃശ്യങ്ങള്‍ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തുകയും പണം കൈപ്പറ്റുകയും ബ്ലാക്‌മെയില്‍ ചെയ്യുന്നത് തുടരുകയും ചെയ്തുവെന്നായിരുന്നു യുവതി പരാതിപ്പെട്ടിരുന്നത്. പരാതിക്കാരിയുടെ വാദങ്ങള്‍ തെളിയിക്കുന്ന രേഖകള്‍ പ്രോസിക്യൂഷന്‍ കോടതിയില്‍ ഹാജരാക്കിയിരുന്നു.
പരാതിക്കാരിയുടെ ഉടമസ്ഥതയിലുള്ള കമ്പനിയില്‍ മുമ്പ് ജോലി ചെയ്ത പ്രവാസിയാണ് പ്രതിയെന്നും വയര്‍ഡ്, വയര്‍ലെസ് കമ്മ്യൂണിക്കേഷന്‍ ഉപകരണങ്ങള്‍ ദുരുപയോഗം ചെയ്ത് ഇരയെ മനഃപൂര്‍വം ദുരിതത്തിലാക്കിയെന്നും പ്രോസിക്യൂഷന്‍ ബോധിപ്പിച്ചു.
ഓഫീസിലെ നിരീക്ഷണ ക്യാമറകളില്‍ പതിഞ്ഞ അസഭ്യമായ ഉള്ളടക്കം അടങ്ങിയ സ്വകാര്യ വീഡിയോ ഡിലീറ്റ് ചെയ്യാന്‍ ഇരയായ യുവതി പ്രതിയോട് അഭ്യര്‍ത്ഥിച്ചിരുന്നു. എന്നാല്‍ പ്രതി വീഡിയോയുടെ പകര്‍പ്പ് കൈവശംവച്ചു. കമ്പനിയിലെ ജോലി ഉപേക്ഷിച്ച ശേഷം പ്രതി ഇരയെ ബന്ധപ്പെടുകയും റെക്കോഡ് ചെയ്ത വീഡിയോ പുറത്തുവിടാതിരിക്കാന്‍ പണം നല്‍കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.
വീഡിയോ പരസ്യമാക്കുന്നതിന്റെ അനന്തരഫലങ്ങള്‍ ഭയന്ന യുവതി പ്രതിക്ക് 9,000 ബഹ്‌റൈന്‍ ദിനാര്‍ (19,84,776 ഇന്ത്യന്‍ രൂപ) അയച്ചുകൊടുത്തു. പണം ലഭിച്ചിട്ടും പ്രതി ഇരയെ ബ്ലാക്ക് മെയില്‍ ചെയ്യുന്നത് തുടര്‍ന്നു. ഒടുവില്‍ മറ്റൊരു മാര്‍ഗവുമില്ലാതെ വന്നതോടെയാണ് യുവതി വിഷയം അധികാരികളെ അറിയിക്കാന്‍ തീരുമാനിച്ചത്.