Gulf

യുഎഇയിൽ തൊഴില്‍ നഷ്ട ഇന്‍ഷുറന്‍സ് പദ്ധതിയില്‍ ചേരാത്തവരുടെ വർക്ക്പെർമിറ്റ് പുതുക്കി നൽകില്ല

Published

on

അബുദബി: യുഎഇ ഭരണകൂടം പ്രഖ്യാപിച്ച തൊഴില്‍ നഷ്ട ഇന്‍ഷുറന്‍സ് പദ്ധതിയില്‍ ഇതുവരെ അഞ്ച് ദശലക്ഷത്തിലധികം ആളുകള്‍ അംഗമായതായി മാനവ വിഭവ ശേഷി സ്വദേശിവല്‍ക്കരണ മന്ത്രാലയം. പദ്ധതിയില്‍ ചേരാത്തവരുടെ വര്‍ക്ക് പെര്‍മിറ്റ് പുതുക്കി നല്‍കില്ലെന്ന് മന്ത്രാലയം അറിയിച്ചു. ഒക്ടോബര്‍ ഒന്ന് വരെയാണ് പദ്ധതിയുടെ ഭാഗമാകാന്‍ തൊഴിലാളികള്‍ക്ക് നല്‍കിയിരിക്കുന്ന സമയ പരിധി.

യുഎഇയില്‍ തൊഴില്‍ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് തൊഴില്‍ നഷ്ട ഇന്‍ഷുറന്‍സ് പദ്ധതി മാനവ വിഭവശേഷി സ്വദേശി വല്‍ക്കരണ മന്ത്രാലയം പ്രഖ്യാപിച്ചത്. ഒക്ടോബര്‍ ഒന്നിന് ശേഷം പദ്ധതിയുടെ ഭാഗമാകാത്തവരില്‍ നിന്ന് നാനൂറ് ദിര്‍ഹം പിഴ ഈടാക്കും. പദ്ധതിയില്‍ അംഗമായ ശേഷം തുടര്‍ച്ചയായി മൂന്ന് മാസം വിഹിതം അടക്കുന്നതില്‍ വീഴ്ച വരുത്തിയാലും അംഗത്വം റദ്ദാക്കപ്പെടും. ഇതിന് പുറമെ ഇരുന്നൂറ് ദിര്‍ഹം പിഴയും അടക്കേണ്ടി വരും.

മുഴുവന്‍ പിഴ തുകയും അടച്ച് തൊഴില്‍ നഷ്ട ഇന്‍ഷുറന്‍സ് പദ്ധതിയില്‍ അംഗമാകാത്തവരുടെ വര്‍ക്ക് പെര്‍മിറ്റ് പുതുക്കി നല്‍കില്ലെന്ന് മാനവ വിഭവ ശേഷി സ്വദേശി വല്‍ക്കരണ മന്ത്രാലയം വ്യക്തമാക്കി. നിശ്ചിത കാലയളവിനുളളില്‍ പിഴ അടക്കാത്തവരുടെ ശമ്പളത്തില്‍ നിന്നോ മറ്റ് ആനുകൂല്യങ്ങളില്‍ നിന്നോ തുക ഈടാക്കുമെന്നും മന്ത്രാലയം അറിയിച്ചു. യുഎഇ ഭരണകൂടം പ്രഖ്യാപിച്ച തൊഴില്‍ നഷ്ട ഇന്‍ഷുറന്‍സ് പദ്ധതിക്ക് തുടക്കം മുതല്‍ മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. അഞ്ച് ദശലക്ഷം ആളുകള്‍ ഇതിനകം പദ്ധതിയില്‍ അംഗമായി കഴിഞ്ഞു.

ജോലി നഷ്ടപ്പെടുന്നവര്‍ക്ക് അടിസ്ഥാന ശമ്പളത്തിന്റെ അറുപത് ശതമാനം തുക മൂന്ന് മാസത്തേക്ക് നല്‍കുന്നതാണ് പദ്ധതി. യുഎഇയില്‍ സ്വകാര്യ മേഖലയിലും സര്‍ക്കാര്‍ മേഖലയിലും ജോലി ചെയ്യുന്ന എല്ലാവരും നിര്‍ബന്ധമായും പോളിസി എടുക്കണമെന്നാണ് നിയമം. 16,000 ദിര്‍ഹത്തില്‍ കുറവ് ശമ്പളമുള്ളവര്‍ക്ക് 5 ദിര്‍ഹവും അതില്‍ കൂടുതല്‍ ശമ്പളം ഉള്ളവര്‍ക്ക് 10 ദിര്‍ഹവുമാണ് പ്രതിമാസ പ്രീമിയം തുക.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version